പൗരത്വം

പൗരനും പൗരത്വവും ഒരു കൊളോണിയൽകാല സംജ്ഞയാണ്. ‘പ്രജകൾ’ എന്നതാവും അന്നത്തെ പ്രയോഗം. അക്കാലം മുതൽ ‘പൗരത്വം’ എന്നത് ഇടക്കിടെ എടുത്തു വീശുന്ന വാളു കൂടിയാണ്. നീ ഇൗ നാട്ടുകാരനല്ല, വരത്തനാണ് എന്നും രണ്ടാംതരക്കാരനാണ് എന്നും നിശ്ശബ്ദനായിരിക്കൂ എന്നും ബോധിപ്പിക്കാൻ ഏറ്റവും നല്ല ടൂളാണത്. മോദിയുടെ കീഴിൽ ഹിന്ദുത്വ അധികാരത്തിൽ വന്നശേഷം ‘പൗരത്വ’മാണ് ഏറ്റവും വലിയ ചട്ടുകം. ധ്രുവീകരണത്തിനും വംശഹത്യക്കും അത് ഏറ്റവും നല്ല സൂത്രവാക്യമാണെന്ന് ആരും ഫാഷിസത്തിന് പറഞ്ഞുകൊടുക്കേണ്ടതില്ല. സി.എ.എക്ക് എതിരെ വലിയ പ്രക്ഷോഭം നടന്ന നാടാണ് ഇന്ത്യ. അപ്പോൾ അൽപം ഒന്നടങ്ങിയ ഭരണവർഗം ഇേപ്പാൾ വീണ്ടും ‘പൗരത്വ’വുമായി ഇറങ്ങിയിട്ടുണ്ട്. ബിഹാറിലും അസമിലും അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുകയാണ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബിഹാറിൽ ജൂൺ 24ന് തുടങ്ങിെവച്ച തീവ്ര വോട്ടർപ്പട്ടിക പരിശോധനയാണ് ‘പൗരത്വ’ത്തെ വീണ്ടും പ്രധാന വിഷയമായി കൊണ്ടുവന്നത്. ബിഹാറിലെ ഓരോ വോട്ടറും ഇന്ത്യൻ പൗരനാണെന്നതിന്റെ അടിസ്ഥാന പ്രമാണമായി തെരഞ്ഞെടുപ്പ് കമീഷൻ ആധാരമാക്കിയിരിക്കുന്നത് 2003ലെ വോട്ടർപ്പട്ടികയാണ്. അതല്ലാത്തവർ പൗരത്വം തെളിയിക്കണം. വരുന്ന നവംബറിനകം ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കണം. എട്ടു കോടിയിൽപരം വോട്ടർമാരുള്ള സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിവെച്ച പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ), ഏതാണ്ട് 3-4 കോടിക്കടുത്ത് സമ്മതിദായകരുടെ വോട്ടവകാശം നഷ്ടപ്പെട്ടേക്കുമെന്നാണ് വിമർശനം. കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ മുൻ ഉത്തരവിൽ അയവു വരുത്തി. കാലാവധി നീട്ടാമെന്നും തൽക്കാലം ഫോം പൂരിപ്പിച്ചുനൽകി, രേഖകൾ പിന്നീട് പരിശോധന സമയത്ത് സമർപ്പിക്കാം എന്നൊക്കെ വിട്ടുവീഴ്ചകൾക്ക് സന്നദ്ധമായി.
അസമും പൗരത്വവിഷയത്തിൽ കലുഷിതമാണ്. കൈയേറ്റക്കാരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും മുദ്രകുത്തി ആയിരക്കണക്കിന് മുസ്ലിംകളെ സ്വഗ്രാമങ്ങളിൽനിന്ന് ആട്ടിപ്പായിച്ചുകൊണ്ടിരിക്കുകയാണ് അസമിലെ ഹിമന്ത സർക്കാർ. ഒരു മാസത്തിനിടെ, സംസ്ഥാനത്ത് നാലായിരത്തിലധികം വീടുകൾ തകർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീടുകൾക്കു പുറമെ, മദ്റസകളും പള്ളികളും ഈദ്ഗാഹുകളുമെല്ലാം തകർത്തു. അനധികൃത കുടിയേറ്റമൊഴിപ്പിക്കൽ എന്നാണ് ഇൗ ‘ദൗത്യ’ത്തിന്റെ പേര്. ഹിമന്തയുടെ ബുൾഡോസർ പ്രയോഗത്തിൽ ചകിതരാണ് സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾ. ജൂലൈ എട്ടിന് ധുബ്രിയിൽ നടന്ന സ്പെഷൽ ഓപറേഷനിൽ ആട്ടിയോടിക്കപ്പെട്ടത് രണ്ടായിരത്തിന് മുകളിൽ കുടുംബങ്ങളാണ്.
പൗരത്വ നിയമ ഭേദഗതിക്ക് മുമ്പുതന്നെ, ന്യൂനപക്ഷങ്ങളുടെ പൗരത്വം വലിയ സമസ്യയായി നിലനിൽക്കുന്ന സംസ്ഥാനംകൂടിയാണ് അസം. പൗരത്വ പട്ടികയുടെ (നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് –എൻ.ആർ.സി) കുരുക്കിൽപെട്ട് ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. 2018 ജൂലൈ 30ന് പുറത്തിറക്കിയ രണ്ടാമത്തെ എൻ.ആർ.സിയിൽ 40 ലക്ഷം പേരെയാണ് ‘അനധികൃത’ കുടിയേറ്റക്കാരായി ചിത്രീകരിച്ചത്. തൊട്ടടുത്ത വർഷം അപ്പീലുകൾകൂടി പരിഗണിച്ച് പട്ടിക പുതുക്കിയപ്പോഴും 20 ലക്ഷത്തോളം പേർ പുറത്തായി. ഇവർ തങ്ങളുടെ പൗരത്വം തെളിയിക്കാനായി ഫോറിൻ ട്രൈബ്യൂണലും മറ്റു കോടതികളും കയറിയിറങ്ങി മരണംവരെ നിയമവ്യവഹാരങ്ങളിലേർപ്പെടേണ്ടിവരും.
വൈകാതെ, 2002ലെ പട്ടികക്ക് പുറത്തുള്ളവർ കേരളത്തിലും പൗരത്വം തെളിയിക്കേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. അതായത് ‘പൗരത്വം’ എന്ന വിഷയം നമ്മുടെയും തൊട്ടടുത്തുണ്ട്. അത് ‘പാകിസ്താനിലേക്ക് േപാകൂ’ എന്നതിന്റെ രാഷ്ട്രീയരൂപമായി മാറാൻ പോകുന്നുവെന്ന് ചുരുക്കം. ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണിത്. രാജ്യം അതിപ്പോൾ ആവശ്യപ്പെടുന്നുണ്ട്.