ജൊഹാനസ്ബർഗിലെ ബുദ്ധൻ

നോവലിസ്റ്റും എഴുത്തുകാരനുമായ സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ദക്ഷിണാഫ്രിക്കൻ യാത്ര തുടങ്ങുന്നു. ആഫ്രിക്കയുടെ എഴുത്തിന്റെയും സംസ്കാരത്തിന്റെയും ഭൂമികയിലൂടെയാണ് ഇൗ സഞ്ചാരം. 1. മാരിവില്ലിൻ പൂമരങ്ങൾ ഒരു പുസ്തകത്തിനും ഉൾക്കൊള്ളാൻ കഴിയാത്ത അത്ഭുതങ്ങളുടെ മായികലോകമാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ രാത്രിയിൽ വന്നിറങ്ങുമ്പോൾത്തന്നെ ഒരു വലിയ ജലരാശിയെ വലംവെച്ചു വിടരുന്ന ചിറ്റോളങ്ങൾപോലെ, ഏതോ ഒരു ക്രിസ്മസ് രാത്രിയിലെന്നോണം ഒരായിരം വർണവിളക്കുകൾ തെളിയിച്ച് അതിന്റെ മാസ്മരികതയിൽ നഗരം എന്നെ കീഴടക്കിക്കളഞ്ഞിരുന്നു. നേരേപോകുന്ന വഴിത്താരകളല്ല, ഒരു മലയിറങ്ങിവരും പോലെ...
Your Subscription Supports Independent Journalism
View Plansനോവലിസ്റ്റും എഴുത്തുകാരനുമായ സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ദക്ഷിണാഫ്രിക്കൻ യാത്ര തുടങ്ങുന്നു. ആഫ്രിക്കയുടെ എഴുത്തിന്റെയും സംസ്കാരത്തിന്റെയും ഭൂമികയിലൂടെയാണ് ഇൗ സഞ്ചാരം.
1. മാരിവില്ലിൻ പൂമരങ്ങൾ
ഒരു പുസ്തകത്തിനും ഉൾക്കൊള്ളാൻ കഴിയാത്ത അത്ഭുതങ്ങളുടെ മായികലോകമാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ രാത്രിയിൽ വന്നിറങ്ങുമ്പോൾത്തന്നെ ഒരു വലിയ ജലരാശിയെ വലംവെച്ചു വിടരുന്ന ചിറ്റോളങ്ങൾപോലെ, ഏതോ ഒരു ക്രിസ്മസ് രാത്രിയിലെന്നോണം ഒരായിരം വർണവിളക്കുകൾ തെളിയിച്ച് അതിന്റെ മാസ്മരികതയിൽ നഗരം എന്നെ കീഴടക്കിക്കളഞ്ഞിരുന്നു. നേരേപോകുന്ന വഴിത്താരകളല്ല, ഒരു മലയിറങ്ങിവരും പോലെ നഗരത്തെ പ്രദക്ഷിണംചെയ്തു നീങ്ങുന്ന, ഓരോ വലംവെക്കലിലും വർണക്കാഴ്ചകളുടെ ആവർത്തനങ്ങളാകുന്ന രാത്രിയുടെ മഴവില്ലുകൾ.
മഹാനഗരങ്ങൾക്ക് രാത്രിയിൽ ആത്മാവുണ്ടെന്ന് എഴുതിവെച്ചത് മലയാളത്തിന്റെ മഹാനായ ആ എഴുത്തുകാരനാണ്. എന്നാൽ, ഈ നാടിനെ ‘മഴവിൽ രാജ്യം’ (The rainbow nation) എന്നു വിശേഷിപ്പിച്ചത് ആദരണീയനായ ആർച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവാണ്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ നൈതിക കലാപകാരിയായ കറുത്ത ആംഗ്ലിക്കൻ പുരോഹിതൻ! അപാർതൈറ്റ് കാലത്തിൽനിന്നുള്ള വിടുതലിനെ ഓർമിപ്പിച്ചുകൊണ്ട് 1990ലാണ് ടുട്ടു തന്റെ രാജ്യത്തെ അപ്രകാരം വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ വൈവിധ്യമാർന്നതും ബഹുവിധവുമായ സാംസ്കാരിക സമ്പത്തിന്റെ അടയാളമായ സാമൂഹികധാരയുടെയും പ്രതീകം. എല്ലാ നിറത്തിലും തരത്തിലുംപെട്ട, ധനികരും ദരിദ്രരും ഉൾപ്പെടുന്ന, വിവിധ ഭാഷകൾ സംസാരിക്കുന്ന മനുഷ്യരുടെ വൈവിധ്യം -ഒരു വർണരാജിപോലെ ദക്ഷിണാഫ്രിക്കയുടെ നീലാകാശത്തിനു മീതെ അതിന്റെ ഏഴായിരം നിറങ്ങളുമായി നിറഞ്ഞുനിൽക്കുന്നു.

മാഗ്ദക്കും ഐവാനുമൊപ്പം ലേഖകൻ
‘‘തീർച്ചയായും നിങ്ങൾക്ക് ഈ നാട് ഇഷ്ടമാകും’’
ജർമനും ഇംഗ്ലീഷും ഇടകലർന്ന ആക്സന്റിൽ ആഗസ്റ്റസ് ഗുന്തർ എന്ന എന്റെ ഔദ്യോഗിക ആതിഥേയൻ ഉറപ്പുനൽകി.
‘‘കഴിഞ്ഞ എഴുപതു വർഷമായി ഞാനിവിടെ ജീവിക്കുകയാണല്ലോ!’’
ജർമനിയിലെ സ്റ്റ്യൂട്ട്ഗാർട്ടിൽനിന്നും മതപ്രചാരണത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് മിഷനറിമാരെ കൊണ്ടുപോകുന്നൊരു കപ്പലിൽ കയറി തന്റെ പതിനേഴാം വയസ്സിൽ കേപ്ടൗണിലിറങ്ങിയ ആ യുവാവിനെക്കുറിച്ച് ഞാൻ ഓർത്തു. അമ്മയുടെ സഹോദരീ ഭർത്താവ് അന്നു കേപ്പിലുണ്ട്, മിഷനറി. എന്നാൽ ഒരു മിഷണറിയാവുക എന്നതായിരുന്നില്ല ഗുന്തറിന്റെ നിയോഗം. മെട്രിക്കുലേഷൻ കഴിഞ്ഞിരുന്ന അയാൾ ഒരു മിൽ തൊഴിലാളിയായി തന്റെ ജീവിതം തുടങ്ങി. ഇടക്കെപ്പോഴോ ടെക്നീഷ്യനായി. പിന്നെയും എന്തെല്ലാമോ ജോലികൾ. നന്നേ ചെറുപ്പത്തിൽത്തന്നെ വിവാഹിതനായി. രണ്ട് മക്കൾ. ഭാര്യയും മകളും ഇപ്പോൾ ജർമനിയിലുണ്ട്. ഭാര്യയുമായി നേരത്തേ പിരിഞ്ഞിരുന്നു. മക്കളാരും സൗത്താഫ്രിക്കയിലേക്ക് വരില്ല. ഗുന്തർ അങ്ങോട്ടുമില്ല. ഇവിടെ അയാൾക്കു മറ്റൊരു ഭാര്യയുണ്ട്. അതിൽ പക്ഷേ മക്കളില്ല.
എൺപത്തേഴിലും വാർധക്യത്തെ വകവെക്കാതെ പതിനേഴിന്റെ ഊർജസ്വലതയോടെ അദ്ദേഹം ഓടിനടക്കുന്നു. കോടികൾ വിറ്റുവരവുള്ള ഒരു കൂട്ടുബിസിനസിന്റെ അമരം പിടിക്കുന്നു.
‘‘എനിക്കൊരു പരിചയക്കാരനുണ്ടായിരുന്നു അവിടെ. അടുത്തിടെ മരിച്ചു. നൊബേൽ സമ്മാനം നേടിയ ഒരെഴുത്തുകാരൻ -ഗുന്തർ ഗ്രാസ്!’’
അദ്ദേഹം ചിരിച്ചു.
‘‘ഗുന്തർ എന്നത് അവിടത്തെ ഒരു കോമൺ പേരാണ്. പിന്നെ പുസ്തകങ്ങൾ വായിക്കാത്ത എനിക്ക് ഒരെഴുത്തുകാരനെയും പരിചയമില്ല.’’
‘‘ഒരുപാട് കാര്യങ്ങൾ എനിക്കറിയേണ്ടതുണ്ട്. സൗകര്യംപോലെ നമുക്കൊരു ദിവസം ഇരിക്കാം.’’
‘‘അതെ; ഉറപ്പായും.’’
പാപ്രിക്കയുടെയും കാപ്സിക്കത്തിന്റെയും എരിവുഗന്ധമുയരുന്ന ഗുന്തറിന്റെ ഓഫിസ് വിട്ട് ഞങ്ങളിറങ്ങി.
നക്ഷത്രവിളക്കുകൾ കെട്ടടങ്ങിയ പകൽ. ആകാശത്തെ പൊതിഞ്ഞുനിൽക്കുന്ന പുലരിമഞ്ഞിൽ പക്ഷേ മഴവില്ലുകൾ കാണാനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ജൊഹാനസ്ബർഗിന്റെ തിരുനെറ്റിയിലേക്ക് ആരോ വലിച്ചെറിഞ്ഞ ചളിപ്പാത്രത്തിൽനിന്നുള്ള മാലിന്യങ്ങൾപോലെ ചിതറിത്തെറിച്ചുകിടക്കുന്ന ഇൻഫോമൽ സെറ്റിൽമെന്റുകൾ എന്ന ഓമനപ്പേരുള്ള അലക്സാൻഡ്രിയയിലെ ചേരികളായിരുന്നു. ഒരു വേലിക്കെട്ടിനേക്കാൾ അൽപംകൂടി ഉയരത്തിൽ തകരമേൽക്കൂര മേഞ്ഞ പാർപ്പിടങ്ങൾ. എല്ലാറ്റിന്റെയും മുകളിൽ അവരുടെ സ്വപ്നങ്ങൾക്ക് ഉപഗ്രഹങ്ങൾ സമ്മാനിക്കുന്ന അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനായി ഉയർത്തപ്പെട്ട ഡിഷ് ആന്റിനകൾ!
കഴിഞ്ഞ രാത്രിയിൽ ഞങ്ങൾ വന്നിറങ്ങുമ്പോൾ ചുറ്റുപാടും കണ്ട പൂത്തുലഞ്ഞ രാത്രിവിളക്കുകളിൽ ഈ ചേരികളിലെ ഇരുണ്ട വെളിച്ചങ്ങൾ നൽകുന്ന ഗൂഢസന്ദേശങ്ങളും ഉണ്ടാകാതിരിക്കില്ല.
‘‘ഇതൊന്നുമല്ല; അച്ഛൻ ചേരികൾ കാണാനിരിക്കുന്നതേയുള്ളൂ!’’
എന്റെ മനസ്സിൽ വീണ ഇരുട്ടിന്റെ ലോകങ്ങൾക്കുനേരെ ഒരു കൊള്ളിയാൻ കത്തിയിറങ്ങുംപോലെ മകന്റെ വാക്കുകൾ.
മഗലീസ് മലനിരകളുടെ (Magaliesberg) താഴ്വരയിലുള്ള ലാൻസീരിയ (Lanseria) ഗ്രാമം ഗോത്രജീവിതത്തിന്റെ ഒരു പുനർജനിയാണ്. ദക്ഷിണാഫ്രിക്കയുടെ പൈതൃകപദ്ധതികളിൽ പേരുകേട്ട േക്രഡിൽ ഓഫ് ഹ്യൂമൻ കൈൻഡിന്റെ (Cradle of Humankind) ഒരു ഭാഗമെന്ന് നമുക്കു വേണമെങ്കിൽ ഈ ലസീദി കൾചറൽ വില്ലേജിനെ (Lesedi Cultural Village) വിശേഷിപ്പിക്കാം. ദക്ഷിണാഫ്രിക്കയിലെ പ്രാചീന ഗോത്രവിഭാഗങ്ങളിൽപ്പെടുന്ന സുലു, ഘോസ, പേഡി, ബെസോത്തോ, എൻഡബലെ എന്നീ ജനവിഭാഗങ്ങളിൽപ്പെട്ടവരുടെ ജീവിതരീതികൾ, പാരമ്പര്യകലകൾ, നൃത്തരൂപങ്ങൾ തുടങ്ങിയവ സന്ദർശകർക്കായി ഈ ഗ്രാമത്തിൽ ഒരുക്കിവെച്ചിരിക്കുന്നു. ഒരു വംശീയ യഥാതഥ മ്യൂസിയം എന്നു വിശേഷിപ്പിക്കാവുന്നത്.
കലാകാരന്മാരായ ഒരു സംഘം യുവതീയുവാക്കൾ പരമ്പരാഗത വേഷങ്ങളണിഞ്ഞ് രംഗത്തുവരുന്നു. അവരിൽ ഒരുവൾ ആ വില്ലേജിനെക്കുറിച്ചും അതിന്റെ ചരിത്രാതീത പൈതൃകത്തെക്കുറിച്ചുമെല്ലാം സരസവും ചടുലവുമായ ഭാഷയിൽ നമ്മോട് വിവരിക്കുകയായി. അതിനുശേഷം അവരെ പിന്തുടർന്ന് ആ ഗോത്രസംസ്കൃതിയുടെ ഉള്ളടരുകളിലേക്ക് നാം പ്രവേശിക്കുന്നു. അവരുടെ പൂർവ പിതാക്കൾ ജീവിച്ചുമരിച്ച മൺകുടിലുകൾ. പലതിന്റെയും ചുവരുകൾ മാത്രമല്ല മേൽക്കൂരയും മണ്ണുകൊണ്ടാണ്. മറ്റു ചിലത് മൺചുവരുകളും പുല്ലുമേഞ്ഞ മേൽക്കൂരയും ഉള്ളവ. ചില കൂരകൾക്കുള്ളിലേക്ക് കുനിഞ്ഞുമാത്രമേ കയറാൻ കഴിയുകയുള്ളൂവെങ്കിൽ മറ്റു ചിലതിൽ പ്രവേശിക്കാൻ നിലത്തിരുന്ന് നിരങ്ങി നീങ്ങണം എന്നുമാത്രം.
അവരുടെ പൂർവികരുടെ ജീവിതപരിസരങ്ങളുടെ ഒരു റിപ്ലിക്കയിലേക്ക് ആ ചെറുപ്പക്കാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മരപ്പാലങ്ങൾ കടന്ന് കുന്നിൻചരിവുകളിലും കുറ്റിക്കാടുകളിലൂടെയുമുള്ള യാത്ര. അവർ നിർത്താതെ കഥകൾ വിവരിച്ചുകൊണ്ട് മുന്നിലും. അമീബയിലാരംഭിച്ച് കുരങ്ങിലൂടെ വളർന്ന് രണ്ടു കാലിൽ നിവർന്നുനിന്ന ആ ആദിപിതാവിലെത്തിച്ചേരാൻ കാലവും ചരിത്രവും കൈകോർത്തു സഞ്ചരിച്ച ദൂരങ്ങൾ. ഫോസിലുകളായി അവർ പിൽക്കാല തലമുറകൾക്കു നീക്കിവെച്ച ശിലീഭൂതരേഖകൾ.
‘‘നിങ്ങൾ മരോപെങ്ങിൽ (Maropeng) പോകണം. ഒരുപാട് ചരിത്രരേഖകളും ഫോസിലുകളും അവിടെ കാണാൻ കഴിയും. അതു കാണാതെ പോകരുത്.’’
വേണ്ടെന്നുവെച്ചാലും അവരുടെ സഹായമില്ലാതെ അവിടെനിന്നു പുറത്തു കടക്കാൻ കഴിയില്ല. ഒരു രാവണൻ കോട്ടക്കുള്ളിൽ അകപ്പെട്ട അനുഭവമാണ് ആ കൾചറൽ വില്ലേജിന്റെ ഉൾഭാഗം. ലെസീഡി വലിയൊരു ജനസംഖ്യയുള്ള മുനിസിപ്പൽ പ്രദേശമാണ്. ഏകദേശം ഒരു ലക്ഷത്തിലേറെപ്പേർ. എന്നാൽ, ആ ജനസാന്ദ്രത നാമറിയുന്നില്ലെങ്കിൽ അതിന്റെ പ്രധാന കാരണം ആ നാടിന്റെ അതിവിശാലമായ ഭൂപ്രകൃതിയും പ്രകൃതിവൈവിധ്യവുമാണ്. മുൻപറഞ്ഞ അഞ്ച് ഗോത്രവിഭാഗങ്ങളിലുംപെട്ടവരുടെ അധിവാസവും കൂട്ടായ്മയും ലെസീഡി ഗ്രാമത്തെ അവരുടെ പരമ്പരാഗത ജീവിതരീതികളിൽനിന്നും വേറിട്ടു നിർത്തിയിരിക്കുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. കാരണം ഓരോ ഗോത്രവും അവർ മാത്രമുൾപ്പെടുന്ന സമൂഹത്തോടൊപ്പം വെവ്വേറെ സംഘങ്ങളായി ജീവിക്കുക എന്നതാണവരുടെ പരമ്പരാഗത രീതി. അതിനു വിരുദ്ധമായി അവരെയെല്ലാം ഒന്നിപ്പിച്ചു നിർത്തിയിരിക്കുന്ന ചരട് ആ കൾചറൽ വില്ലേജും ടൂറിസവും അതിന്റെ ഭാഗമായെത്തുന്ന സന്ദർശകരും നൽകുന്ന സാംസ്കാരിക ഊർജമായിരിക്കണം.

അവരുടെ നിർമാണശൈലി ഉപയോഗപ്പെടുത്തിക്കൊണ്ട് കെട്ടിയുണ്ടാക്കിയ വൃത്താകാരമായ ചെറിയ ഓഡിറ്റോറിയത്തിൽ (ബോമ) നൃത്തപരിപാടികൾക്കായി ഞങ്ങൾ കാത്തിരുന്നു. ഏതാണ്ട് അരമണിക്കൂറിനകം, വില്ലേജ് മുഴുവനും ചുറ്റിക്കറങ്ങിയതിനുശേഷം എത്തിയ കാഴ്ചക്കാരെക്കൊണ്ട് സദസ്സു നിറഞ്ഞു. ഒരേസമയം ഞെട്ടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുംചെയ്യുന്ന നൃത്തപ്രകടനം. അതിനൊപ്പം പ്രചണ്ഡതാളത്തിൽ മുഴങ്ങുന്ന ഗോത്രവാദ്യങ്ങളുടെ കാതടപ്പിക്കുന്ന ഒച്ച. അസാധാരണമായ മെയ് വഴക്കം പ്രകടിപ്പിക്കുന്നവരായിരുന്നു നർത്തകരായ യുവതീയുവാക്കൾ എല്ലാംതന്നെ. പുരുഷന്മാരേക്കാൾ കൂടുതലായി നമ്മെ ത്രസിപ്പിക്കുന്നത് സ്ത്രീകളുടെ നൃത്തപ്രകടനങ്ങളാണ്. മറ്റൊരു വർഗങ്ങളിലുമില്ലാത്ത ശരീരഘടനയോടു കൂടിയവരാണല്ലോ ആഫ്രിക്കൻ സ്ത്രീകളിൽ തൊണ്ണൂറു ശതമാനവും. തടിച്ചുകൊഴുത്ത ശരീരവും അവിശ്വസനീയമായ ജഘനഭാരവും അതിനെ വെല്ലുവിളിക്കുന്ന മാറിടവും മറ്റ് സ്ത്രീകളിൽനിന്നും ഇവരെ വേറിട്ടു നിർത്തുന്നു. കൗമാരപ്രായക്കാരായ പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകളിൽ വരെ കാണപ്പെടുന്ന ശരീരശാസ്ത്രപരമായ ഈ പ്രത്യേകതയുടെ കാരണം എന്താണെന്ന് ആരോടെങ്കിലും അന്വേഷിച്ച് അറിയേണ്ടതുണ്ട്.
ഈ ശരീരവും ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്നതും ഇറുകിപ്പിടിച്ചു കിടക്കുന്നതുമായ നാമമാത്രമായ വേഷവിധാനങ്ങളുമായിട്ടാണ് അവർ തങ്ങളുടെ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നത്. കാഴ്ചക്കാരിൽ അവ പക്ഷേ ഒരുവിധത്തിലുള്ള പ്രകോപനങ്ങൾക്കും ഇടവരുത്തുന്നവ അല്ലെന്നുകൂടി എടുത്തുപറഞ്ഞുകൊള്ളട്ടെ. എന്നാൽ, ശരീരമുലച്ചുള്ള അതിശക്തമായ ചലനങ്ങളും കാലുകൾ ശിരസ്സുവരെ ഉയർത്തിച്ചവിട്ടിയുള്ള ചുവടുകളുമെല്ലാം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. കാലുകൾ ഇത്രമാത്രം ഉയർത്തിച്ചവിട്ടിയുള്ള ചുവടുകൾ ഇതിനുമുമ്പ് ഞാൻ ചവിട്ടുനാടകത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ. അവിടെ അങ്ങനെ ചുവടുകൾ വെക്കുന്നത് പുരുഷന്മാർ മാത്രമാണുതാനും. പകരം വെക്കാനില്ലാത്ത കാപ്പിരിക്കരുത്തിന്റെ അനന്യമായ പ്രകടനം അവരിലെ പുതുതലമുറയും എത്ര അനായാസമായാണ് അവതരിപ്പിക്കുന്നതെന്നു കണ്ടറിഞ്ഞപ്പോൾ അഭിമാനം തോന്നാതിരുന്നില്ല. അവിടെനിന്നും അധികം അകലെയല്ലാതെ ഒരു ലയൺ സഫാരി പാർക്ക് ഉണ്ടെന്നും അതു ഞങ്ങളുടെ കൊച്ചുമകൾ നന്മയെ കാണിക്കാതെ പോരരുതെന്നും ലെസീഡിയിലേക്കാണ് ഞങ്ങളുടെ യാത്രയെന്നു പറഞ്ഞപ്പോൾ ഗുന്തർ ഓർമിപ്പിച്ചിരുന്നു.
‘‘ഈ ജൊഹാനസ്ബർഗിൽത്തന്നെ ഇങ്ങനെയുള്ള എട്ടോ പത്തോ പാർക്കുകൾ നിങ്ങൾക്കു കാണാൻ കഴിയും.’’ ഗുന്തർ പറഞ്ഞു: ‘‘അതാണീ നാടിന്റെ പ്രത്യേകത. പത്തിരുപത്തഞ്ച് ഏക്കർ സ്ഥലവും വനം വകുപ്പിന്റെ അനുവാദവുമുണ്ടെങ്കിൽ ഏതൊരാൾക്കും തുടങ്ങാൻ കഴിയുന്ന ടൂറിസം വ്യവസായം! നിങ്ങളുടെ നാട്ടിലെപ്പോലെ ആഫ്രിക്കൻ ആനകളെ മെരുക്കിയെടുക്കാൻ കഴിയാത്തതുകൊണ്ട് അവയൊഴികെയുള്ള മറ്റെല്ലാ ജീവികളെയും ഇത്തരം പാർക്കുകളിൽ കാണാം.’’
അദ്ദേഹം പറഞ്ഞതു സത്യമായിരുന്നു. ലയൺ സഫാരി പാർക്ക് എന്ന് അതിനു പേരു മാത്രമേയുള്ളൂ. വിശാലമായൊരു പരിസരം പാർക്കിനു സ്വന്തമായുണ്ടെങ്കിലും സിംഹങ്ങൾ നന്നെ കുറവ്. ഉള്ളവതന്നെയും അവയുടെ പരിചാരകനെപ്പോലെ പ്രായം ചെന്നവ. സിംഹങ്ങൾക്കു തീറ്റ കൊടുക്കുന്ന നേരമായതുകൊണ്ട് അയാൾക്കു പിന്നാലെ ൈഡ്രവ് ചെയ്ത് അവയെ വളരെയടുത്തു കാണാൻ കഴിഞ്ഞെന്നു മാത്രം. ഏതാനും ജിറാഫുകൾ, ആഫ്രിക്കയിൽ എവിടെയും സുലഭമായുള്ള മാനുകൾ എന്നു തോന്നിപ്പിക്കുന്ന ഇംപാലകൾ (Impala). എന്നാൽ, മാനുകളല്ല. അവരുടെ ദേശീയ മൃഗമായ സ്പ്രിങ്ബോക്കു (Springbok)മല്ല.

ദക്ഷിണാഫ്രിക്കയുടെ മുഖമുദ്രയായ ചേരികൾ
സൂര്യനഗരത്തിന് (Suncity) അടുത്തുള്ള പ്രിഡേറ്റർ വേൾഡിന്റെ (Predator world) കഥയും ഇതിൽനിന്നൊട്ടും ഭിന്നമല്ല. ഒരു കാഴ്ചബംഗ്ലാവിലെന്നപോലെ വിശാലമായ കമ്പിവലക്കൂടുകളിൽ പാർപ്പിച്ചിരിക്കുകയാണ് ഓരോയിനത്തിൽപ്പെട്ട മൃഗങ്ങളെയും. വാർധക്യം പിടിപെട്ടവയെങ്കിലും മൃഗരാജൻ എന്ന വിശേഷണത്തെ അന്വർഥമാക്കാൻപോന്ന ശരീരവും ജടാഭാരവുമൊക്കെയുള്ള സിംഹങ്ങൾ, ചീറ്റകൾ, പുള്ളിപ്പുലികൾ. ടയർബോക്സ് കാറ്റ് എന്ന പേരിൽ അറിയപ്പെടുന്ന കാട്ടുപൂച്ചകൾ. ഹൈനകൾ, ബംഗാൾ കടുവകൾ എന്നിങ്ങനെ ഒരു നീണ്ടനിര. പോരാത്തതിന് കിവികളും.
ഇങ്ങനെയുള്ള സ്വകാര്യ പാർക്കുകളിൽ തമ്മിൽ ഭേദം പിലാൻസ്ബർഗിലെ കിങ്ഡം റിസോർട്ടിന്റെ ഭാഗമായുള്ള റെയർകിങ്ഡം (Rare Kingdom) പാർക്കാണ്. ആകെയുള്ള 100 ഏക്കറിൽ 30 ഏക്കർ സ്ഥലം മനോഹരമായൊരു റിസോർട്ടാക്കി മാറ്റിയതിനുശേഷമുള്ള 70 ഏക്കറിലാണ് അവർ സഫാരി പാർക്ക് ഒരുക്കിയിരിക്കുന്നത്. വന്യജീവികളുടെ വൈവിധ്യത്തേക്കാളേറെ ഒരേ ജനുസ്സിൽപ്പെടുന്ന കുറെയേറെ മൃഗങ്ങളെ ഒരേ ൈഡ്രവ് ഇൻ പാർക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്ന സവിശേഷത! ഉദാഹരണത്തിന് ഇംപാലകളുടെ വിവിധയിനങ്ങൾ. കറുപ്പിലും വെളുപ്പിലും ചെമ്പു നിറത്തിലുമുള്ള സ്പ്രിങ്ബോക്കുകൾ. സാംബിയൻ മാറ്റിസി സേബിളുകൾ (Matetis Sable). ഓറിക്സിന്റെയും (Oryx) കൊഴുത്ത കാളകളെപ്പോലുള്ള ബ്ലസ്ബക്കിന്റെയും (Blessbuck) ഭിന്നനിറങ്ങൾ. എന്നിങ്ങനെ...
രാവിലത്തെ തയാറെടുപ്പുകൾക്കൊടുവിൽ പറഞ്ഞിരുന്നതിലും പത്തു മിനിറ്റ് വൈകി ൈഡ്രവിങ് പോയന്റിലെത്തുമ്പോൾ ആജാനുബാഹുക്കളായ രണ്ടുപേർ ഞങ്ങളെയും കാത്ത് അവിടെ നിന്നിരുന്നു; ട്രക്ക് ൈഡ്രവറും ഗൈഡും. വന്യജീവികളുടെ സമൃദ്ധിയല്ല, കാനനമധ്യത്തിലൂടെ നീളുന്ന ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ആ യാത്രയായിരുന്നു ഏറെ ഉന്മേഷപ്രദം. ഇപ്പോൾ മൂക്കുകുത്തി മറിഞ്ഞേക്കുമെന്നു തോന്നിപ്പിക്കുന്ന കുത്തനെയുള്ള ഇറക്കങ്ങളിലൂടെയും പാറക്കെട്ടുകൾ നിറഞ്ഞ ജലാശയത്തിലൂടെയുമുള്ള യാത്ര. കൈയിൽക്കിട്ടിയ സഞ്ചാരികളെ തങ്ങൾക്കാവും മട്ടിൽ ത്രില്ലടിപ്പിക്കാനുള്ള ശ്രമങ്ങൾ. ഇടക്ക് വാഹനം നിർത്തി മൃഗങ്ങളുടെ നഴ്സറികളിൽ എത്തിയുള്ള വിശദീകരണങ്ങൾ. ഉല്ലാസനടത്തം...
അകലെനിന്നുള്ള കാഴ്ചയിൽ പുരുഷന്മാരെന്നു തെറ്റിദ്ധരിച്ചെങ്കിലും മാഗ്ദയും (Magda) ഇവാനുമായിരുന്നു ഞങ്ങളെ കൊണ്ടുനടന്ന ആ ഗൈഡും ൈഡ്രവറും. ഉശിരത്തികളായ രണ്ട് ആഫ്രിക്കാനർ സുന്ദരികൾ. ഈ യാത്രക്കിടയിൽ ആദ്യമായും അവസാനമായും കണ്ടുമുട്ടിയ കരുത്തരായ വെളുത്ത പെൺകൊടികൾ!

ലയൺ സഫാരി പാർക്കിൽനിന്ന്
2. സത്യഗ്രഹത്തിന് ഒരു വീട്
സുഖകരമല്ലാത്തൊരു ചാറ്റൽമഴ അലോസരപ്പെടുത്തിക്കൊണ്ട് തുടരുന്നതിനിടയിലാണ് മഹാത്മജിയുടെ സത്യഗ്രഹ ഹൗസ് അന്വേഷിച്ചു ഞങ്ങൾ ഇറങ്ങിത്തിരിക്കുന്നത്. മോണിങ് സൈഡിലെ (Morningside, Sandton) ഗാർഡൻ കോർട്ടിൽനിന്നും 21 കി.മീറ്റർ ദൂരമേയുള്ളൂ അവിടേക്ക്. മനോഹരമായ നടക്കാവുകൾ നിറഞ്ഞ പ്രശാന്തമായ വഴിത്താര. എങ്കിലും ഓർക്കിഡ് സ്ട്രീറ്റിലെ ആ ഭവനം കണ്ടെത്താൻ, മൂക്കിൽ തൊടാൻ തലക്കു ചുറ്റും വിരൽ തിരിക്കുന്നതുപോലെ ഞങ്ങളൊന്നു ചുറ്റിത്തിരിഞ്ഞു. ഒടുവിൽ, അനാർഭാടമായ അതിന്റെ പൂമുഖത്തെത്തി കവാടങ്ങൾ തുറന്നുകിട്ടും വരെ ഞങ്ങൾ മഴ നനഞ്ഞുനിന്നു. പുതുതായി പണിതീർത്ത സ്വീകരണമുറി. അതിലൂടെ വേണം പച്ചപ്പിന്റെ ഒരു കൊച്ചുതുരുത്തെന്നു വിശേഷിപ്പിക്കാവുന്ന അകത്തളത്തിലെ സത്യഗ്രഹ ഹൗസിലേക്കും അതിനുള്ളിലെ കാഴ്ചകളിലേക്കും പ്രവേശിക്കാൻ. ഒരു ഗൈഡിന്റെ ആവശ്യമേയില്ല. എങ്കിലും ഗൈഡിന്റെ ജോലിചെയ്യേണ്ട ഖാഞ്ചിയെന്ന (Khanji) കറുത്ത സുന്ദരിയുടെ മുഖം പ്രസന്നമല്ല. നിങ്ങൾക്കു വേണമെങ്കിൽ നടന്നു കണ്ടോളൂ എന്ന ഭാവം!
പുല്ലുമേഞ്ഞ, വൃത്താകാരത്തിലുള്ള ഒരു പ്രധാന മന്ദിരം. അതിനോട് ചേർന്ന് ഇടതും വലതുമായി അർധവൃത്തമായ ഓരോ ചെറിയ എടുപ്പുകൾ. ആകെ ഏഴു മുറികൾ. ഇത്തരം പുല്ലുമേഞ്ഞ മേൽക്കൂരകൾ ആഫ്രിക്കൻ ജീവിതത്തിന്റെ പ്രാചീനതകളിലേക്കുള്ള ഒരു നേർക്കാഴ്ചകൂടിയാണ്. അര നൂറ്റാണ്ടിനു മുമ്പുവരെ നമ്മുടെ നാട്ടിലും സാധാരണമായിരുന്ന കളപ്പുരകൾപോലെ.
പ്രശസ്ത വാസ്തുശിൽപിയും ജർമൻ യഹൂദനുമായിരുന്ന ഹെർമൻ കല്ലൻബാക്കിന്റെ (Hermann Kallenbach) നിർമിതിയാണിത്. റിച്ചാർഡ് അറ്റൻബറോയുടെ ‘ഗാന്ധി’ സിനിമ കണ്ടിട്ടുള്ളവരിൽ ചിലരെങ്കിലും ഈ കല്ലൻബാക്കിനെ ശ്രദ്ധിച്ചിട്ടുണ്ടാകും. അങ്ങനെയുള്ള ഒരാത്മബന്ധമായിരുന്നു ഗാന്ധിജിയും കല്ലൻബാക്കും തമ്മിൽ. ആര് ആരെ സ്വാധീനിച്ചു, ആര് ആർക്ക് ഉത്തേജനവും പ്രചോദനവുമായി എന്നു വിവരിക്കുക പ്രയാസം. ഒരുപക്ഷേ മഹാത്മാവിന്റെ ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് ഏറ്റവും തുണയായിരുന്നത് കല്ലൻബാക്കായിരുന്നു എന്നു വിചാരിക്കാൻതക്ക തെളിവുകളുണ്ട്.
1871 മാർച്ച് ഒന്നിനാണ് കല്ലൻബാക്കിന്റെ ജനനം, ലിത്വേനിയയിലെ ഒരു യഹൂദകുടുംബത്തിൽ. ജർമനിയിലെ സ്റ്റ്യുട്ഗാർട്ടിലും മ്യൂണിക്കിലും വാസ്തുവിദ്യ അഭ്യസിച്ച കല്ലൻബാക്ക് അയാളുടെ 25ാം വയസ്സിൽ ദക്ഷിണാഫ്രിക്കയിലെത്തി. അമ്മയുടെ സഹോദരന്മാർ അവിടെയുണ്ട് എന്നതായിരുന്നു ഹെർമന്റെ ഏറ്റവും വലിയ കൈത്താങ്ങ്. വേറിട്ട നിർമാണശൈലികൊണ്ട് വളരെ പെട്ടെന്നുതന്നെ ഒരു ആർക്കിടെക്ട് എന്ന നിലയിൽ ദക്ഷിണാഫ്രിക്കയിൽ അയാൾക്കു തന്റെ തട്ടകം ഉറപ്പിക്കാൻ കഴിഞ്ഞു. കണക്കില്ലാത്ത സമ്പാദ്യം ആ യുവാവിന്റെ കീശയിലേക്ക് ഒഴുകിയെത്താൻ അധികകാലം വേണ്ടിവന്നില്ല. താമസിയാതെ അയാൾ അവിടത്തെ പൗരനുമായി.
ഗാന്ധിജി അന്ന് ദക്ഷിണാഫ്രിക്കയിലുണ്ട്. 1893 മേയ് 24നാണല്ലോ അദ്ദേഹം ഡർബനിൽ കപ്പലിറങ്ങുന്നത്. ഒരു ബാരിസ്റ്റർ എന്ന നിലയിൽ മോശമല്ലാത്ത ഖ്യാതി നേടിയിരുന്ന ഗാന്ധിജിയും വാസ്തുശിൽപിയായ കല്ലൻബാക്കും തമ്മിൽ കണ്ടുമുട്ടാൻ കഴിഞ്ഞതിനെ ചരിത്രപരമായ ഒരു നിയോഗം എന്നേ പറയേണ്ടൂ. 1903ലായിരുന്നു അവരുടെ ആദ്യ സമാഗമം. മഹാത്മാവിന്റെ വിശ്വസ്ത സുഹൃത്തും അനുയായിയുമായി മാറാൻ കല്ലൻബാക്കിന് അധികകാലം വേണ്ടിവന്നില്ല. ആ ആദർശങ്ങൾ, കാഴ്ചപ്പാടുകൾ എല്ലാം അയാൾക്ക് പുതിയ ഒരനുഭവമായിരുന്നു. സമഭാവനയും സാഹോദര്യവും അടിച്ചമർത്തലിനെതിരായ സമാധാനപൂർണമായ പോരാട്ടവുമെല്ലാം.

ആതിഥേയനായ ഗുന്തറിനൊപ്പം ലേഖകൻ,ഗാന്ധി വചനങ്ങൾക്കു മുന്നിൽ ലേഖകൻ
അവർക്കൊരുമിച്ചു പ്രവർത്തിക്കാനും സഹിഷ്ണുതയോടെ പോരാടാനും ഒരിടം കൂടിയേതീരൂ എന്ന് കല്ലൻബാക്കിനു തോന്നി. അങ്ങനെയാണ് ഇന്നത്തെ ഓർക്കിഡിലുള്ള 15, പൈൻ റോഡിൽ (15, Pine Road, orchards) തന്റേതായ ഭൂമിയിൽ തന്റെ ഭാവനയിൽ വിരിഞ്ഞ ഈ ഭവനത്തിന് 1907ൽ ജന്മം നൽകുന്നത്. സത്യത്തിൽ ഇതിന് ഒരു കളപ്പുരയുടെ രൂപഭാവങ്ങളാണുള്ളത്. ക്രാൾ (Kraal) എന്നു പേരിട്ടു വിളിക്കുന്ന ഈ നിർമിതിക്ക് ഇംഗ്ലീഷിലും ആഫ്രിക്കാൻസ് (Africaans) ഭാഷയിലും കളപ്പുര എന്നുതന്നെയാണ് അർഥം.
ഗാന്ധിഹൗസ് എന്നുകൂടി പേരുള്ള ഈ കളപ്പുരയിൽ 1908-09 കാലത്ത് മഹാത്മജിയും കല്ലൻബാക്കും ഒരുമിച്ചു താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ അടയാളങ്ങൾ ഒന്നര നൂറ്റാണ്ടിനിപ്പുറവും അവിടെ തെളിഞ്ഞു കാണാം. ആ രണ്ടു വർഷക്കാലയളവിൽത്തന്നെ ഒന്നിലേറെ പ്രാവശ്യം ഗാന്ധിജിയെ അറസ്റ്റുചെയ്യുകയും വിട്ടയക്കുകയും ചെയ്തതായി നാം വായിക്കുന്നു. കറുത്തവർഗക്കാരായവർ കൈവശം കരുതേണ്ട തിരിച്ചറിയൽ രേഖക്കു (Pass) വേണ്ടി രജിസ്റ്റർ ചെയ്യാതിരുന്നതിന്റെ പേരിൽ 1908 ജനുവരി 10നായിരുന്നു ആദ്യത്തെ അറസ്റ്റ്. ട്രാൻസ്വാൾ വിട്ടുപോകരുതെന്ന കൽപനയോടെ രണ്ടു മാസത്തെ വെറും തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടതെങ്കിലും ചില വ്യവസ്ഥകൾക്കു വിധേയമായി ഇരുപതു ദിവസങ്ങൾക്കുശേഷം അദ്ദേഹത്തെ വിട്ടയച്ചു.
അധികം വൈകാതെ നതാളിൽ (Natal) നിന്നു മടങ്ങുംവഴി ഒക്ടോബർ 7ന് ഗാന്ധിജി വീണ്ടും അറസ്റ്റിലാകുന്നു. ഉദ്യോഗസ്ഥന്മാരെ കാണിക്കാൻ തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരുന്നില്ല. വെളുത്തവർഗക്കാർ കാണിക്കുന്ന വിവേചനത്തോടുള്ള പ്രതിഷേധ സൂചകമായി തന്റെ ‘പാസ്’ അദ്ദേഹം നേരത്തേതന്നെ തീയിലെറിഞ്ഞിരുന്നു. അതേ കാരണത്തിനുതന്നെ അടുത്ത വർഷം ഫെബ്രുവരി 25ന് ട്രാൻസ്വാളിൽവെച്ച് മഹാത്മാവിനെ അറസ്റ്റ് ചെയ്യുകയും തടവിൽ പാർപ്പിക്കുകയുമുണ്ടായി. ഇപ്രാവശ്യം ശിക്ഷ മൂന്നുമാസം തടവായിരുന്നു. ഈ അവസരങ്ങളിലെല്ലാം കല്ലൻബാക്കിന്റെ സന്ദർഭോചിതമായ ഇടപെടലുകൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ആ യുവകലാപകാരിയുടെ മോചനങ്ങൾക്കു പിന്നിലെ നിർണായക ശക്തിയായി വർത്തിച്ചിട്ടുണ്ട്.
ഹെർമൻ കല്ലൻബാക്കിനെക്കുറിച്ചും മഹാത്മാവുമൊരുമിച്ചുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും അറിവുതരുന്ന മനോഹരമായൊരു ജീവചരിത്രകൃതിയുണ്ട്. അദ്ദേഹത്തിന്റെ അനന്തരവളുടെ മകളായ ഇസ സരിദാണ് ജീവചരിത്രകാരി. ‘േഗ്രറ്റ് സോൾ: മഹാത്മാ ഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ’ (Great Soul: Mahatma Gandhi and his struggle with India).
കല്ലൻബാക്കിന്റെ അവസാന നാളുകൾ ഇസ്രായേലിലായിരുന്നു. 1945 മാർച്ച് 25നു നിര്യാതനായ അദ്ദേഹത്തിന്റെ ഭൗതികശരീരം മറവുചെയ്തിരിക്കുന്നത് അവിടത്തെ ഡെഗാനിയ (Degania) കിബൂട്ട്സി (Kibutz) ലാണ്. ആ ജീവിതകഥയിൽനിന്നും ഞങ്ങൾ അദ്ദേഹം രൂപകൽപന ചെയ്ത ക്രാളിന്റെ പ്രാചീനഭംഗികളിലേക്ക് മഴയെ കാര്യമാക്കാതെ നടന്നുകയറി. പ്രവേശന കവാടത്തിൽത്തന്നെ കാണാം പുറംചുവരിൽ പ്രധാന വാതിലിന് ഇരുവശങ്ങളിലുമായി മഹാത്മാവിന്റെയും കല്ലൻബാക്കിന്റെയും വലിയ ചിത്രങ്ങൾ.
ഗാന്ധിജിയുടെ ജീവിതസമരങ്ങൾക്കു തുടക്കം കുറിച്ച ആ ഭവനത്തിന് അതിന്റേതായ പവിത്രതയും ശാന്തിയുമുണ്ടായിരുന്നു. വിശുദ്ധമായ ആരുടെയൊെക്കയോ അദൃശ്യസാന്നിധ്യങ്ങൾ. ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളിൽ പലതും അവിടെ ശേഖരിച്ചുവെച്ചിട്ടുണ്ട്. ആട്ടുകല്ലും ഉണ്ണിയപ്പം (അതോ ഇഡ്ഡലിപോലുള്ള മറ്റെന്തെങ്കിലും പലഹാരമോ) വാർക്കാനുള്ള ഓട്ടുപാത്രവുമെല്ലാം. ചിലതെല്ലാം പിൽക്കാലത്ത് ശേഖരിച്ച റിപ്ലിക്കകൾ ആണെന്നും വരാം.

കല്ലൻ ബാക്കിനൊപ്പം ഗാന്ധിജി
വെറുതെ ചാരിയിട്ടിരുന്നൊരു വാതിൽ ഞങ്ങൾ തള്ളിത്തുറന്നു. അതൊരു ഊണുമുറിയായിരുന്നു. ഭക്ഷണമേശയിൽ അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന ഒരു യൂറോപ്യൻ കുടുംബം നിശ്ശബ്ദമായിരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. അവരെ കഴിഞ്ഞദിവസം മാരോപെങ്ങിലെ (Maropeng) ‘മാനവരാശിയുടെ പിള്ളത്തൊട്ടിലി’ലെ (Cradle of humankind) ഹെറിറ്റേജ് മ്യൂസിയത്തിൽവെച്ച് താൻ കണ്ടിരുന്നുവെന്ന് എന്റെ പേരക്കുട്ടി ഓർമിപ്പിച്ചെങ്കിലും എനിക്ക് മുഖങ്ങളൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. മുൻകൂട്ടി അറിയിച്ചെത്തുന്ന സന്ദർശകർക്ക് താമസ-ഭക്ഷണ സൗകര്യങ്ങൾ അവിടെ ഒരുക്കാറുണ്ടെന്ന് (അല്ലെങ്കിൽ അതിൽ മാത്രമാണവർക്കു താൽപര്യം!) മിസ് ഖാഞ്ചി പറഞ്ഞത് ഞാൻ ഓർക്കുകയും ചെയ്തു. മാത്രമല്ല, യോഗയും ധ്യാനവുമെല്ലാം അവിടെ അഭ്യസിപ്പിക്കുന്നുമുണ്ട്.
കസ്തൂർബായുടെയും മണിലാലിന്റെയും ഗാന്ധിജിയുടെ സുഹൃത്തും പത്രപ്രവർത്തകനുമായിരുന്ന ഹെൻട്രി പോളക്കിന്റെയും പേരുകൾ വാതിലിനു മുകളിൽ എഴുതിവെച്ചിരിക്കുന്ന മുറികൾ. അപ്പുറത്ത് ഒരാൾക്കുമാത്രം കയറിപ്പോകാൻ കഴിയുന്ന കുത്തനെയുള്ള, കയറുമ്പോൾ ഞരങ്ങുന്ന മരയേണിയിലൂടെ ബദ്ധപ്പെട്ട് മുകളിലെത്തിയാൽ മഹാത്മജി ഉറക്കറയായി ഉപയോഗിച്ചിരുന്ന മുറിയാണ്. പലകകൾ നിരത്തിയ മേൽത്തട്ടിന്റെ തറയിൽ ചുമരിനോടുചേർത്ത് നിവർത്തിയിട്ടിരിക്കുന്ന ഒരു വെളുത്ത കിടക്ക. അരികെ പുസ്തകപീഠത്തിൽ തുറന്നുവെച്ചിരിക്കുന്ന ഭഗവദ്ഗീത. അതിനു മീതേ ഗാന്ധിജിയേക്കാൾ പ്രസിദ്ധമായ ആ കണ്ണട. ചെറിയൊരു റാന്തലിൽനിന്നുള്ള വെളിച്ചം മാത്രമുള്ള ആ മുറി അലൗകികതയുടെ ഇടം കൂടിയാണല്ലോ!
പതിനൊന്നോളം ജീവനക്കാർ അവിടെയുണ്ടെന്ന് ഖാഞ്ചി പറഞ്ഞുവെങ്കിലും അതിൽ പകുതിപ്പേർപോലും അവിടെ ഉണ്ടായിരുന്നില്ല. ഉള്ളവരാകട്ടെ ഒരു മുറിയിൽ കൂട്ടംകൂടിയിരുന്ന് സൊറ പറയുകയും. എന്തായാലും യുവസുന്ദരിയായ റിസപ്ഷനിസ്റ്റ് മിസ് ഖാഞ്ചിയുടെ കേശഭാരം എനിക്കിഷ്ടമായി. ഉച്ചിയിലേക്ക് ഉയർത്തിക്കെട്ടിയ സ്പ്രിങ്ങുകൾപോലുള്ള ആ കാപ്പിരി മുടിയിഴകളോരോന്നിൽനിന്നും ഞാന്നുകിടക്കുന്ന വെള്ളിമണികൾ!
ഗാന്ധിജി തന്റെ പ്രക്ഷോഭങ്ങൾക്കു തുടക്കമിട്ട ദക്ഷിണാഫ്രിക്കൻ ഗവൺമെേന്റാ ഭാരതസർക്കാരോ സത്യഗ്രഹ ഹൗസിന്റെ നിലനിൽപിനും പ്രവർത്തനത്തിനുംവേണ്ടി ഒരു സഹായവും ചെയ്യുന്നില്ലെന്ന് അവർ പറഞ്ഞു. ഫ്രാൻസ് ആസ്ഥാനമായുള്ള ഒരു സന്നദ്ധസംഘടനയാണ് ഈ ഗാന്ധിഭവനത്തിനെ ലോകത്തിനു മുമ്പാകെ തുറന്നുകൊടുക്കുന്നതിനാവശ്യമായ ധനം സമാഹരിക്കുന്നത്.
ഗാന്ധിജിയുടെയും കല്ലൻബാക്കിന്റെയും കാലശേഷം ഓർക്കിഡ് റോഡിലുള്ള ഈ ക്രാൾ ഒരു ദക്ഷിണാഫ്രിക്കൻ കുടുംബം അവകാശമാക്കി. ആ കാലയളവിൽ അവിടെയുണ്ടായിരുന്ന വിലപ്പെട്ടവ പലതും അപഹരിക്കപ്പെടുകയോ നഷ്ടമാവുകയോ ചെയ്തു. പുതിയ കൈവശക്കാരിൽനിന്നും ഏറ്റെടുത്തതിനുശേഷമാണ്, വിദഗ്ധരായ രണ്ട് എൻജിനീയർമാരുടെയും ഒരു ക്യൂറേറ്ററുടെയും നേതൃത്വത്തിൽ സത്യഗ്രഹ ഹൗസിനെ നാമിന്നു കാണുന്ന നിലയിലേക്ക് എത്തിക്കുന്നത്. മിസ് ഖാഞ്ചിക്ക് മഹാത്മാ ഗാന്ധിയെക്കുറിച്ച് വിവരമൊന്നുമില്ല. ദക്ഷിണാഫ്രിക്കയിൽ എവിടെയൊക്കെ അദ്ദേഹത്തിെന്റ പേരിൽ സ്മാരകങ്ങൾ ഉണ്ടെന്നുപോലും! അദ്ദേഹത്തിന്റെ ആത്മകഥയെങ്കിലും ഒരു തവണയൊന്നു വായിച്ചുനോക്കാൻ ഞാനാ യുവതിയോട് അഭ്യർഥിച്ചു. പുറത്ത് പന്ത്രണ്ടു ഡിഗ്രി തണുപ്പുണ്ട്; മഴയും. എന്റെ യാത്രകളിലെല്ലാം സഹയാത്രികനായി ഒപ്പം കൂടാറുള്ള എന്റെ പ്രിയപ്പെട്ട മഴ.