Begin typing your search above and press return to search.
proflie-avatar
Login

സകിയ ജാഫരി

zakia jafri 8097897
cancel

രാജ്യത്തി​ന്റെ മാത്രമല്ല, രാജ്യാന്തര മനുഷ്യാവകാശ പോരാട്ട ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലയായ പോരാളി സകിയ ജാഫരി വിടപറഞ്ഞിരിക്കുന്നു. മനസ്സാക്ഷിയുള്ളവരിൽ അവരുടെ വിടവാങ്ങൽ വേദനയാണ്​ ഉണർത്തുക. അല്ലാത്തവരു​ടെ കാര്യം ഉൗഹിക്കാവുന്നതേയുള്ളൂ. അവർ ആരാണെന്നും പറയേണ്ടതില്ല.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ഭീകരർ ചുട്ടുകൊന്ന ഇഹ്സാൻ ജാഫരിയുടെ വിധവയാണ്​ സകിയ ജാഫരി. ഫെബ്രുവരി ഒന്നിന്​ അന്തരിക്കു​േമ്പാൾ അവർക്ക്​ വയസ്സ് ​ 86. പക്ഷേ, കഴിഞ്ഞ 23 വർഷം അവർ വിശ്രമമില്ലാതെ നീതിക്കായി പോരാടി. കുറ്റവാളികൾ ശിക്ഷിക്കപ്പെടാനായി നീതിപീഠങ്ങൾക്ക്​ മുന്നിൽ ധീരയായി, അചഞ്ചലായി കടന്നുചെന്ന്​ സാക്ഷ്യം പറഞ്ഞു. താൻ കണ്ട കാര്യങ്ങൾ വിളിച്ചു പറഞ്ഞു. ഗുജറാത്ത്​ വംശഹത്യക്കിടെ അ​ഹ്മ​ദാ​ബാ​ദി​ലെ ഗു​ൽ​ബ​ർ​ഗ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​ഹ്സാ​ൻ ജാ​ഫ​രി​ ഉൾ​പ്പെ​ടെ 69 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇഹ്സാൻ ജാഫരി ജനകീയ നേതാവും കോൺഗ്രസ് എം.പിയുമായിരുന്നു. അക്രമികളിൽനിന്ന് സംരക്ഷണം തേടി അദ്ദേഹം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കം പലരെയും വിളിച്ചെങ്കിലും ഭരണകൂടം ചലിച്ചില്ല.

കൺമുന്നിൽ കണ്ട കൂട്ടക്കൊലക്ക് ഭരണകൂടം ഒത്താശ ചെയ്തതായി ബോധ്യപ്പെട്ട സകിയ ജാഫരിക്ക്​ നിശ്ശബ്​ദയായിരിക്കാൻ കഴിയുമായിരുന്നില്ല. ‘‘എന്നിൽ ജീവശ്വാസം നിലനിൽക്കുവോളം കാലം ഞാൻ പൊരുതുകതന്നെ ചെയ്യും’’ എന്ന്​ അവർ ആവർത്തിച്ചു പറഞ്ഞു. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല ശരിയായി അന്വേഷിക്കപ്പെടാതെ പോകുന്നു എന്നു കണ്ടപ്പോഴാണ് 2006ൽ സകിയ ജാഫരി നിയമയുദ്ധത്തിനിറങ്ങിയത്​. നരേന്ദ്ര മോദി അടക്കമുള്ളവരുടെ കേസിലെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. 2008ൽ ​ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഗു​ൽ​ബ​ർ​ഗ് സൊ​സൈ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​മ്പ​ത് കേ​സു​ക​ളി​ൽ പു​ന​ര​ന്വേ​ഷ​ണ​മായിരുന്നു ആവശ്യം. ഇൗ പോരാട്ടത്തിൽ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതിക്ക് ഉത്തരവിടേണ്ടിവന്നു. എന്നാൽ, കോടതി നിയോഗിച്ച അന്വേഷണസംഘം മോദി അടക്കമുള്ളവരെ കുറ്റമുക്തരാക്കുന്ന റിപ്പോർട്ടാണ് 2012ൽ സമർപ്പിച്ചത്. ഇതിനെ സകിയ കോടതിയിൽ വീണ്ടും ചോദ്യം ചെയ്തു; കീഴ്കോടതി പരാതി തള്ളി. സകിയ തളർന്നില്ല. 2014ൽ അവർ ഗുജറാത്ത് ഹൈകോടതിയിൽ അപ്പീൽ നൽകി. മോദിക്കും കലാപത്തില്‍ പങ്കുള്ള മറ്റു 58 പേര്‍ക്കുമെതിരെ ക്രിമിനല്‍ വിചാരണ വേണമെന്നായിരുന്നു ആവശ്യം. മൂന്നു വർഷങ്ങൾക്കുശേഷം ഹൈകോടതിയും അപ്പീൽ തള്ളി. 2015ൽ സകിയ സുപ്രീംകോടതിയിലെത്തി. 2022 ജൂ​ൺ 24ന്, ​സു​പ്രീം​കോ​ട​തി അ​പ്പീ​ൽ ത​ള്ളു​ക​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി ശ​രി​വെ​ക്കു​ക​യും ചെ​യ്തുവെന്നത്​ മറ്റൊരു കാര്യം.

സകിയക്ക് പിന്തുണ നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് അടക്കമുള്ളവര്‍ മോദിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ ശേഖരിച്ചിരുന്നു. ഗോധ്ര കൂട്ടക്കൊലയുടെ അമര്‍ഷം തീര്‍ക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടി​ന്റെ വെളിപ്പെടുത്തലും പ്രധാനമായി. സകിയക്ക് നിയമസഹായം നൽകിയ ടീസ്റ്റ സെറ്റൽവാദിനെതിരെ സുപ്രീംകോടതി നടത്തിയ പരാമർശവും അതിന്റെ ബലത്തിൽ അധികാരികൾ നടത്തിയ വേട്ടയും ആരും മറന്നുകാണില്ല.

ഭരണപക്ഷം മാത്രമല്ല, കോൺഗ്രസും ഈ പോരാട്ടത്തിൽ സകിയയെ ഒറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഉന്നത നേതാവായിരുന്നു ഇഹ്സാൻ ജാഫരി. അതിനാൽ തന്നെ അദ്ദേഹത്തെയും മറ്റനേകം പേരെയും കൂട്ടക്കൊല ചെയ്ത കുറ്റകൃത്യം ശിക്ഷിക്കപ്പെടുക പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യമാകേണ്ടതായിരുന്നു.

സകിയ ജാഫരിയുടെ പോരാട്ടം അവർക്ക്​ വേണ്ടിയായിരുന്നില്ല. ഏതെങ്കിലും ഒരു വ്യക്തിക്കോ സമുദായത്തിനോ വേണ്ടിയായിരുന്നില്ല. വംശഹത്യയിലെ ഏറ്റവും ദാരുണമായ കൂട്ടക്കൊലക്ക് ഉത്തരവാദികളായവർക്കെതിരെ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകിട്ടുക ഒരു വ്യക്തിയുടെ താൽപര്യമല്ലല്ലോ. അത്​ രാജ്യത്തി​ന്റെയും നിയമവാഴ്​ചയുടെയും നീതിയുടെയും പ്രശ്​നമാണ്​. അതിനാൽതന്നെ സകിയ ജാഫരിയുടെ പോരാട്ടം ഭരണഘടന​ക്ക്​ വേണ്ടികൂടിയായിരുന്നു.

ഒറ്റ​ക്ക്​ പോരാടിയ ധീരയായ സകിയ ജാഫരിക്ക്​ അഭിവാദ്യങ്ങൾ. നീതി ഒരുനാൾ പുലരുകതന്നെ ചെയ്യും.

l

Show More expand_more
News Summary - zakia jafri