ക്രൈസ്തവ വേട്ട

ഒരു രാജ്യം അതിന്റെ ആദർശാത്മകമായ രാഷ്ട്രീയ/രാഷ്ട്ര മൂല്യങ്ങളിൽനിന്ന് വ്യതിചലിച്ചാൽ പിന്നെ എന്തും നടക്കും. നീതി അന്യമാകും, നിയമം നോക്കുകുത്തിയാകും, ഗുണ്ടാസംഘങ്ങൾ അധികാരം കൈയാളും, എല്ലാം പിന്നെ കെട്ടവ്യവസ്ഥയെ പിന്തുണക്കും. മതേതരത്വം, ജനാധിപത്യം എന്ന വലിയ ധാരണകൾക്ക് മുകളിൽ കെട്ടിപ്പടുത്തതാണ് ഇന്ത്യയെന്ന സങ്കൽപം. അതിന് ഒാരോ നിമിഷവും തിരിച്ചടി നേരിടുന്നതായാണ് വർത്തമാനകാലത്തെ ഒാരോ സംഭവവും നമ്മെ ഒാർമപ്പെടുത്തുന്നത്.
ജൂലൈ 26ന് റെയിൽവേ പൊലീസ് മൂന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവും മൂല്യങ്ങൾ നഷ്ടപ്പെട്ട രാജ്യത്തിന്റെ ചലനഗതിയെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തിസ്ഗഢിലെ ദുർഗ് െറയിൽവേ സ്റ്റേഷനിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗങ്ങളായ ഈ കന്യാസ്ത്രീകൾക്കുമേൽ ചുമത്തിയത് മനുഷ്യക്കടത്ത്, നിർബന്ധ മതപരിവർത്തനം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ്. ഭാരതീയ ന്യായസംഹിത 143ാം വകുപ്പ് അനുസരിച്ച് മനുഷ്യക്കടത്ത് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു.
നാരായൺപുർ ജില്ലയിൽ നിന്നുള്ള മൂന്നു ആദിവാസി യുവതികളെ ആഗ്രയിലെ കോൺെവന്റിലേക്ക് ഗാർഹിക ജോലിക്കായി കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റ് എന്ന് ഛത്തിസ്ഗഢിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാരായൺപുരുകാരനായ സുഖ്മാൻ മാണ്ഡവി എന്നയാളുടെ കൂടെ റെയിൽവേ സ്റ്റേഷനിലെത്തിയ യുവതികളോട് ടിക്കറ്റ് പരിശോധകൻ കാര്യം അന്വേഷിച്ചപ്പോൾ കന്യാസ്ത്രീകളുടെ സഹയാത്രികരാണ് എന്ന മറുപടി കിട്ടി. പരിശോധകൻ ഉടനെ ബജ്റംഗ് ദൾ പ്രവർത്തകരെ വിവരമറിയിച്ചു. അവർ സംഘടിച്ചു സ്റ്റേഷനിലെത്തി. അറസ്റ്റ് ദുരുപദിഷ്ടവും കേസ് കെട്ടിച്ചമച്ചതുമാണെന്ന് പിന്നീടുണ്ടായ എല്ലാ സംഭവവികാസങ്ങളും വ്യക്തമാക്കി. കുറേ വർഷങ്ങളായി ഇന്ത്യയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടന്നുവരുന്ന ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ ഭാഗമായിരുന്നു ഇതും. ഗുജറാത്ത്, ഒഡിഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ എക്കാലത്തും സംഘ്പരിവാർ സംഘടനകളുടെ ഇരകളാണ് ക്രൈസ്തവർ. ഒഡിഷയിൽ ഗ്രഹാംസ്റ്റെയിൻസിനെയും പിഞ്ചുമക്കളെയും വാഹനത്തിലിട്ട് ചുട്ടുകൊന്നത്, കണ്ഡമാലിൽ നടത്തിയ വംശഹത്യ ആക്രമണം ഇവ ഇതിൽ ചിലതുമാത്രം. ഗുജറാത്തിലെ ഡാംഗ്സിൽ ചർച്ചുകൾ നശിപ്പിച്ചതും ക്രൈസ്തവ സന്യാസം സ്വീകരിച്ചവരെ പീഡിപ്പിച്ചതും മറക്കാറായിട്ടില്ല. ന്യൂനപക്ഷങ്ങൾക്കുനേരെ രാജ്യത്തെമ്പാടും നടന്നുവരുന്ന ഹിന്ദുത്വ, ഭരണകൂട അതിക്രമങ്ങൾക്ക് എപ്പോഴും ഒരു ന്യായം കണ്ടെത്തും. ഒന്നുകിൽ ഭക്ഷണം, വസ്ത്രം അല്ലെങ്കിൽ മറ്റെന്തും ആക്രമണത്തിന് ‘കാരണ’മാകും.
ഇന്ത്യയിൽ മതവിശ്വാസം പുലർത്താനും പ്രചരിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗം മാത്രമല്ല മതേതരത്വം അനുവദിക്കുന്ന ജീവിതപദ്ധതി കൂടിയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ തങ്ങളുടെ വിശ്വാസം പുലർത്തുന്നതും ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതും ഹിന്ദുത്വ സംഘടനകൾക്ക് ഒട്ടും ദഹിക്കാറില്ല. അതിന്റെ തുടർച്ചയായി വേണം കന്യാസ്ത്രീ വേട്ടയെയും കാണാൻ.
കന്യാസ്ത്രീ വിഷയത്തിൽ കേരള എം.പിമാർ ഒന്നിച്ച് ഇടപെട്ടത് നല്ല സൂചനയാണ്. കേരളത്തിൽ സംഘ്പരിവാർ ഒഴികെയുള്ള എല്ലാ സംഘടനകളും കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിനെ അപലപിക്കുകയും മോചനത്തിന് കേന്ദ്ര-ഛത്തിസ്ഗഢ് സർക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള ഇൗ ശ്രമങ്ങളിൽ തന്നെയാണ് പ്രതീക്ഷ. ബജ്റംഗ് ദൾ പോലുള്ള തീവ്ര ഫാഷിസ്റ്റ് ആൾക്കൂട്ട സംഘങ്ങളെ നിലക്കുനിർത്തേണ്ടതിലേക്കു കൂടി െഎക്യവും പൊതുധാരണയും വളരേണ്ടതുണ്ട്. ഫാഷിസ്റ്റ് കാലത്ത് ആരാണ് യഥാർഥ ചങ്ങാതിമാർ, ആരാണ് ശത്രുക്കൾ എന്ന് എല്ലാ ക്രൈസ്തവരും അവരുടെ സംഘടനകളും ചിന്തിക്കുകയെങ്കിലും വേണം.