വക്കാവക്കയും ഇത്തിരി പൊളിറ്റിക്സും

അഞ്ച് മഴ പൂർണമായും വിട്ടകന്നു. വെയിൽ കനത്തുവന്നു. ഇപ്പോഴത്തെ കാലാവസ്ഥയിൽ ചൂട് എത്ര കൂടിയിട്ടും ഇവിടെ 23 ഡിഗ്രിക്കപ്പുറം കടക്കുന്നില്ല. അതേസമയം കേരളത്തിലാകട്ടെ അത് 37ൽ എത്തിയെന്നു വാർത്തകളിൽ വായിക്കുന്നു. പല ജില്ലകൾക്കും ഉഷ്ണതരംഗ മുന്നറിയിപ്പും നൽകിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയും ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ്. 2024 മേയ് 29നാണ് അവിടെ പൊതുതെരഞ്ഞെടുപ്പ്. അതിനു പക്ഷേ നമ്മുടെ നാട്ടിലെപ്പോലെ ചൂടോ തീവ്രതയോ ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളോ ഈർക്കിൽ പാർട്ടികളുടെ റോഡ്ഷോയോ ഒന്നും കണ്ടില്ല. സൺസ്ൈപ്രറ്റിലെ (Zandsprit) ചേരിനിവാസികളോട് സായാഹ്നത്തിൽ പ്രസിഡന്‍റ് സ്ഥാനാർഥി...
Your Subscription Supports Independent Journalism
View Plansഅഞ്ച്
മഴ പൂർണമായും വിട്ടകന്നു. വെയിൽ കനത്തുവന്നു. ഇപ്പോഴത്തെ കാലാവസ്ഥയിൽ ചൂട് എത്ര കൂടിയിട്ടും ഇവിടെ 23 ഡിഗ്രിക്കപ്പുറം കടക്കുന്നില്ല. അതേസമയം കേരളത്തിലാകട്ടെ അത് 37ൽ എത്തിയെന്നു വാർത്തകളിൽ വായിക്കുന്നു. പല ജില്ലകൾക്കും ഉഷ്ണതരംഗ മുന്നറിയിപ്പും നൽകിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയും ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ്. 2024 മേയ് 29നാണ് അവിടെ പൊതുതെരഞ്ഞെടുപ്പ്. അതിനു പക്ഷേ നമ്മുടെ നാട്ടിലെപ്പോലെ ചൂടോ തീവ്രതയോ ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളോ ഈർക്കിൽ പാർട്ടികളുടെ റോഡ്ഷോയോ ഒന്നും കണ്ടില്ല. സൺസ്ൈപ്രറ്റിലെ (Zandsprit) ചേരിനിവാസികളോട് സായാഹ്നത്തിൽ പ്രസിഡന്‍റ് സ്ഥാനാർഥി സിറിൽ റാമഫോസയുടെ ഒരു പ്രസംഗം കേൾക്കാൻ കഴിഞ്ഞതൊഴിച്ചാൽ. ആകെ കാണാൻ കഴിയുന്നത് വിളക്കുകാലുകളിൽ കെട്ടിെവച്ചിരിക്കുന്ന, സ്ഥാനാർഥിയുടെ ചിത്രത്തോടുകൂടിയ ഓരോരോ പാർട്ടിക്കാരുടെയും പ്രചാരണ ഫ്ലക്സ് ബോർഡുകൾ മാത്രം. ഇപ്പോഴത്തേതിലും മെച്ചപ്പെട്ടൊരു ജീവിതവും എല്ലാവർക്കും തൊഴിലും ഉറപ്പുചെയ്യുന്നുണ്ട് അവരുടെ വാഗ്ദാനങ്ങളിൽ.
നമ്മുടെ നാട്ടിലെപ്പോലെ രാഷ്ട്രീയ പാർട്ടികൾക്കും അവിടെയും പഞ്ഞമൊന്നുമില്ല. ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസും (ANC) അവരുടെ പ്രധാന എതിരാളികളായ ഡെമോക്രാറ്റിക് അലയൻസും (DA) കഴിഞ്ഞാൽ ശക്തമായ പ്രതിപക്ഷം എന്നു വിശേഷിപ്പിക്കാവുന്നത് ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സുമാണ് (EFF) മുൻനിരയിൽ. കറുത്ത ദേശീയതയും മാർക്സിസം-ലെനിനിസവുമാണ് ഫ്രീഡം ഫൈറ്റേഴ്സിന്‍റെ രാഷ്ട്രീയ ദർശനം. മറ്റൊന്ന് എം.കെ (MK) പാർട്ടിയാണ്. മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി പിറവിയെടുത്ത പ്രസ്ഥാനത്തെ, അധികാരത്തിനുവേണ്ടി ജേക്കബ് സുമ അടിച്ചുമാറ്റിയെടുത്ത രാഷ്ട്രീയ പാർട്ടി. ആഫ്രിക്കൻ മൂവ്മെന്‍റ് കോൺഗ്രസും (AMC) ഇൻകാത്താ ഫ്രീഡം പാർട്ടിയും (IFP) വേറെ. മത്സരിക്കുന്ന സ്ഥാനാർഥികൾക്കല്ല, പാർട്ടികൾക്കാണ് ഇവിടെ പ്രാധാന്യം. അതുകൊണ്ടുതന്നെ പരസ്യങ്ങളിൽ സ്ഥാനാർഥിയുടെ പേര് കണ്ടെന്നുവരില്ല. പകരം പടം മാത്രം. റോഡിനു കുറുകെ നീളത്തോടു നീളം കണ്ട ഏറ്റവും വലിയ പരസ്യം റാമഫോസയുടേതായിരുന്നു.
‘‘നിങ്ങളുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് എങ്ങനെയുണ്ട്?’’
നിക്കിനോടായി പ്രദീപ് തിരക്കി.
‘‘അദ്ദേഹം ജയിച്ച് വീണ്ടും പ്രസിഡന്‍റാകുമോ?’’
അങ്ങനെയൊരു ചോദ്യത്തിനായി കാത്തിരുന്നതുപോലായിരുന്നു നിക്കിന്‍റെ പ്രതികരണം.
ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അദ്ദേഹത്തിന്‍റെ ഭരണം എന്ന അഭിപ്രായമാണ് നിക്കിനുള്ളത്.
സമസ്ത മേഖലയിലും പരിപൂർണ പരാജയമാണയാൾ. അഴിമതി തഴച്ചുവളരുന്നു. കയറ്റുമതി ഏതാണ്ട് നിലച്ചമട്ടാണ്. പൊതുഗതാഗതം ഒരു സ്വപ്നം മാത്രമായി. മെേട്രാ റെയിൽ നിലംപരിശായി. ‘എസ്കോം’ (Electricity Supply Commission) വൈദ്യുതി നിയന്ത്രണത്തെ 16ാം സ്റ്റേജിൽ കൊണ്ടെത്തിച്ചുകഴിഞ്ഞു. എന്നുെവച്ചാൽ 32 മണിക്കൂർ വരെ നിയന്ത്രണം വന്നേക്കാവുന്ന അവസ്ഥ. തൊഴിലില്ലായ്മ പെരുകി. സാമ്പത്തിക മാന്ദ്യം അതിന്‍റെ ഉച്ചകോടിയിലായി. ഇതിൽക്കൂടുതലായി എന്തുവേണം?
‘‘ഒരു ഉദാഹരണം വേണമെങ്കിൽ ഞാനിപ്പോൾ കാണിച്ചുതരാം.’’
തൊട്ടുമുന്നിലുള്ള കവലയിൽനിന്നും അയാൾ വണ്ടി വലത്തേക്കു തിരിച്ചു. കുടമണി കിലുക്കിയെത്തിയ വലിയൊരുപറ്റം കാലികൾക്ക് റോഡ് മുറിച്ചുകടക്കാൻ വേണ്ടി അടുത്ത നിമിഷം അയാൾക്കു വാഹനം നിർത്തേണ്ടിവന്നു. പശുക്കളാണ് കൂടുതലും. അവയെ മേയ്ക്കുന്ന മൂന്നോ നാലോ കറുത്ത ഇടയന്മാരും രണ്ട് കാവൽനായ്ക്കളും. അവ റോഡിനപ്പുറമുള്ള പുൽമേട്ടിലേക്ക് നീങ്ങി.
‘‘ഇടതുവശത്തുള്ള ആ രണ്ട് ഫർണസുകൾ കണ്ടോ?’’
ആണവ റിയാക്ടറിന്‍റേതുപോലുള്ള രണ്ട് ഫർണസുകൾ!
‘‘അതു രണ്ടും ഉപേക്ഷിച്ചവയാണ്, കൽക്കരിയിൽനിന്നും വൈദ്യുതി ഉണ്ടാക്കാൻവേണ്ടി കെട്ടിപ്പൊക്കിയ ഇത്തരം പ്ലാന്‍റുകൾ ഈ സംസ്ഥാനത്ത് എത്ര വേണമെങ്കിലും നമുക്കു കാണാൻ കഴിയും.’’
ജലവൈദ്യുതി പദ്ധതികളില്ലാത്ത ദക്ഷിണാഫ്രിക്കയിൽ കൽക്കരിയിൽനിന്നാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതെന്നു വായിച്ചിരുന്നു. കൽക്കരി നിറച്ച ഗുഡ്സ് െട്രയിനുകൾ പാഞ്ഞുപോകുന്നതു പലപ്പോഴും കാണാനും കഴിഞ്ഞു. ചിലയിടങ്ങളിൽ അപൂർവമായി കാറ്റാടിപ്പാടങ്ങളും.
‘‘ഇതൊരു ചെറിയ ഉദാഹരണം മാത്രം.’’
ജൊഹാനസ്ബർഗിലെ ഒ.ആർ ടാംബോ എയർപോർട്ട് ബുക്സ്റ്റാളിൽനിന്നും ജിജോ വാങ്ങിയ ആേന്ദ്ര ദെ റൈട്ടറിന്‍റെ (Andre De Ruyter) ‘ട്രൂത്ത് ടു പവർ: മൈ ത്രീ ഇയേഴ്സ് ഇൻസൈഡ് എസ്കോം’ (Truth to power: My three years inside ESCOM) എന്ന അനുഭവക്കുറിപ്പുകളുടെ പുസ്തകമാണ് പെട്ടെന്ന് ഞാൻ ഓർത്തത്. മൂന്നു വർഷക്കാലം (2020 ജനുവരി മുതൽ 2023 ഫെബ്രുവരി വരെ) എസ്ക്കോമിന്റെ സി.ഇ.ഒ ആയിരിക്കാൻ വിധിയുണ്ടായ ആേന്ദ്രയുടെ അനുഭവങ്ങൾ. എസ്ക്കോമിനെ നന്നാക്കിയെടുക്കാൻ നിയോഗിക്കപ്പെട്ടയാൾ. ഇടംവലം തിരിയാൻ താഴേത്തട്ടിലുള്ള ജീവനക്കാർ മുതൽ മന്ത്രിതലത്തിലുള്ളവർ വരെ അനുവദിക്കുകയുണ്ടായില്ലെന്നതു സത്യം.
അഴിമതിയുടെ നരകത്തീയിൽ കൽക്കരിപോലെ വെന്തുനീറിക്കൊണ്ടിരുന്ന എസ്കോമിന്റെ മേധാവിയെന്ന പണിയിൽനിന്നും ജീവനിൽ കൊതിയുണ്ടായിരുന്ന ആേന്ദ്ര രക്ഷപ്പെട്ടു പോന്നതിന്‍റെ ഞെട്ടലുളവാക്കുന്ന സത്യവാങ്മൂലം. പോയ നിരവധിയാണ്ടുകളായി അമേരിക്കയിൽ ജീവിക്കുന്ന പ്രദീപിന് ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യമായ അറിവുണ്ടായിരുന്നു.

ബോബ് ഗോസാനിയെടുത്ത ജയിലിലെ മനുഷ്യയാതനകളുടെ ചിത്രം
‘‘ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്‍റെ തുടർച്ചതന്നെയാണല്ലോ പിന്നീടുവന്നവരും, എംബകിയും സുമയും റാമഫോസയുമുൾെപ്പടെ. അപ്പോൾ അവരെല്ലാവരും ഭരണപരമായി വിജയമായിരുന്നു എന്നാണോ; മണ്ടേലയുൾെപ്പടെ?’’
‘‘നല്ല ചോദ്യം!’’
നിക് വെള്ളക്കുപ്പി തുറന്ന് ഒരു കവിൾ വെള്ളം കുടിച്ചു. ഞങ്ങൾക്കാണെങ്കിൽ നന്നെ വിശക്കുന്നുണ്ടായിരുന്നു. അത് അയാളോടൊന്നു പറയാൻ ഒരിടവേള കിട്ടുന്നില്ല.
‘‘മണ്ടേലക്കു മുമ്പ് അപ്പാർതൈറ്റ് ഭരണകൂടമായിരുന്നു എന്നതു നേരുതന്നെ. ഞങ്ങളെല്ലാം ആ വർണവെറിയുടെ ഇരകളുമാണ്. കുറഞ്ഞപക്ഷം വെളുത്തവർക്കെങ്കിലും അതു ക്ഷേമകരമായിരുന്നു. എല്ലാ മേഖലകളിലും വലിയ പുരോഗതിയുണ്ടായ കാലം. അതിന്‍റെ മൊത്തം നീക്കിവെപ്പുകളെയാണ് ഒരു സ്വർണത്തളികയിൽെവച്ച് മണ്ടേലക്ക് നീട്ടിയത്. അദ്ദേഹത്തിനു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. കിട്ടിയ അധികാരം ചുമ്മാ ആസ്വദിക്കുക മാത്രം! നോക്കൂ, കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ പുതിയൊരു റോഡുപോലും ഇവിടെ ഉണ്ടായിട്ടില്ല. ഇക്കാണുന്നതെല്ലാം അവർ ഉണ്ടാക്കിെവച്ചിട്ടു പോയതാണ്. വെള്ളക്കാർ ഇരുന്ന കസേരയിൽ കറുത്തവർ കയറിയിരുന്നു എന്നതു മാത്രമാണ് ആകെയുണ്ടായ പുരോഗതി...’’
അയാൾക്കു പിന്നെയും എന്തെല്ലാമോ വിളിച്ചുപറയണമെന്നുണ്ടായിരുന്നു, നിങ്ങളൊരു എ.എൻ.സി വിമതനാണോ എന്ന പ്രദീപിന്‍റെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും.
‘‘ദക്ഷിണാഫ്രിക്ക ആര് ഭരിക്കും?’’ (Who will rule South Africa?) എന്ന പേരിൽ വളരെ ശ്രദ്ധേയമായൊരു ഗ്രന്ഥം അടുത്തകാലത്ത് ഇറങ്ങുകയുണ്ടായി. പത്രപ്രവർത്തകരായ ആഡ്രിയാൻ ബാസ്സനും (Adrian Basson) ക്വാനിതാ ഹണ്ടറും (Quanitah Hunter) ചേർന്നെഴുതിയത്. 2024 മേയ് 29ലെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് എന്ന പ്രസ്ഥാനം നാമാവശേഷമാകുമോ? പകരം പുതിയൊരു രാഷ്ട്രീയസഖ്യം ഉടലെടുക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളോടെ (Fly leaf Publishers, South Africa -2003. R. 270)...
‘‘ഞങ്ങൾക്കു വല്ലാതെ വിശക്കുന്നുണ്ട്. മോൾ വിഷമിക്കുന്നു. എവിടെയെങ്കിലും ഒന്നു നിർത്തരുതോ?’’
‘‘ഉറപ്പായും.’’
അങ്ങനെ പറഞ്ഞെങ്കിലും അയാൾ വണ്ടി നിർത്തിയില്ല. ഉച്ചവെയിലിൽ മദിച്ച്, തീർത്തും വിജനമായിക്കിടക്കുന്ന വഴിത്താര, ഒരിക്കലും അവസാനിക്കാത്ത മുഷിഞ്ഞ ചേരികൾ, മുഷിഞ്ഞ മനുഷ്യർ, ആർക്കെല്ലാമോ എതിരെയുള്ള ചോദ്യങ്ങൾപോലെ വെറുതെ ചേരികൾ അങ്ങനെ നിലനിൽക്കുകയാണ്; ഒഴിച്ചുകൂടാനാകാത്ത ഒരാവശ്യകതപോലെ!
ഫുട്ബാളിനും സോക്കറിനുംവേണ്ടി 1959ൽ വളച്ചുകെട്ടിയ ഓർലാൻഡോ സ്റ്റേഡിയം അനാഥമായി കിടക്കുന്നത് നിക് ചൂണ്ടിക്കാട്ടി.
വിശന്നു മയങ്ങുന്ന നന്മയെ ഞാൻ വിളിച്ചുണർത്തി. അവളാണ് എവിടെയും ഞങ്ങളുടെ ഫോട്ടോഗ്രാഫർ. സ്റ്റേഡിയത്തിന്‍റെ രൂപകൽപന തെരുവുവിളക്കുകളുടെ നിർമാണത്തിൽപ്പോലും പ്രതിഫലിച്ചിരിക്കുന്നതു കാണാം. നേരെ നിവർന്നുനിൽക്കുന്നതിനു പകരം, തെരുവ് അവസാനിക്കുന്നിടംവരെ അകത്തേക്കു വളഞ്ഞുനിൽക്കുന്ന അതിന്‍റെ രൂപകൽപന ആകർഷകമായി തോന്നി.
‘‘നന്മ റെഡിയായിരുന്നോളൂ; വലിയൊരു സ്റ്റേഡിയം വരുന്നുണ്ട്. 2010ലെ 19ാമത് ഫിഫാ വേൾഡ് കപ്പ് ഫുട്ബാളിൽ നെതർലൻഡ്സും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടന്ന എഫ്.എൻ.ബി സ്റ്റേഡിയം!’’
രാഷ്ട്രീയം വിട്ട് നിക് തന്ത്രപൂർവം ഫുട്ബാളിലേക്ക് കടക്കുകയാണ്.
ഞങ്ങൾക്കു സൗകര്യപ്രദമായി കാണാനും ഫോട്ടോകൾ എടുക്കാനുമായി അയാൾ വണ്ടി സോക്കർ സിറ്റി അവന്യൂവിലേക്ക് തിരിച്ചു. ഒരു ഗംഭീര ബൗളിന്‍റെ (Bowl) ആകൃതിയിലുള്ള സ്റ്റേഡിയം, ആഫ്രിക്കയുടെ ഭൂമിശാസ്ത്രംപോലെ തന്നെ അനന്തവൃത്താകാരത്തിൽ! (അല്ലെങ്കിലും ദക്ഷിണാഫ്രിക്കതന്നെ വലിയൊരു സ്റ്റേഡിയമാണല്ലോ!) 97,000 പേർക്കുള്ള ഇരിപ്പിട സൗകര്യമുണ്ടെങ്കിലും മത്സരഘട്ടത്തിൽ മറ്റ് ആവശ്യങ്ങൾക്കായി നീക്കിവെക്കപ്പെടുന്ന ഇടങ്ങൾ ഒഴിച്ചാൽ 94,000 പേർക്കിരുന്ന് കളികാണാൻ കഴിയുന്ന സൗകര്യങ്ങൾ.
അതിനെ വലംവെക്കുന്ന വഴിത്താരയിലൂടെ നിക് ഒരുതവണ ഞങ്ങളെയുംകൊണ്ട് വലംെവച്ചു. 2010ലെ ഫൈനലിനുശേഷമുള്ള ക്ലോസിങ് സെറിമണിക്കു സാക്ഷ്യംവഹിക്കാൻ സാക്ഷാൽ നെൽസൺ മണ്ടേലതന്നെയും വന്നിരുന്നു. അപ്പോഴദ്ദേഹം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റായിരുന്നില്ല എന്നോർക്കണം.
നന്മയും ഷെറീനും കാറിലിരുന്നുതന്നെ സ്റ്റേഡിയത്തിന്‍റെ ഏതാനും ചിത്രങ്ങളെടുത്തു. സ്പെയിനിന്റെ ലോകകപ്പ് വിജയമോ അതിന്‍റെ ആഹ്ലാദോത്സവങ്ങളോ ഒന്നുമായിരുന്നില്ല അപ്പോൾ എന്‍റെ മനസ്സിൽ. ആഫ്രിക്കയുടെ ചരിത്രവും സംസ്കാരവും അവരുടെ നാടോടിസംഗീതവും ഇഴചേർത്ത് ലബനീസ് സംഗീതജ്ഞയും നർത്തകിയുമായി ഷാക്കിറ (Shakira) എന്ന സ്വപ്നസുന്ദരി ചെയ്ത വശ്യമധുരമായ നൃത്തവും പ്രസിദ്ധമായ ആ ഗാനവും ആയിരുന്നു.
‘‘സാമിനാമിനാ ഏ... ഏ...
വക്കാവക്കാ ഏ... ഏ...
ദിസ് ടൈം ഫോർ ആഫ്രിക്കാ...’’
അതോടൊപ്പം ആവേശഭരിതമായ ആൾക്കൂട്ടം ‘വുവുസേല’ എന്ന കുഴൽവാദ്യത്തിലൂടെ ഗാലറിയിൽനിന്നും ഉയർത്തിവിടുന്ന ആ നാദവൈഖരി! ആ ലോകകപ്പിന്‍റെ ഓർമക്കായി തന്‍റെ സഞ്ചാരത്തിനിടയിൽ ജിജോ സമ്പാദിച്ച ‘വുവുസേല’ ഞാനിപ്പൊഴും ഭദ്രമായി സൂക്ഷിച്ചുെവച്ചിരിക്കുന്നതോർത്ത് സന്തോഷം തോന്നി.
കൊച്ചിയിലെ മട്ടാഞ്ചേരിയിലേക്ക് കടന്നാലെന്നോണം വഴിത്താരകൾ നേർത്തുനേർത്തുവന്നു. നിറങ്ങൾ വാരിയൊഴിച്ച് ചിത്രങ്ങൾ വരച്ച ചുവരുകൾ. നിറമുള്ള മനുഷ്യർ.
കുറിപ്പ്: ഈ ലേഖകൻ ദക്ഷിണാഫ്രിക്കയിൽ സഞ്ചരിക്കുമ്പോൾ അവിടെ തെരഞ്ഞെടുപ്പു കഴിഞ്ഞിരുന്നില്ല. 2024 മേയ് 29ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ കഴിഞ്ഞ 30 വർഷത്തിനുശേഷം ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണുണ്ടായത്. പ്രസിഡന്‍റ് സിറിൽ റാമഫോസയുടെ നേതൃത്വത്തിലുള്ള എ.എൻ.സിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. എ.എൻ.സിയുടെ ബദ്ധശത്രുവും വെസ്റ്റേൺ കേപ് െപ്രാവീൻസിന്‍റെ ഭരണം കൈയാളുന്ന വെള്ളക്കാരുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് അലയൻസുമായി വീണ്ടും അധികാരത്തിലെത്താൻവേണ്ടി റാമഫോസെക്ക് സഖ്യമുണ്ടാക്കേണ്ടിവന്നു.

ഉപേക്ഷിക്കപ്പെട്ട കോൾ ഫർണസുകൾ,‘ഹു വിൽ റൂൾ സൗത്ത് ആഫ്രിക്ക’ എന്ന പുസ്തകത്തിന്‍റെ കവർ,‘ട്രൂത്ത് ടു പവർ’ എസ്.കോം മേധാവിയുടെ അനുഭവക്കുറിപ്പുകളുടെ കവർ പേജ്
ആറ്
മഹാത്മയും മഡീബയും
നിക് എന്ന നിക്കോളസിനൊപ്പമുള്ള പകൽ അവസാനിക്കാൻ ഇനിയും നേരം ധാരാളമുണ്ട്. ഞങ്ങൾ പക്ഷേ ഇപ്പോൾത്തന്നെ ക്ഷീണിതരായിക്കഴിഞ്ഞു. മണ്ടേലാ ഹൗസിനു സമീപമുള്ള റസ്റ്റാറന്‍റിൽ പ്രദീപിനൊപ്പം നിക് ഉച്ചഭക്ഷണത്തിനു പോയപ്പോഴും ആ ഒന്നരമണിക്കൂർ നേരം ഞങ്ങൾ വണ്ടിയിൽത്തന്നെ കഴിയുകയായിരുന്നു. യാത്രക്കിടയിൽ ഒരിടത്തുനിന്നും ഭക്ഷണം കഴിക്കേണ്ടതില്ലെന്നും നേരത്തേ ഞങ്ങൾ തീരുമാനിച്ചിരുന്നു. മുൻകരുതലെന്നോണം രാവിലെ ഹോട്ടലിൽനിന്നു പുറപ്പെടുമ്പോൾ കരുതിയിരുന്ന പഴവർഗങ്ങളിൽ ഞങ്ങൾ ഉച്ചവിശപ്പിനോടു സുല്ലു പറഞ്ഞു.
ഉച്ചനേരം, കത്തുന്ന തീപ്പൊരിവെയിൽ, എന്നിട്ടും റോഡിലെ വാഹനത്തിരക്കിനു കുറവൊട്ടുമില്ല. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സജീവമായ വിപണി കാർ വ്യാപാര മേഖലയാണെന്ന് തോന്നിയിട്ടുണ്ട്. അല്ല; അതൊരു യാഥാർഥ്യം തന്നെയാണ്. എവിടേക്ക് തിരിഞ്ഞാലും കാർ ഷോറൂമുകൾ മാത്രം. ലോകത്തിലെ എല്ലാ ബ്രാൻഡുകളും. ഒപ്പം മഹീന്ദ്രയും ബജാജും ഉൾെപ്പടെയുള്ള ഇന്ത്യൻ നിർമിത വാഹനങ്ങളും.
‘‘സാധാരണക്കാരായ മനുഷ്യർ പക്ഷേ എന്തുചെയ്യും? പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം കാര്യക്ഷമമല്ലാത്തൊരു നാട്ടിൽ?’’
‘‘അതിനല്ലേ, ടാക്സികൾ! ഗതാഗതത്തിനു സാധാരണക്കാരന്‍റെ ഏക ആശ്രയം ടാക്സികളാണ്. നിങ്ങളുടെ ഡൽഹിയിലും മുംബൈയിലുമുള്ള ടാക്സികളല്ല. പത്തും പതിനഞ്ചും പേർക്കു കയറാവുന്ന വാനുകൾ. അതാണിവിടത്തെ ടാക്സികൾ.’’
ഒരു വഴിക്കവലയിൽ യാത്രക്കാരെ കാത്തുകിടക്കുന്ന എണ്ണമറ്റ ടാക്സികളെ നിക് ഞങ്ങൾക്കു കാണിച്ചുതന്നു.

കോൺസ്റ്റിറ്റ്യൂഷൻ ഹില്ലിലെ തടവറകൾ
നമ്മൾ, നാട്ടിൽ ഓട്ടോകളെ പേടിക്കുന്നതുപോലെയാണ് മറ്റ് വാഹനമോടിക്കുന്നവർ ഈ ടാക്സികളെ പേടിക്കുന്നത്. ട്രാഫിക് നിയമങ്ങളോട് നമ്മുടെ ഓട്ടോക്കാരെപ്പോലെതന്നെ ഇവർക്കും പുല്ലുവിലയാണ്. പിന്നെ വിചാരിക്കാത്ത നേരത്തുള്ള പണിമുടക്കുകളും (ടാക്സി ഉടമകളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഡർബനിലെ എൻ–2 ഹൈവേ മണിക്കൂറുകളോളം നിശ്ചലമാക്കുകയും ജനത്തെ വഴിയാധാരമാക്കുകയും ചെയ്തത് ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു).
അതേസമയം, ഗതാഗതനിയമങ്ങൾ പാലിക്കുന്നതിൽ അങ്ങേയറ്റത്തെ ശ്രദ്ധ കാണിക്കുന്ന ഇവിടത്തെ സ്വകാര്യവാഹന ഉടമകളെ നമ്മൾ മാതൃകയാക്കേണ്ടതാണ്. ആറുവരിപ്പാതകളും ജങ്ഷനുകളിലെല്ലാം സിഗ്നൽ സംവിധാനങ്ങളുണ്ടെങ്കിലും അവർ പ്രകടിപ്പിക്കുന്ന ക്ഷമ എടുത്തുപറയേണ്ടതാണ്.
ഈ നീണ്ട യാത്രക്കിടയിൽ ഒരിക്കൽപോലും അസഹിഷ്ണുത നിറഞ്ഞൊരു ഹോണടി ശബ്ദം എനിക്കു കേൾക്കാനേ കഴിഞ്ഞില്ല. ഏറ്റവും കുറഞ്ഞ, മണിക്കൂറിൽ 120 കി.മീറ്റർ എന്ന വേഗപരിധിയിൽനിന്നു തെന്നിമാറി ഒരു ഓവർടേക്കിങ്ങിന് ഒരാളും അനാവശ്യമായി ശ്രമിക്കുന്നുമില്ല. സിഗ്നലുകൾ ഇല്ലാത്ത വഴിക്കവലകളിൽ എത്തുമ്പോൾ വണ്ടിയുടെ വേഗത കുറച്ച് മറ്റ് ദിശകളിൽനിന്നും വാഹനങ്ങളെങ്ങാനും വരുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം മുന്നോട്ടുപോകുന്നവർ!
വലിയൊരു കയറ്റത്തിന്‍റെ ഒടുവിൽ, ഒരു കുന്നിന് മുകളിലാകമാനം വ്യാപിച്ചുകിടക്കുന്ന യൂനിയൻ ബിൽഡിങ്സിനു മുന്നിൽ നിക് ഞങ്ങളെ ഇറക്കി. ജൊഹാനസ്ബർഗിൽനിന്നും 55 കി.മീറ്റർ വടക്കുകിഴക്കു മാറിയുള്ള, ദക്ഷിണാഫ്രിക്കയുടെ മൂന്നു തലസ്ഥാന നഗരങ്ങളിലൊന്നായ പ്രിട്ടോറിയയിലെ അതിന്‍റെ ഭരണസിരാകേന്ദ്രമാണ് (Administrative Capital) ഞങ്ങൾക്കു മുന്നിൽ തലയുയർത്തി നിൽക്കുന്നത്. അതായത് പ്രസിഡന്‍റ് സിറിൽ റാമഫോസയുടെ ഓഫിസിനു തൊട്ടുതാഴെ.
‘‘എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഇവിടെനിന്നങ്ങ് വിളിച്ചു പറഞ്ഞാൽ മതി!’’
നിക് കാര്യം വളരെ ലഘുവാക്കി.
‘‘എങ്കിൽ ഞാൻ പറഞ്ഞോട്ടെ?’’
‘‘എന്താണത്?’’
അയാൾക്കിപ്പോൾ ഉദ്വേഗമായി.
‘‘ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ ഭാഗമായി ഇസ്രായേലിലുള്ള നിങ്ങളുടെ എംബസി അടച്ചുപൂട്ടിയതിലുള്ള അഭിനന്ദനം.’’
‘‘മഡീബയോടാണു പറയുന്നതെങ്കിൽ അദ്ദേഹത്തിനതു മനസ്സിലാകുമായിരുന്നു. ഇയാൾ ആൾ കടുപ്പക്കാരനാണ്. അങ്ങനെ ആവശ്യപ്പെടുന്ന ഒരു പ്രമേയം പാർലമെന്‍റിൽ അവതരിപ്പിച്ചതുപോലും ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സാണ്. എ.എൻ.സിക്ക് നിഷ്പ്രയാസം ചെയ്യാമായിരുന്ന ഒരു കാര്യം.’’
നിക്കിന്‍റെ സിറിൽ വിരോധം തലപൊക്കുകയാണ്.
‘‘നിങ്ങൾക്കിപ്പോൾ പ്രസിഡന്‍റിനെ കാണണോ അതോ മുൻ പ്രസിഡന്‍റിനെ കാണണോ?’’
യൂനിയൻ കെട്ടിടത്തിന് മുന്നിലെ രാജപാതയിൽനിന്നും പത്തിരുനൂറു പടികൾ താഴെയായി മനോഹരമായ പൂന്തോട്ടത്തിനു മധ്യത്തിലെ ഉയർന്ന പീഠത്തിൽ അതാ നിൽക്കുന്നു ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവിന്‍റെ ഒമ്പതു മീറ്റർ ഉയരമുള്ള വെങ്കലപ്രതിമ!
മണ്ടേലയുടെ ഏറ്റവും വലിയ വെങ്കലശിൽപം കാണാൻ താഴേക്കിറങ്ങേണ്ടതില്ലെന്ന് ഞാനും ഭാര്യയും തീരുമാനിച്ചു, രണ്ടു കാരണങ്ങളാൽ –ഒന്ന്: ഞങ്ങൾ അപ്പോൾ നിൽക്കുന്ന ക്ലോക്ക് ടവറിനു താഴെ നിന്നാലും പ്രതിമ കാണാൻ കഴിയുമായിരുന്നു. രണ്ടാമതായി, ആ പടികളത്രയും ഞങ്ങൾതന്നെ തിരിച്ചും കയറണമല്ലോ എന്നതിനാൽ. താഴേക്ക് പോകുന്ന പ്രദീപിനും ഷെറീനുമൊപ്പം നന്മമോളെ കൂടി വിട്ടുകൊണ്ട് ഞങ്ങൾ മുകളിൽ കാത്തുനിന്നു. നിക്കാകട്ടെ അവിടെയുള്ള തന്‍റെ ൈഡ്രവർ ചങ്ങാതിമാരുമായി സൗഹൃദം പുതുക്കാൻ നീങ്ങി.
2013 ഡിസംബർ അഞ്ചിനായിരുന്നു മണ്ടേലയുടെ വിയോഗം. അതിന്‍റെ പത്താം ദിവസം, ഔദ്യോഗിക ദുഃഖാചരണം അവസാനിച്ച നാൾ ഡിസംബർ 16ന് പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു. മൂന്നര ടൺ ഭാരം വരുന്ന ആ വെങ്കലപ്രതിമയുടെ ശിൽപികൾ ആേന്ദ്ര പ്രിൻസ്ലൂവും റൂഹാൻ വാൻ വുറേനും (Andre Prinsloo, Ruhan Van Vuuren) ആയിരുന്നു. 1924-39 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രധാനമന്ത്രിയായിരുന്ന ജെ.ബി.എം. ഹെർസോഗിന്‍റെ (JBM Hertzog) പ്രതിമ അവിടെനിന്നും നീക്കംചെയ്തതിനുശേഷം മണ്ടേലയുടെ ശിൽപം അന്നവിടെ ഉദ്ഘാടനംചെയ്തത് പ്രസിഡന്‍റ് ജേക്കബ് സുമയായിരുന്നു എന്നതാണ് നാടകീയമായ ചരിത്രം.

ദക്ഷിണാഫ്രിക്കയുടെ ഭരണസിരാ കേന്ദ്രമായ യൂനിയൻ ഹാൾ മന്ദിരം
‘‘ആ ൈഡ്രവർ പറഞ്ഞ മഡീബയാരാണ്?’’
കൊച്ചുമകൾ കയറിവരുന്നതും കാത്ത് താഴെയുള്ള പൂന്തോട്ടത്തിലേക്ക് കണ്ണും നട്ടുനിൽക്കുന്നതിനിടയിൽ ഭാര്യ ചോദിച്ചു.
‘‘നമ്മൾ മഹാത്മജിയെ ബാപ്പുജിയെന്നു വിളിക്കുന്നതുപോലെ മണ്ടേലയെ ദക്ഷിണാഫ്രിക്കക്കാർ സ്നേഹപൂർവം വിളിക്കുന്ന പേരാണത്. എന്നാൽ, ചെറിയൊരു വ്യത്യാസം ഉണ്ടെന്നുമാത്രം. മഡീബ എന്നത് മണ്ടേല ഉൾപ്പെടുന്ന ഖോസ (Xhosa) വംശത്തിന്‍റെ പേരാണ്. 19ാം നൂറ്റാണ്ടിൽ ആ വംശത്തിന്‍റെ അധിപനായിരുന്ന മഡീബയിൽനിന്നാണ് പേരിന്‍റെ ഉത്ഭവം. ആ വംശത്തിൽപ്പെടുന്ന ആരെ വേണമെങ്കിലും ആ പേരിൽ വിശേഷിപ്പിക്കാം. എന്നാൽ ഇവിടെയത് ആദരവിന്‍റെയും സ്നേഹത്തിന്റെയും പേരാണ്, മഡീബ!’’
ബ്രാംഫോണ്ടെയിനിലെ (Braamfontein) 11ാം നമ്പർ ഗീവേര തെരുവിൽ ഡച്ച് റിഫോം ചർച്ചിന്‍റെ ഓരംചേർത്ത് നിക് വണ്ടിയൊതുക്കുന്നതു കണ്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് എന്‍റെ ഭാര്യയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ എത്തിയതിൽ പിന്നെ ഇതുവരെയും ഒരു പള്ളിയങ്കണം കാണാൻ കഴിഞ്ഞിട്ടില്ലെന്ന് അവർ സദാ പരിതപിക്കാറുണ്ടായിരുന്നു.
പള്ളി പക്ഷേ അടഞ്ഞുകിടപ്പായിരുന്നു. ഞായറാഴ്ചകളിൽ മാത്രമുള്ള അവിടത്തെ ശുശ്രൂഷകളെക്കുറിച്ചുള്ള ബോർഡ് പുറത്തു കണ്ടു. ഞങ്ങൾ ഒടുവിൽ എത്തിനിന്നത് കോൺസ്റ്റിറ്റ്യൂഷൻ ഹില്ലിൽ (Constitution Hill) ആയിരുന്നു. അതെ, ഭരണഘടനയുടെ കുന്നുകൾതന്നെ. ഒരു തത്ത്വദീക്ഷയുമില്ലാതെ മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന ക്രൂരതകളുടെ പര്യായമായി നാം ഹിറ്റ്ലറുടെ കോൺെസൻട്രേഷൻ ക്യാമ്പുകളെക്കുറിച്ചേ കേട്ടിട്ടുള്ളൂ. എന്നാൽ, ഇവിടെയിതാ ഹിറ്റ്ലറുടെ ബുദ്ധിവൈഭവത്തിനൊപ്പം നിൽക്കാൻ കഴിയാതിരുന്നതുകൊണ്ടു മാത്രം പീഡനത്തിന്‍റെ തോതിൽ അൽപംപോലും കുറവുകാണിക്കാൻ മനസ്സുതോന്നാത്ത ബ്രിട്ടീഷുകാരൻ കറുത്തവന്‍റെ നെഞ്ചിൽ കെട്ടിപ്പൊക്കിയ മറ്റൊരു ബുഹാൻവാൾഡായിരുന്നു കോൺസ്റ്റിറ്റ്യൂഷൻ ഹിൽ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ തടവറ!
അവിടെയെത്തി ടിക്കറ്റുകൾ എടുത്തു കഴിഞ്ഞപ്പോഴേക്കും നിക്കിന്‍റെ ഡ്യൂട്ടി തീർന്നു. വൂർട്രെക്കർ മ്യൂസിയത്തിലൊഴികെ മറ്റൊരിടത്തും ഒരു ഗൈഡെന്ന നിലയിൽ അയാളുടെ സേവനം പ്രയോജനപ്പെട്ടുമില്ല. എന്നാൽ, സഞ്ചാരത്തിലുടനീളം അയാളുടെ ചരിത്രബോധം ഞങ്ങളുടെ കാഴ്ചകൾക്കു മുന്നോടിയായുള്ള പശ്ചാത്തലമൊരുക്കി.
കോൺസ്റ്റിറ്റ്യൂഷൻ ഹില്ലിനെ ടൂറിസത്തിനു വിറ്റിരിക്കുന്നവർ കൈത്തണ്ടയിൽ കെട്ടിത്തന്ന ബാൻഡിലെ വാക്കുകൾ ഞാൻ വായിച്ചു:
Dignity -വ്യക്തിമഹത്വം
Justice -നീതി
Respect -ആദരവ്
Freedom -സ്വാതന്ത്ര്യം
Equality -തുല്യത
Diversity -ബഹുസ്വരത
Democrary -ജനാധിപത്യം
എത്ര നല്ല മനോഹരങ്ങളായ വാക്കുകൾ. അകത്തെ കാഴ്ചകളോരോന്നും കാണുന്നതിനു മുമ്പായി അവർ നമ്മോടാവശ്യപ്പെടുന്ന മുൻകൂർ ജാമ്യം. എന്നാൽ, ആ തടവറയിൽനിന്നും വിധിവിപര്യയം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെട്ടു പുറത്തുവന്ന മനുഷ്യരുടെ അനുഭവസാക്ഷ്യങ്ങളുടെ ഡോക്യുമെന്‍ററി പ്രദർശനം മുതൽ ചരിത്രമാകെ മാറുന്നു. ആ മനുഷ്യരെ അടച്ചുപൂട്ടിയ തടവറകൾ, അവരെ തിക്കിക്കൊള്ളിച്ച കിടപ്പുമുറികൾ, ആയിരങ്ങൾക്ക് ഉപയോഗിക്കാൻവേണ്ടി വിരലിലെണ്ണാവുന്ന ശുചിമുറികൾ, ഏകാന്ത തടവിനു ശിക്ഷിക്കപ്പെട്ടവർക്കായുള്ള, നിന്നുതിരിയാൻ ഇടമില്ലാത്ത സെല്ലുകൾ. കൈകാലുകൾ ബന്ധിച്ച് മരപ്പാളിയോടു ചേർത്തുനിർത്തി ചാട്ടയടിക്കാൻ തയാറാക്കപ്പെട്ട ദണ്ഡനമുറികൾ. നീളുന്ന ദുരന്ത ചിത്രങ്ങൾ... അവർ എല്ലാം അവിടെ ചിട്ടയോടെ നിരത്തിെവച്ചിട്ടുണ്ടായിരുന്നു. വലിയ മാറ്റങ്ങളോ പുതുക്കിപ്പണിയലുകളോ ഒന്നും കൂടാതെ തന്നെ. അതിനുള്ളിൽനിന്നും കാലാതീതമായ രോദനങ്ങൾ ഉയർന്നുവന്ന് നമ്മുടെ ചെവികളിൽ നിറയുന്നു. ചുറ്റിലും ഭ്രാന്തന്മാരുടെ നിലവിളികൾ. ചാട്ടവാറിന്‍റെ മിന്നൽപ്പിണറുകൾ. ഭേദ്യങ്ങൾ... ചരിത്രത്തിന്‍റെ തീക്ഷ്ണഗന്ധങ്ങൾ ഉച്ചവെയിലിൽ പാറിവന്ന് നമ്മുടെ നാസികകളെ പൊതിയുന്നു.
1954ൽ അടുത്തുള്ളൊരു കെട്ടിടത്തിന് മുകളിൽനിന്നും ബോബ് ഗോസാനി (Bob Gosani) എന്നൊരു ഫോട്ടോഗ്രാഫർ അതീവ രഹസ്യമായെടുത്ത ആ നരനായാട്ടിന്‍റെ ചിത്രങ്ങളിൽനിന്നാണ് ഭരണഘടനയുടെ കുന്നിൻചരിവിലെ (ഇന്ന് ഭരണഘടന കോടതിയുടെ ആസ്ഥാനമാണ് ഇവിടം) മനുഷ്യരുടെ യാതനകൾ പുറംലോകം അറിയുന്നത്. അപ്പാർതൈറ്റ് കാലത്തെ രാഷ്ട്രീയ തടവുകാരെയും ഖനികളിൽ കലാപമുണ്ടാക്കിയ വെളുത്ത തൊഴിലാളികളെയും ഇവിടെ തടവിലിട്ടിരുന്നു. ടൈഫോയ്ഡ്, എൻട്രിക് ഫീവർ എന്നിവ അവിടെ നിത്യസംഭവമായിരുന്നു. ആതുരശുശ്രൂഷ സൗകര്യങ്ങൾ പരിമിതവും. ഡോക്ടർമാർ എപ്പോഴെങ്കിലും എത്തിയാലായി, ഇക്കണ്ട മനുഷ്യരെയെല്ലാം പരിശോധിക്കാൻ.
അവിടെ രാഷ്ട്രീയത്തടവുകാരനായി കഴിയേണ്ടിവന്ന അലെക്സ് ല ഗുമയുടെ (Alex La Guma) സാക്ഷ്യം വലിയ ഫലകമാക്കി സ്ഥാപിച്ചിരിക്കുന്നു: ‘‘എന്‍റെ രോഗം ടൈഫോയ്ഡാണെന്നു കണ്ടുപിടിക്കുന്നത് ഇവിടെെവച്ചാണ്. കിടക്കുന്ന പായയും പുതപ്പും എല്ലാം മലിനവും വൃത്തിഹീനവുമായിരുന്നു. കക്കൂസിന്‍റെ കാര്യം പറയാനുമില്ല. വൃത്തിയില്ലാത്ത പാത്രങ്ങൾ, ഭക്ഷണം, ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ ഉൾെപ്പടെ സകലതും മലീമസം...’’ അലക്സിന്‍റെ വാക്കുകൾക്കപ്പുറം അവിടെ എന്തൊക്കെയാകും നടമാടിയിരിക്കുകയെന്ന് ഒരാൾക്ക് ഭാവനചെയ്യാൻ കഴിയും. പൊരിയുന്ന വെയിലിൽ നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം വന്നു നിറയുകയായി.
2018 ജനുവരി 28ന് നരേന്ദ്ര മോദി, മണ്ടേല–ഗാന്ധി മ്യൂസിയം സന്ദർശിച്ചതിന്‍റെ ഓർമ ആലേഖനംചെയ്ത വൃത്താകാരത്തിലുള്ള ഫലകത്തിൽ വെയിൽ പ്രതിബിംബിക്കുന്നു. തൊട്ടപ്പുറം മഹാത്മജിയുടെ അർധകായ പ്രതിമ, ആ വെയിലിലും നിഷ്കാമമായിരുന്നു പുഞ്ചിരിക്കുന്നു. ഞാനും നിങ്ങൾക്കുവേണ്ടി ഇവിടെ കിടന്നു നരകിച്ചിട്ടുണ്ടെന്ന് നമ്മോടദ്ദേഹം പറയുംപോലെ; 1908ൽ രണ്ടു പ്രാവശ്യം അവിടത്തെ കുപ്രസിദ്ധമായ പ്രിസൺ നമ്പർ നാലിൽ. കറുത്തവരെ തടവിലിടാൻ ഉപയോഗിച്ച തടവറയിൽ. ജൊഹാനസ് ബർഗ് ഫോർട്ട് എന്നും ഇതിനു പേരുണ്ട്.
ആദ്യത്തേത് 1908 ജനുവരി 10ന്, വിവാദമായ തിരിച്ചറിയൽ രേഖക്കായി രജിസ്റ്റർ ചെയ്യാതിരുന്നതിനും അല്ലാത്തപക്ഷം ട്രാൻസ് വാൾ വിട്ടു പോകാത്തതിന്‍റെയും പേരിലുള്ള വെറും തടവായിരുന്നു. അതേവർഷം ഒക്ടോബർ ഏഴിനായിരുന്നു രണ്ടാമത്തേത്. കുറേക്കൂടി ഗൗരവമുള്ളതായിരുന്നു ഇത്തവണ. നതാളിൽനിന്നും മടങ്ങുംവഴിയുള്ള പരിശോധനക്കിടയിൽ അദ്ദേഹത്തിന് ആ ‘പാസ്’ ഹാജരാക്കാനായില്ല. പാസ് ആക്ടിനെതിരായ പ്രതിഷേധ ഭാഗമായി മഹാത്മജി അതു നേരത്തേതന്നെ തീയിലെറിഞ്ഞിരുന്നു. കഠിന ജോലിയാണ് (Hard Labour) അന്ന് അദ്ദേഹത്തിനു വിധിച്ച ശിക്ഷ.

ലോകകപ്പ് ഫുട്ബാളിനു വേദിയായ എഫ്.എൻ.ബി സ്റ്റേഡിയം
1956ൽ നെൽസൺ മണ്ടേല, ഒലിവെർ ടാംബോ എന്നിവരുൾപ്പടെ 156 പേരെ അറസ്റ്റുചെയ്യുകയും ഇവിടെ തടവിലിടുകയുംചെയ്തു. രാജ്യേദ്രാഹം, അന്തഃച്ഛിദ്രം, അട്ടിമറി... അങ്ങനെ നീളുന്ന കുറ്റങ്ങൾ. അവർക്കെതിരായ വിചാരണ (കുപ്രസിദ്ധമായ treason trial) 1961 വരെ നീണ്ടു. ആ വിചാരണ നിലനിൽക്കെയാണ് 1958ൽ വിന്നി മണ്ടേല, ആൽബർട്ടീന സിസിലു തുടങ്ങിയ രണ്ടായിരത്തിലേറെ വനിത പ്രവർത്തകരെയും അറസ്റ്റു ചെയ്യുന്നത്. അവരിൽ കറുത്തവർ മാത്രമല്ല എല്ലാ വിഭാഗത്തിലുംപെട്ടവരുണ്ടായിരുന്നു. ആന്‍റി പാസ് നിയമത്തിൽ പ്രതിഷേധിച്ചതിന് 18 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെപ്പോലും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ആറു വർഷം നീണ്ട വിചാരണക്കുശേഷം 1962ൽ മണ്ടേലയേയും അദ്ദേഹത്തോടൊപ്പം തടവിലാക്കിയ 156 പേരെയും കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. ഫ്രീഡം ചാർട്ടറും ആഫ്രിക്കൻ നാഷനൽ കോൺഗ്രസും കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമാണെന്ന അപ്പാർതൈറ്റ് ഭരണകൂടത്തിന്‍റെ വാദമാണ് തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിക്കളഞ്ഞത്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട വിചാരണ!