Begin typing your search above and press return to search.
proflie-avatar
Login

ജക്കറാന്ദകളുടെ നഗരം

ജക്കറാന്ദകളുടെ നഗരം
cancel

മൂന്ന് എന്നും ഒപ്പം കൂടാറുള്ള മകൻ ജോലിത്തിരക്കുകൾമൂലം അന്നത്തെ ദിവസം ഞങ്ങൾക്കു മാത്രമായി നീക്കി​െവച്ചു. തനിച്ചു പോവുക. കാഴ്ചകൾ കാണുക. എന്നാൽ, അവൻ മറ്റൊന്നുകൂടി ചെയ്തു. ഒരു ടൂർ ടാക്സി ഏർപ്പാടാക്കി. മറ്റേതാനും യാത്രക്കാർ കൂടിയുണ്ടാകും. ഒപ്പം ൈഡ്രവർ കം ഗൈഡും. അപ്പോൾ പ്രശ്നമില്ല. തനിച്ചാണെന്ന പേടിയും വേണ്ട. പേടിക്കാൻ ഒന്നുമില്ലായിരുന്നു. രണ്ടു കി.മീറ്റർ അപ്പുറമുള്ളൊരു നക്ഷത്രഹോട്ടലിൽനിന്നും സഹയാത്രികരായ രണ്ടുപേർ കൂടെ കയറി. യു.എസിൽനിന്നുള്ള ഷെറീനും അവരുടെ ഭർത്താവായ നാസിക്കുകാരൻ പ്രദീപും. അങ്ങനെ ൈഡ്രവർ ഉൾ​െപ്പടെ ഞങ്ങൾ ആറുപേർ. തികച്ചും സൗകര്യപ്രദമായൊരു യാത്ര....

Your Subscription Supports Independent Journalism

View Plans

മൂന്ന്

എന്നും ഒപ്പം കൂടാറുള്ള മകൻ ജോലിത്തിരക്കുകൾമൂലം അന്നത്തെ ദിവസം ഞങ്ങൾക്കു മാത്രമായി നീക്കി​െവച്ചു. തനിച്ചു പോവുക. കാഴ്ചകൾ കാണുക. എന്നാൽ, അവൻ മറ്റൊന്നുകൂടി ചെയ്തു. ഒരു ടൂർ ടാക്സി ഏർപ്പാടാക്കി. മറ്റേതാനും യാത്രക്കാർ കൂടിയുണ്ടാകും. ഒപ്പം ൈഡ്രവർ കം ഗൈഡും. അപ്പോൾ പ്രശ്നമില്ല. തനിച്ചാണെന്ന പേടിയും വേണ്ട. പേടിക്കാൻ ഒന്നുമില്ലായിരുന്നു. രണ്ടു കി.മീറ്റർ അപ്പുറമുള്ളൊരു നക്ഷത്രഹോട്ടലിൽനിന്നും സഹയാത്രികരായ രണ്ടുപേർ കൂടെ കയറി. യു.എസിൽനിന്നുള്ള ഷെറീനും അവരുടെ ഭർത്താവായ നാസിക്കുകാരൻ പ്രദീപും. അങ്ങനെ ൈഡ്രവർ ഉൾ​െപ്പടെ ഞങ്ങൾ ആറുപേർ. തികച്ചും സൗകര്യപ്രദമായൊരു യാത്ര. ജക്കറാന്ദകളുടെ നഗരത്തെക്കുറിച്ചാണ് നിക്ക് സംസാരിച്ചു തുടങ്ങിയത്. നിക്ക് എന്നാൽ നിക്കോളാസ്​. ഞങ്ങളുടെ സരസനായ കറുത്ത സാരഥി. ജൊഹാനസ്​ബർഗിനു പൊതുവായും അവിടെനിന്നും 50 കിലോമീറ്റർ വടക്കുകിഴക്കായുള്ള പ്രിട്ടോറിയക്ക് പ്രത്യേകമായുമുള്ള വിശേഷണമാണത്. ജക്കറാന്ദ സിറ്റി. ഒക്ടോബർ മാസത്തിനാകട്ടെ ജക്കറാന്ദ മാസമെന്നും. വഴിയോരങ്ങളിലും തെരുവുകളിലും പാർക്കുകളിലും പൂന്തോട്ടങ്ങളിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന വൃക്ഷമാണ് ജക്കറാന്ദ.

ഒക്ടോബർ മാസമാകുമ്പോഴേക്കും ഇലകൾക്കുപകരം പൂക്കളാവും അതിൽ നിറയെ. മേയ് മാസത്തിൽ നമ്മുടെ കണിക്കൊന്നകൾ പൂക്കുന്നതുപോലെ. ലാവൻഡർ നിറത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന ജക്കറാന്ദകൾ. അവ നിരത്തുകളിലെമ്പാടും പരവതാനി നിവർത്തിയിട്ടതുപോലെ വീണുകിടക്കും. നോർത്ത് ക്ലിഫിലെ മലനിരകളെയാകെ ഒരു നീലക്കടലാക്കിത്തീർക്കുന്ന ജക്കറാന്ദകളുടെ ഉത്സവകാലം. നമ്മുടെ നീലക്കുറിഞ്ഞികൾ നീലഗിരിമലകളെ മുഴുവൻ നീലാഭമാക്കുന്നതുപോലെ. അതിനു പക്ഷേ ഒരു പന്തീരാണ്ടുകാലം കാത്തിരിക്കേണ്ടതുണ്ടെങ്കിൽ ജക്കറാന്ദകൾ പൂത്തുവിരിയാൻ കേവലം പന്ത്രണ്ടു മാസത്തെ ഇടവേള മാത്രം മതി. എന്നാൽ, ഇവളുടെ ജന്മദേശം ദക്ഷിണാഫ്രിക്കയല്ല, ബ്രസീൽ ആണെന്നു മാത്രം.

‘‘അതേ പേരിലൊരു ടൗൺ ഇവിടെയുണ്ട്; ജക്കറാന്ദ സിറ്റി! ഒരു എഫ്.എം റേഡിയോ സ്റ്റേഷനും.’’

നിക്ക് ഉത്സാഹഭരിതനായി.

(മരുഭൂമിയായ സൗദി അറേബ്യയിലെ അബഹയിലുമുണ്ട് ഈ ജക്കറാന്ദകൾ. ഏപ്രിൽ-മേയ് മാസങ്ങളാണ് അവിടെ അതിന്‍റെ പൂക്കാലം)

ആഫ്രിക്കൻസും ഇംഗ്ലീഷും സുലുവും ഇടകലർത്തി അതിവേഗത്തിൽ സംസാരിക്കുന്ന നിക്കിനെ പിടികിട്ടാൻ കുറെദൂരം അയാൾക്കൊപ്പം ഞങ്ങളും ഓടേണ്ടിവന്നു. നിക്കിന്‍റെ ഭാഷ ഷെറീനു മനസ്സിലാകും. അതിനാൽ പ്രദീപും ഞാനും മൗനികളായിരിക്കുമ്പോൾ അയാൾ ഷെറീനു നേർക്കു തിരിയും.

‘‘മറ്റൊരു രാജ്യത്തിനുമില്ലാത്ത പ്രത്യേകത സ്വന്തമായുള്ള രാജ്യമാണ് സൗത്താഫ്രിക്ക എന്നറിയാമോ? മൂന്നു തലസ്​ഥാന നഗരങ്ങളുള്ള ലോകത്തിലെ ഒരേയൊരു രാജ്യം. അതിന്‍റെ ലെജിസ് ലേറ്റിവ് കാപിറ്റലാണ് (നിയമനിർമാണ ആസ്​ഥാനം) കേപ് ടൗൺ. രാജ്യത്തിന്‍റെ പാർലമെന്‍റ് ഇവിടെയാണ്. പ്രിട്ടോറിയയാണ് എക്സിക്യൂട്ടിവ് കാപിറ്റൽ (ഭരണനിർവഹണ തലസ്​ഥാനം). പ്രസിഡന്‍റിന്‍റെ ഓഫിസും ഇവിടെത്തന്നെ. ബ്ലൂംഫോൺടെയ്ൻ (Bloemfontein) ജുഡീഷ്യൽ കാപിറ്റലാണ്; പരമോന്നത നീതിപീഠമായ സുപ്രീംകോർട്ട് ഓഫ് അപ്പീൽ...’’

കുറിച്ചെടുക്കാനുള്ള വിവരങ്ങളാണ്; ഓർമയിലിരിക്കില്ല. എങ്കിലും അതൊരു പുതിയ അറിവായിരുന്നു. ഒന്നിലധികം തലസ്​ഥാനങ്ങളുള്ള രാജ്യങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ട്; നെതർലൻഡ്സിനെയും ശ്രീലങ്കയെയും പോലെ. ഇവിടെയിതാ മൂന്നു തലസ്​ഥാനങ്ങളുമായി ദക്ഷിണാഫ്രിക്ക തലയെടുപ്പോടെ നിൽക്കുന്നു!

വട്ടംചുറ്റി കോട്ടപോലെ കാവൽ നിൽക്കുന്ന മലനിരകളും മരനിരകളും ഒഴിയുന്നില്ല. നമ്മുടെ സങ്കൽപങ്ങളിലുള്ള വാനംമുട്ടുന്ന മലകളോ കൊടുംകാടുകളോ അല്ല. ഒരേ നിരപ്പിൽ ചുറ്റോടുചുറ്റിലും അതങ്ങനെ വ്യാപിച്ചുകിടക്കുന്നു, കടലോരം വരെ. തുറമുഖ പരിസരങ്ങളിലൊഴികെ ഈ മലമടക്കുകൾ കടലിനു വെളിയിലുമാണ്. അപ്പോൾ മല മുതൽ കടൽ വരെയെന്നും പറയാൻ കഴിയില്ല. മല മുതൽ മല വരെ മലകൾ മാത്രം. അവയിലെമ്പാടും അപൂർവ ജനുസ്സിൽപെട്ട തരുനിരകളും ദക്ഷിണാഫ്രിക്കയുടേതു മാത്രമായ കാലാതീതമായ വന-വന്യജീവി സമ്പത്തും.

വിചാരിച്ചതുപോലെ രാവിലെതന്നെ മഴപെയ്തു തുടങ്ങി. അതിനൊപ്പം ശീതക്കാറ്റ് വീശിയടിക്കാനും.

ദൂരെനിന്നേ വൂർ​െട്രക്കർ (Voortrekker) മ്യൂസിയത്തിന്‍റെ തലയെടുപ്പുകാണാം. ജൊഹാനസ്​ബർഗിൽ എവിടെനിന്നു നോക്കിയാലും കാണാൻ കഴിയുന്ന അവരുടെ അഭിമാനസ്​തംഭം!

‘‘ഞാനില്ല ഈ മഴയത്ത് അതിന്‍റെ മുകളിൽ കയറാൻ. താഴെ എവിടെയെങ്കിലും ഞാൻ ഇരുന്നോളാം.’’

ചവിട്ടുപടികൾ കയറുന്നതിലുള്ള വൈമനസ്യം ഭാര്യ ഇപ്പോഴേ പ്രകടിപ്പിച്ചുകഴിഞ്ഞു.

‘‘അവിടെ എത്തിയതിനുശേഷമല്ലേ? അപ്പോഴത്തെ സൗകര്യംപോലെ നോക്കാം.’’

മഴ തോർന്നു. ചാറ്റൽ മഴയായി. പാതയോരത്തെ മരങ്ങൾ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു. ജക്കറാന്ദകളല്ല. വീപ്പിങ് വില്ലോകളെ അനുസ്​മരിപ്പിക്കുന്ന മറ്റേതോ ജനുസ്സിൽപെട്ട മരങ്ങൾ. മ്യൂസിയത്തിലേക്കുള്ള കയറ്റത്തിന്‍റെ ഇരുവശങ്ങളിലുംനിന്ന് കണ്ണുനീർ വാർക്കുന്നു.

‘‘യെലോ വുഡാണ്! ദക്ഷിണാഫ്രിക്കയുടെ ദേശീയ വൃക്ഷം. തിങ്ങി തൂങ്ങിക്കിടക്കുന്ന ഇലച്ചാർത്തുകൾ അതിന്‍റെ പ്രത്യേകതയാണ്.’’ നിക്ക് പറഞ്ഞു.

താഴെനിന്നു നോക്കുമ്പോൾ, വലിയൊരു കുന്നിൻമുകളിൽ (Monument Hill) സമചതുരാകൃതിയിലുള്ളൊരു കരിങ്കൽ കൊട്ടാരം. പിങ്ക് നിറത്തിലുള്ള ചതുരക്കല്ലുകൾ ചേർത്തു​െവച്ച് കെട്ടിപ്പൊക്കിയത്. ഉയരം 62 മീറ്റർ. ഭാര്യയെയും കൂട്ടി 299 ചവിട്ടുപടികൾ ചവിട്ടി അതിന്‍റെ മുകളിൽ എങ്ങനെ കയറിപ്പറ്റും എന്ന ആശങ്ക എന്നെയും പിടികൂടാതിരുന്നില്ല. എങ്കിലും മുകളിലേക്കുതന്നെ എന്ന ദൃഢനിശ്ചയം ബാക്കിയുണ്ടായിരുന്നു.

‘‘പേടിക്കാനില്ല. സാവകാശം കയറിയാൽ മതി. എനിക്കൊരു ധിറുതിയുമില്ല. എല്ലാ കണ്ടതിനുശേഷമേ നമ്മൾ പോകുന്നുള്ളൂ.’’

നിക്ക് ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നു. അയാളുടെ സംസാരം എനിക്കിപ്പോൾ മനസ്സിലാക്കാം എന്നായിട്ടുണ്ട്.

 

വൂർ ട്രെക്കർ മ്യൂസിയത്തിനുമുന്നിൽ ഷെറിനും പ്രദീപിനുമൊപ്പം ലേഖകൻ

ഉയരം കുറഞ്ഞ് വീതിയേറിയ എട്ടോ പത്തോ കരിങ്കൽ പടവുകൾ. അതിനുശേഷം സമനിരപ്പായ ഒരിടം. അതുകഴിഞ്ഞ് പിന്നെയും കൽപ്പടവുകൾ. കയറ്റത്തിന്‍റെ ആയാസത്തെ അനായാസമാക്കുന്ന നിർമാണ വിദ്യ. സാവകാശമാണെങ്കിലും ഞങ്ങൾ മുകളിലെത്തി. ഞങ്ങൾക്കു മുമ്പേ ഓടിക്കയറിയ ഷെറീനും ഭർത്താവും മ്യൂസിയത്തിലെ കാഴ്ചകളുടെ ലോകത്തിലാണ്. നിക്കാകട്ടെ കുടയും ചൂടി അതിന്‍റെ പ്രവേശനകവാടത്തിൽ ഞങ്ങൾ ചെല്ലാൻവേണ്ടി കാത്തുനിൽക്കുകയായിരുന്നു.

‘‘നമ്മളിപ്പോൾ പ്രിട്ടോറിയയുടെ നെറുകെയിലെത്തി.’’

മഴയിൽ നനഞ്ഞും കിതച്ചും ചുമച്ചും മുകളിൽ എത്തിച്ചേർന്ന ഞങ്ങളെ നോക്കി തന്‍റെ മേലത്തെ നിരയിലെ നടുവിലത്തെ വിടവുള്ള പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് നിക്ക് അറിയിച്ചു.

ക്ലേശം മറന്ന്, മഴ തോർന്നുനിൽക്കുന്ന ദൂരെയുള്ള പച്ചപുതച്ച മലനിരകളിലേക്കു നോക്കി. ചക്രവാളം മുതൽ ചക്രവാളം വരെ കോട്ടകെട്ടിയപോലെ മലനിരകൾ. ദക്ഷിണാഫ്രിക്കൻ ജീവിതത്തിലെ എന്‍റെ ഏറ്റവും വലിയ വിസ്​മയങ്ങൾ.

‘‘പ്രിട്ടോറിയക്ക് ആ പേരു വരാൻതന്നെ കാരണം വൂർ ​െട്രക്കറുകളുടെ നേതാവായിരുന്ന ആൻഡ്രീസ്​ പ്രിട്ടോറിയസിൽ (Andries Pretorius) നിന്നാണ്.’’

നിക്ക് തന്‍റെ ചരിത്രവിജ്ഞാനം പകർന്ന് മ്യൂസിയത്തിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു.

കോളനിവാഴ്ച ശക്തമായിരുന്ന കാലത്ത് കേപ് കോളനിയെയും നതാളിനെയും ബോവർ റിപ്പബ്ലിക് എന്നു വിശേഷിപ്പിക്കാവുന്ന ഓറഞ്ച്ഫ്രീ സ്റ്റേറ്റിനെയും ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കുമായി ലയിപ്പിക്കാനുള്ള ബ്രിട്ടീഷുകാരന്‍റെ അതിമോഹത്തിൽനിന്നുമാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഗാന്ധിജിയുടെ ആത്മകഥയിലൂടെ നമുക്കു പരിചിതമായിത്തീർന്നിട്ടുള്ള ട്രാൻസ് വാൾ എന്ന ഭൂഭാഗത്തിന്‍റെ സൃഷ്​ടിയായിരുന്നു ലക്ഷ്യം. 1857ലെ ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കേവല ‘ശിപായിലഹള’യായി ചിത്രീകരിച്ചവരാണ് ബോവർ പോരാളികളുടെ ഈ പ്രക്ഷോഭത്തെ ‘ബോവർ കലാപ’മായി ലഘൂകരിച്ചുകളഞ്ഞത്.

ബ്രിട്ടീഷ് ഭരണത്തോടുള്ള പ്രതിഷേധമെന്ന നിലയിൽ കേപ് കോളനി ഉപേക്ഷിച്ച് 1834ൽ ബോവറുകൾ ഓറഞ്ച് നദിയുടെ തീരത്തേക്കുപോന്നു. 1834-40 കാലയളവിൽ അങ്ങനെ കേപ് വിട്ടുപോന്നവരുടെ എണ്ണം ഏതാണ്ട് ആറായിരത്തോളം വരും. കേപ്പിലെ ജനസംഖ്യയുടെ 20 ശതമാനം പേർ! ഇവരെയാണ് വൂർട്രെക്കർമാർ എന്നു വിശേഷിപ്പിക്കുന്നത്.

മഹത്തരമായ ദേശാന്തര ഗമനം (The great trek) എന്ന് പിൽക്കാലത്തു പേരിട്ട ഈ പ്രയാണത്തിനെതിരെ 1838 ഡിസംബർ 16നുണ്ടായ കലാപത്തിൽ മാത്രം മൂവായിരത്തിലധികം പോരാളികൾ മരിച്ചുവീണു. പ്രധാനമായും ഡെച്ച് കുടിയേറ്റക്കാരായിരുന്നു ഇവർ. ഇന്ന് ആഫ്രിക്കാനർ എന്ന പേരിൽ അറിയപ്പെടുന്ന ജനതയുടെ മുൻതലമുറക്കാരായ വൂർട്രെക്കർമാർ!

ഈ കലാപത്തിന്‍റെ ചരിത്രം കളിമണ്ണിൽ വാർത്തുവെച്ചിരിക്കുകയാണ് മ്യൂസിയത്തിന്‍റെ ചുവരുകളിലെമ്പാടും. അന്ന് രക്തസാക്ഷിത്വം വഹിച്ചവരുടെ ഓർമക്കായി മ്യൂസിയത്തിന്‍റെ ഒന്നാംനിലയുടെ മധ്യത്തിൽ കെട്ടിയുയർത്തിയ ഒരു കല്ലറയുണ്ട്. (നമ്മൾ നേരെ കയറിച്ചെല്ലുന്നത് രണ്ടാമത്തെ നിലയിലേക്കാണ്) സെനോടാഫ് (Cenotaph) എന്നാണീ കല്ലറക്ക് പറയുക. അസ്​ഥികളില്ലാത്ത ഒഴിഞ്ഞ കുഴിമാടം എന്നാണ് ഇതിനർഥം. ‘ഞങ്ങൾ ദക്ഷിണാഫ്രിക്കക്കുവേണ്ടി’ എന്ന് അതിനുമുകളിൽ കൊത്തി​െവച്ചിട്ടുണ്ട്. എല്ലാ ഡിസംബർ 16നും ഒരു സൂര്യകിരണം മേൽക്കൂരയിലുള്ള സുഷിരത്തിലൂടെ കൃത്യമായി ഈ കല്ലറയിൽ വന്നു പതിക്കാറുണ്ടെന്ന് നിക്ക് പറഞ്ഞു; ആ ദിവസം മ്യൂസിയത്തിൽ പോകാൻ ഇടവന്നിട്ടില്ലാത്തതിനാൽ താൻ അതിനു സാക്ഷിയായിട്ടില്ലെന്നും. (എല്ലാ ഒക്ടോബർ രണ്ടിനും ഗോപുരാഗ്രത്തിലെ സുഷിരത്തിലൂടെ ഒരു സൂര്യരശ്മി ഇറങ്ങിവന്ന് താഴെ മണ്ഡപത്തിലിരിക്കുന്ന ഗാന്ധിജിയുടെ നെറുകയിൽ ചുംബിക്കാറുണ്ടത്രേ, കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽ, എന്നതുപോലെ!)

ജെറാർഡ് മോർജിക് (Gerard Moerdijk) എന്ന വാസ്​തുശിൽപി രൂപകൽപന ചെയ്ത ഈ സ്​മാരകം, കലാപത്തിന്‍റെ 111ാംവാർഷികമായ 1949 ഡിസംബർ 16ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 1838 ഡിസംബർ 16നുണ്ടായ രക്തരൂഷിത കലാപത്തിന്‍റെ ഓർമക്കായി ഇപ്രകാരമൊരു ബലികുടീരം പണിതുയർത്തുമെന്നും, ആ ദിനം ഒരു സാബത്തുപോലെ ആചരിക്കുമെന്നും വൂർട്രെക്കർ ജനത പ്രതിജ്ഞയെടുത്തു. ആ പ്രതിജ്ഞ രേഖപ്പെടുത്തിയ മൂന്നു ഭാഷകളിലുള്ള ശിലാഫലകങ്ങൾ മ്യൂസിയത്തിനു പുറത്ത്, ചവിട്ടുപടികൾ തുടങ്ങുന്നിടത്തായി സ്​ഥാപിച്ചിട്ടുണ്ട്. ഒരു ജനതയുടെ ആത്മാർപ്പണത്തിന്‍റെ ഉടമ്പടിപ്പലകകൾ കല്ലിൽത്തന്നെ കൊത്തിവെച്ചിരിക്കുന്നു! പുറത്ത് മഴ അവസാനിച്ചിരിക്കുന്നു. വെയിൽ പരന്നുതുടങ്ങി. എങ്കിലും യെലോ വുഡ് മരങ്ങളുടെ സങ്കടം അവസാനിച്ചിട്ടില്ല!

മണ്ടേലയുടെ വസതി

 

നാല്

മണ്ടേലയുടെ വീട്ടിൽ

പശ്ചിമ ഓർലാൻഡോയിലെ സൊവേറ്റോയിൽ വിലാസ്​കി (vilakzi) തെരുവിലെ 8115ാം നമ്പർ വീട് ഇന്നു ലോകം ശ്രദ്ധിക്കുന്ന ഇടങ്ങളിലൊന്നാണ്. തൊട്ടെതിർവശത്തുള്ള ഇൻഫോമൽ സെറ്റിൽമെന്‍റുകളുടേതുപോലെ തകര മേൽക്കൂരയുള്ള ഈ നാലുമുറി വീട്ടിൽനിന്നുമാണ് അര നൂറ്റാണ്ടുകാലം ഒരു രാജ്യത്തിന്‍റെ അവകാശികളെ തീണ്ടാപ്പാടകലെ നിർത്തിയ അപ്പാർ​ ൈത്തറ്റ് ഭരണത്തിനെതിരെയുള്ള ചാവുമണി മുഴങ്ങിക്കേട്ടത്. ഒലിവേർ ടാമ്പോയും വാൾട്ടർസിസിലുവും നെൽസൺ മണ്ടേലയുമെല്ലാം ഒത്തുചേരാറുണ്ടായിരുന്ന മണ്ടേലയുടെ സ്വന്തം വീട്. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്‍റെ താവളമായിരുന്നിടം.

നിർത്താൻ തുടങ്ങുന്നതിനും മുമ്പേ ഞങ്ങളുടെ വാഹനത്തെ ചെറുപ്പക്കാരുടെ ഒരു സംഘം വളഞ്ഞു. അവർ അഞ്ചാറു പേർ. ദേഹമാസകലം നിറങ്ങൾ പൂശി മനോഹരമാക്കിയിരിക്കുന്നു. അവരുടേതായ ചില അഭ്യാസപ്രകടനങ്ങൾ അവതരിപ്പിക്കുകയാണ് അടുത്തപടി. മേൽക്കുമേൽ കയറിയും മുട്ടുകുത്തി നിന്നും ചാടി മറിഞ്ഞുമുള്ള പ്രകടനങ്ങൾ. വെറും ഭിക്ഷാടനമല്ല. കൈനീട്ടാനും വേണം ഒരു കാരണം.

ഞങ്ങൾ അതു ശ്രദ്ധിക്കുന്നില്ലെന്നായപ്പോൾ, അപ്പോൾ വന്നുനിന്ന മറ്റൊരു വാഹനത്തിനരികിലേക്ക് അവർ ഓടിമാറി. താളാത്മകമായ നൃത്തത്തിന്‍റെ ലാസ്യഭംഗിയുള്ള ചുവടുകളോടെ. ആഫ്രിക്കൻ വാസത്തിനിടയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞ ഒരു പ്രധാന സംഗതി അവരുടെ ജീവിതത്തിന്‍റെ ഈ താളമാണ്. ഏതു ഗൗരവമുള്ള വിഷയത്തെയും ലാഘവത്തോടെ കാണാൻ േപ്രരിപ്പിക്കുന്ന താളം. ഈ ശരീരതാളത്തിന് പ്രത്യേകിച്ച് എന്തെങ്കിലും പേരുണ്ടോ എന്നെനിക്കറിയില്ല. അവരുടെ പ്രക്ഷോഭപരിപാടികളുടെ ഒരു ഹ്രസ്വചിത്രം കാണാനിടയായപ്പോഴും ഈ താളം എന്‍റെ ശ്രദ്ധയിൽ വന്നു. വെറുതെ മുദ്രാവാക്യങ്ങൾ മുഴക്കി, ആർത്തട്ടഹസിച്ച് നീങ്ങുകയല്ല അവർ. പകരം പാട്ടുപാടിയും നൃത്തംചെയ്തും ആ പ്രകടനത്തെ താളനിബദ്ധമായ പ്രതിരോധമാക്കുകയാണവർ. ഏതു കഠിനചുറ്റുപാടുകളിലും ഉല്ലാസവാന്മാരായി ജീവിക്കാൻ േപ്രരിപ്പിക്കുന്ന പ്രാചീനമായ ഏതോ ജൈവികോർജം!

നിക്ക് അവിടത്തെ ലോക്കൽ ഗൈഡിനു ഞങ്ങളെ കൈമാറി. ഇനി അയാളുടെ ഊഴമാണ്. ഊർജസ്വലനായൊരു ചെറുപ്പക്കാരൻ. ആഫ്രിക്കൻ വംശജനാണെന്നു തോന്നില്ല. ഇന്നത്തെ മ്യൂസിയമായി മാറുന്നതിനു മുന്നോടിയായി നാല് മുറികളുണ്ടായിരുന്ന ആ വീടിന്‍റെ ഉൾഭാഗം അവർ രൂപഭേദപ്പെടുത്തിയിട്ടുള്ളതിന്‍റെ അടയാളങ്ങൾ തറയിൽ കാണാം. അടുക്കള, തണുപ്പുകാലത്ത് വീട് ചൂടുപിടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഫയർപ്ലേസ്​, മണ്ടേല ഉപയോഗിച്ചിരുന്ന കട്ടിൽ (?)

‘‘അതെങ്ങനെ? ആറടിയോളം ഉയരമുണ്ടായിരുന്നല്ലോ അദ്ദേഹത്തിന്; ഇതു നാലടി പോലുമില്ലല്ലോ?’’

പയ്യൻ ചൂളിയില്ല. അവൻ ചിരിച്ചു.

‘‘ഒറിജിനൽ നഷ്​ടപ്പെട്ടുപോയി, സർ; ഇത് റിപ്ലിക്കയാണ്!’’

‘‘അപ്പുറത്തുകണ്ട സമാധാന നൊബേലിന്‍റെ സ്വർണമെഡൽപോലെ, അല്ലേ?’’

‘‘അതെ.’’

‘‘അപ്പോൾ ഒറിജിനിൽ എവിടെയുണ്ടാകും.’’

‘‘അപ്പാർത്തൈറ്റ് മ്യൂസിയത്തിൽ കാണുമായിരിക്കും.’’

അയാൾക്കും ഉറപ്പില്ല.

ഇവയൊന്നും തന്നെ മണ്ടേലയുടെ വീടിനെ നിസ്സാരമാക്കുന്ന കാര്യങ്ങളല്ല. പുറംചുമരുകളിൽ തറച്ച വെടിയുണ്ടകളുടെ അടയാളങ്ങൾ കാണുമ്പോൾ. മണ്ടേലയും കൂട്ടാളിയും രക്ഷപ്പെടാതിരിക്കാൻവേണ്ടി വെള്ളപ്പട്ടാളം വെടിയുതിർത്തതിനുള്ള തെളിവുകൾ! 1946 മുതൽ 1962 വരെ അദ്ദേഹത്തിന്‍റെ വാസം ഈ വീട്ടിലായിരുന്നു. 1957ൽ 11 വർഷത്തെ ദാമ്പത്യത്തിനുശേഷം ആദ്യ ഭാര്യ ഏവ്​ലിനുമായുള്ള ബന്ധം ഒഴിയുന്നതുവരെ. അതിനുശേഷമാണ് നാമറിയുന്ന വിന്നി ചിത്രത്തിലേക്കു വരുന്നത്. അവിടത്തെ ചുവരുകളിലൊക്കെ ‘വിന്നി മണ്ടേല: മദർ ഓഫ് ദി നേഷൻ’ എന്ന് എഴുതി​െവച്ചിട്ടുണ്ടെങ്കിലും തത്ത്വത്തിൽ അതിനു വലിയ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് നെൽസൺ മണ്ടേല തന്നെ! ഈ വീട്ടിൽനിന്നു തന്നെയാണ് പിന്നീടൊരു നാൾ കരയുന്ന മക്കളുടെ കരവലയത്തിൽനിന്നും പിടിച്ചുപറിച്ച് പട്ടാളം വിന്നിയെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയതെന്നത് ചരിത്രം.

മണ്ടേല ഗൃഹത്തിനുമുന്നിലെ തൊഴിൽരഹിതരായ കോമാളിക്കൂട്ടങ്ങൾ

ജന്മദിനങ്ങളും വാർഷികങ്ങളും മുടങ്ങാതെ ആഘോഷിക്കാറുണ്ടായിരുന്ന മണ്ടേലക്ക് വിന്നിയെ വിവാഹം ചെയ്തതിനുശേഷം വിവാഹവാർഷികം ആഘോഷിക്കാൻപോലും നേരമുണ്ടായിട്ടില്ലെന്ന് അവരുമായി വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്ന കെവിൻ ജോസഫ് എന്ന ഫോട്ടോഗ്രാഫർ എഴുതിയിട്ടുണ്ട്. (Mandela in Focus: Kevin Joseph & Farook khan, Quapho Communications, Durban, S.A.) ആദ്യ വിവാഹവാർഷികത്തിനായി വിന്നി വാങ്ങിയ കേക്കു മുറിക്കാൻ നേരം കിട്ടാതെപോയതിനാൽ, അവരുടെ വാർഡ്റോബിൽ ഒരു പുരാസ്​മരണപോലെ, നീണ്ട മുപ്പതുവർഷക്കാലം ആ കേക്ക് കാത്തിരുന്നതിനെക്കുറിച്ചും!

വിന്നി: നെൽസൺ മണ്ടേലമാരുടെ, തടവിലും വിടുതലിലുമായി നീണ്ടുപോയ ജീവിതം പ്രമേയമാകുന്നൊരു നാടകകൃതി മലയാളത്തിലും ഉണ്ടായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അവാർഡു നേടിയ നാടകം. ‘മണ്ടേലക്ക്, സ്​നേഹപൂർവം വിന്നി.’ നാടകകൃത്തിന്‍റെ പേര് ഓർമയില്ലേ? ‘ക്രിസ്​തുവിന്‍റെ ആറാം തിരുമുറിവ്’ എന്ന വിവാദനാടകത്തിലൂടെ കേരളത്തിലെമ്പാടും കൊടുങ്കാറ്റു വിതച്ച പി.എം. ആന്‍റണി. അതിന് ആധാരമായതാകട്ടെ വിന്നിയുടെ ‘Part of my Soul went with him’ എന്ന ആത്മകഥാപരമായ കൃതിയും. പല നാളുകളായി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന പുസ്​തകം. ദക്ഷിണാഫ്രിക്കയിലുള്ള ഏതാണ്ടെല്ലാ പ്രമുഖ പുസ്​തകശാലകളിലും കയറിയിറങ്ങിയിട്ടും -മടങ്ങിപ്പോരുന്ന ദിവസം വളരെ വൈകി വരെയും -1985ൽ ഒന്നാം പതിപ്പിറങ്ങിയ വിന്നിയുടെ പുസ്​തകം കണ്ടെത്താൻ കഴിഞ്ഞില്ല. അവരെക്കുറിച്ചുള്ള ജീവചരിത്ര കൃതികൾ ലഭ്യമാണെങ്കിലും. പി.എം. ആന്‍റണിയുടെ നാടകത്തിന്‍റെ അവസ്​ഥയും അതുതന്നെയാണെന്നു കേൾക്കുന്നു.

വിന്നിയുടെ പുസ്​തകത്തിന് പുതിയൊരു പതിപ്പുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ജൊഹാനസ്​ബർഗിൽ സെക്കൻഡ്ഹാൻഡ് പുസ്​തകങ്ങൾ വിൽപന നടത്തുന്ന കടയുടമയും പറയുന്നത്. അതിനു പിന്നിൽ നമുക്ക് മനസ്സിലാകാത്തെ രാഷ്ട്രീയ കാരണങ്ങൾ പലതുമുണ്ട്. കാൽനൂറ്റാണ്ടു കാലത്തോളം മണ്ടേല തടവറയിലായിരുന്നു. ആ കാലമത്രയും വിന്നിയും ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തകരും നടത്തിയ സന്ധിയില്ലാസമരങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരൻ നടത്തുന്ന കിരാതഭരണത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നത്. ജയിൽ മോചിതനായി പുറത്തിറങ്ങിയ മണ്ടേല കാണുന്നത് തനിക്കൊപ്പമോ അതിനും മീതെയോ വളർന്നുനിൽക്കുന്ന വിന്നിയെയാണ്. അസ്വാരസ്യങ്ങൾ അവിടം മുതൽ ആരംഭിച്ചു തുടങ്ങിയെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രസിഡന്‍റ് പദവിയിൽ എത്തിയപ്പോഴേക്കും വിന്നി അദ്ദേഹത്തിന് ഒഴിവാക്കേണ്ട ഒരു ഭാരംതന്നെയായി മാറി.

അതിനിടയിൽ എ.എൻ.സിയിൽ (African National Congress) ഉണ്ടായ ചില കുത്തിത്തിരിപ്പുകളും ഒരനുയായിയുടെ ദുരൂഹമരണവുമെല്ലാം വിന്നിക്കു സമ്മാനിച്ചത് ദൗർഭാഗ്യത്തിന്‍റെ നാളുകളായിരുന്നു. സാഹചര്യം തനിക്ക് അനുകൂലമാക്കി മാറ്റാൻ മണ്ടേലക്ക് പിന്നെ പ്രയാസമുണ്ടായില്ല. ശാസ്​ത്രസാങ്കേതികം, കലയും സംസ്​കാരവും തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഉപമന്ത്രിയായിരുന്നെങ്കിലും അഴിമതിയാരോപണങ്ങളും വിന്നിക്കെതിരെ ഉയർന്നുവന്നു. സാഹചര്യം മുതലെടുത്തുകൊണ്ട് പതിനൊന്നാമത്തെ മാസം മണ്ടേല അവരെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. 38 വർഷക്കാലം ഹൃദയത്തിന്‍റെ ഒരു ഭാഗമായി തന്നോടൊപ്പം ഉണ്ടായിരുന്ന വിന്നിയുമായുള്ള ബന്ധം വേർപെടുത്താനും മണ്ടേലക്ക് അധികകാലം വേണ്ടിവന്നില്ല. പിന്നീട് ഒരു രണ്ടാണ്ടു തികയും മുമ്പ്, 1998ൽ അദ്ദേഹം ഗ്രാക്കാ മാർഷലിനെ വിവാഹം ചെയ്യുകയും ചെയ്തു. ഇവയെല്ലാം മണ്ടേലയെയും വിന്നിയെയും വിമർശിക്കുന്നവർ നിരത്തുന്ന വാദങ്ങളാണ്. അതുകൊണ്ടുതന്നെ വിന്നിയുടെ ആത്മകഥക്ക് ഒരു പുതിയ പതിപ്പുണ്ടാവുകയെന്നത് ചിന്തനീയമായ കാര്യമല്ലെന്ന് അവർ കരുതുന്നതിൽ ന്യായമുണ്ടാകണം.

(ദക്ഷിണാഫ്രിക്കയിലെ പുസ്​തകശാലകളിലെല്ലാം അലഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്ന വിന്നിയുടെ ഓർമപ്പുസ്​തകം ‘ആമസോൺ’ കാടുകളിലലഞ്ഞ് ഈ ലേഖകൻ പിന്നീട് ഒരു കോപ്പി സ്വന്തമാക്കുകയുണ്ടായി, നാട്ടിൽ മടങ്ങിയെത്തിയതിനുശേഷം. നൂറ്റമ്പതിൽ കുറവുമാത്രം പുറങ്ങളുള്ള പ്രസ്​തുത പുസ്​തകത്തിന് വില വെറും 999 രൂപ!

1985ൽ ഒന്നാം പതിപ്പായി അമേരിക്കയിലിറങ്ങിയ പുസ്​തകത്തിന്‍റെ ബാക്കിയുണ്ടായ ഒരേയൊരു കോപ്പി! സത്യത്തിൽ പത്തു നാൽപതു കൊല്ലത്തെ പഴക്കം ഉണ്ടാകേണ്ടൊരു പുസ്​തകം. അച്ചടിയുടെ ചൂടുമാറാതെ, കടലാസിന്‍റെ നിറം മങ്ങാതെ, പുറംചട്ടയുടെ ലാമിനേഷൻപോലും ചുളിയാതെ; അപ്പോൾ ചുട്ടെടുത്ത തട്ടുദോശപോലെ എന്നെ നോക്കി ചിരിക്കുന്നു. ആദ്യവസാനം ഞാൻ തിരിച്ചും മറിച്ചും നോക്കി. ഒടുവിലത്തെ പുറത്തിനു പക്ഷേ അക്ഷരത്തിന്‍റെ സത്യം വിളിച്ചുപറയാതിരിക്കാൻ കഴിഞ്ഞില്ല. പുസ്​തകം അച്ചടിച്ചിരിക്കുന്നത് അമേരിക്കയിലോ ലണ്ടനിലോ ഒന്നുമല്ല. പകരം, പ്രിന്‍റഡ് അറ്റ് വിെപ്രാ ഇന്ത്യ ലിമിറ്റഡ്! യഥാർഥ ഉറവിടമായ ദക്ഷിണാഫ്രിക്കയിലോ അമേരിക്കയിൽത്തന്നെയോ വിന്നിയുടെ പുസ്​തകം കിട്ടിയില്ലെങ്കിലെന്ത്, ഇതാ നമ്മുടെ സ്വന്തം ഇന്ത്യയിൽനിന്നും ഒന്നാന്തരമൊരു പൈറേറ്റഡ് എഡിഷൻ!)

മണ്ടേലയുടെ ജീവിതമപ്പാടെ ആ കൊച്ചുവീട്ടിൽ അവർ പുനഃസൃഷ്​ടിച്ചിട്ടുണ്ട്. അപൂർവ ചിത്രങ്ങളും രേഖകളും ശിൽപങ്ങളുമൊക്കെയായി. ഗൈഡ് പയ്യൻ ഒരാളെയും വിടാതെ ഓടിച്ചിട്ടുപിടിച്ച് അവന്‍റെ പ്രഭാഷണം തുടരുന്നുണ്ട്. കാരണം ഓരോ ആളും അവന്‍റെ അരിയാണല്ലോ. പയ്യനിൽനിന്നും കുതറിമാറി ഞങ്ങൾ പുറത്തെത്തിയതിലും വേഗത്തിൽ അവനും ഒപ്പം വന്നു. അവിടെ പുറത്തളത്തിൽ നിന്നിരുന്ന, തടിയിൽ പ്രായം അതിന്‍റെ അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വൻമരമാകാതെ ചെറിയ ശിഖരങ്ങളോടെയും നിറയെ ഇലച്ചാർത്തുകളോടെയും നിന്നിരുന്ന ആ മരത്തെക്കുറിച്ച് ഞാൻ പയ്യനോട് അന്വേഷിച്ചു.

‘‘മരത്തിന്‍റെ പേര് എനിക്കറിയില്ല.’’ അവൻ പറഞ്ഞു.

മണ്ടേല ട്രീ,വിന്നി മണ്ടേലയുടെ ആത്മകഥയുടെ കവർ

 ‘‘മണ്ടേല നട്ട മരമാണിത്, മണ്ടേല മരം’ (Mandela tree) എന്നാണിപ്പോൾ ഇത് അറിയപ്പെടുന്നത്.’’

ശരിയാണ്; മണ്ടേലക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു ആ മരം. ഒരു പ്രതീകം എന്ന നിലക്കാണ് മണ്ടേല ആ മരത്തെ എന്നും വിശേഷിപ്പിച്ചിരുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും വന്ന് അതിനു വെള്ളമൊഴിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നതായി സെന്‍റ് ജയിംസ്​ പാർക്കിലെ ഒരു സമ്മേളനത്തിൽ​െവച്ചും അദ്ദേഹം പറയുകയുണ്ടായി എന്ന് ഞാൻ വായിച്ചിരുന്നു. മനോഹരമായ ഒരു ഓഫിസ്​ അവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും സന്ദർശകരുടെ കാര്യത്തിൽ അവർക്കു വലിയ താൽപര്യമുള്ളതായി തോന്നിയില്ല. കാര്യങ്ങൾ പറഞ്ഞുതരാനോ സംശയങ്ങൾ പരിഹരിക്കാനോ അവർ ശ്രമിക്കുന്നുമില്ല. എല്ലാം കറുത്ത യുവതികളാണ്. പണം വാങ്ങി ടിക്കറ്റുകൾ നൽകുന്നതിനപ്പുറം അവർക്കൊരു വിവരവും അറിയില്ല. എന്തിനെക്കുറിച്ചെങ്കിലും അന്വേഷിച്ചാൽ ആളില്ലാത്ത അടുത്ത സീറ്റിലേക്ക് അവർ വിരൽചൂണ്ടും; നമ്മുടെ സർക്കാർ ഓഫിസുകളിലേതുപോലെതന്നെ! കാത്തുനിൽക്കാൻ നേരമില്ലാത്ത സഞ്ചാരികൾ അവരുടെ വഴിയേ പുറത്തേക്ക്. അവിടെ സുവനീറുകൾ വിൽക്കുന്ന ചെറുപ്പക്കാരുടെ ബഹളം.

(തുടരും)

News Summary - South Africa travel journey