Begin typing your search above and press return to search.
proflie-avatar
Login

മറക്കരുത്, ചരിത്രം

secularism
cancel

അൽപം മാറിനിന്ന് നോക്കിയാൽ നിസ്വാർഥരായ മനുഷ്യരു​ടെ കൂട്ടം; രാജ്യസേവകർ, സ്വയം സന്നദ്ധർ; കുടുംബജീവിതംപോലും ഒഴിവാക്കി ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നവർ; നന്മയുള്ളവർ; അധികാര മോഹികളല്ലാത്തവരുടെ സംഘം എന്നിങ്ങനെയാണ്, ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ട രാജ്യത്തെ പ്രബല സംഘടന സ്വയം നൽകുന്നതോ, സൃഷ്ടിച്ചെടുത്തതോ ആയ പ്രതിച്ഛായ. എന്നാൽ, ലോകത്തുതന്നെ ഏറ്റവും വലിയ ഫാഷിസ്റ്റ് സംഘടനയായി ​അതെങ്ങനെ മാറിയെന്ന് പഠിക്കേണ്ടതുണ്ട്. അതെങ്ങനെ അധികാരം കൈയടക്കി എന്നത് സൂക്ഷ്മമായി പഠനവിധേയമാക്കേണ്ടതുമുണ്ട്.

ഇന്ത്യയെപ്പോലെ വിശാലമായ, അതിവിപുലമായ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഭൂരിപക്ഷ മതത്തിൽ കേന്ദ്രീകരിച്ച്, കൃത്യമായി പദ്ധതികൾ ഒരുക്കിയാൽ, ഒരു സംഘടനക്ക് അധികാരം കൈപ്പിടിയിൽ ഒതുക്കാനാവുമെന്ന് ആരും ആരെയും പഠിപ്പിക്കേണ്ടതില്ല. പക്ഷേ, മതേതര അടിത്തറയിൽ കെട്ടിപ്പടുത്ത, മതേതരത്വവും ജനാധിപത്യവും ജീവവായുവായ ഒരു രാജ്യത്തിന്റെ അന്തരീക്ഷത്തിൽ അത് എളുപ്പവുമായിരുന്നില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ നന്നായി ‘അധ്വാനി’ച്ചു തന്നെ ഹിന്ദുത്വവാദികളുടെ കൂട്ടം അധികാരം കൈപ്പിടിയിൽ ഒതുക്കി. അവരതിന് അവരുടെ ആചാര്യർ നിഷ്‍കർഷിച്ചതുപോലെ ‘ആഭ്യന്തര ശ​ത്രു’ക്കൾക്കെതിരെ ഒന്നൊന്നായി തിരിഞ്ഞു. അപരമത വിദ്വേഷം പടർത്തി, സാധ്യമാകുന്ന എല്ലാ വഴിയിലും വർഗീയ ധ്രുവീകരണം സൃഷ്ടിച്ചു, ബോധപൂർവംതന്നെ സംഘർഷങ്ങളും അക്രമങ്ങളും നടപ്പാക്കി, പ്രചാരവേലക്കാർ 24 മണിക്കൂറും പണിയെടുത്തു, അധികാര സ്ഥാനങ്ങളിലേക്ക് ഏത് വിധേനയും കടന്നുകയറി, പിളർപ്പുകൾ സൃഷ്ടിച്ചു, സോഷ്യലിസ്റ്റുകളുടെയും മറ്റും ചെലവിൽ ന്യായയുക്ത സ്വന്തമാക്കി, അങ്ങനെ അധികാരമില്ലാത്തപ്പോഴും അധികാരികളായി. സ്വയം ഭരണകൂടമായി.

ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടനക്ക് വേണ്ടത് എല്ലാം അവർ സ്വരുക്കൂട്ടി. ദുരൂഹമായ, സുതാര്യതയില്ലാത്ത സംഘടനാക്രമം, നേതാവിൽ കേ​​ന്ദ്രീകരിച്ച അധികാരം, ആയോധന പരി​ശീലനം, ഭൂരിപക്ഷ മത സ്ഥാപനങ്ങൾ പലവിധത്തിൽ കൈയടക്കലും നിയന്ത്രിക്കലും. ഏതൊരു ജനകീയ എതിർപ്പിനെയും തല്ലിക്കെടുത്താൻ ‘ഗോ സംരക്ഷകർ’ പോലുള്ള ഗുണ്ടാസംഘങ്ങൾ വേറെ... ബഹുജനങ്ങളെ അണിനിരത്താൻ വിവിധ സംഘടനാരൂപങ്ങൾ, മതമാറ്റം തടയാൻ ഘർവാപസികൾ, നിർത്താതെ വിഷം വമിപ്പിക്കുന്ന നുണ ഫാക്ടറികൾ എന്നിങ്ങനെ പലവിധത്തിൽ മൊത്തം ജനതയെയും വരിഞ്ഞുമുറുക്കൽ. സ്തുതിപാഠകരായി മാധ്യമങ്ങൾ, സാമ്പത്തിക സഹായം നൽകാൻ അവർതന്നെ ചെല്ലും ചെലവും കൊടുത്തുവളർത്തിയ ബിസിനസ് ഭീമർ, ആൾദൈവങ്ങൾ... ഒട്ടും ലളിതമല്ല കാര്യങ്ങൾ. അവർ അവരുടെ ലക്ഷ്യത്തിൽ ഇപ്പോഴും എത്തിയിട്ടില്ല. ഹിന്ദുരാഷ്ട്ര രൂപവത്കരണം പൂർണമായിട്ടില്ല. നിയമങ്ങളും ഭരണഘടനയുമെല്ലാം മാറ്റിയെഴുതി അവർ ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

രാജ്യം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറയിൽ പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ തുടങ്ങേണ്ടത് ചരിത്രത്തിൽനിന്നാണ്. ചരിത്രം പഠിക്കുക. അവർ തിരുത്തിയെഴുതിയതും തിരുത്തിക്കൊണ്ടിരിക്കുന്നതുമായ ചരിത്രങ്ങളിൽനിന്ന് യഥാർഥ ചരിത്രം പുനർരചിക്കുക. ചരിത്രത്തെക്കുറിച്ച ബോധ്യമാണ് കാഴ്ചയും നിലപാടും കൂടുതൽ ദൃഢമാക്കുക. എല്ലാവരും സമാധാനത്തോടെ, തുല്യതയോടെ, അപരമത വിദ്വേഷമില്ലാ​െത, ഭക്ഷണത്തി​ന്റെയും വേഷത്തിന്റെയും പേരിൽ ആക്രമിക്കപ്പെടാത്ത ഒരിടമായി രാജ്യം പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ നമ്മൾ ഫാഷിസത്തിന്റെ ചരിത്രം പഠിച്ചേ മതിയാകൂ. അതിനുള്ള ചെറിയ ശ്രമമാണ് ഈ ലക്കം.


Show More expand_more
News Summary - 100 years of Hindutva