ഒഴിഞ്ഞ ഖജനാവും കുഴഞ്ഞ നയവും
text_fields
രണ്ട് വർഷം മുമ്പ് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ പ്രതിനിധികൾ കൊല്ലം ജില്ലയിലെ ഒരു ടി.ടി.ഐ സന്ദർശിച്ചു. സ്ഥാപനാധികൃതർ പരിശോധക സംഘത്തെ 'വേണ്ടവിധം' കാര്യങ്ങൾ ബോധ്യപ്പെടുത്താത്തതിനാലാകണം, അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞ് വിദ്യാലയം അടച്ചുപൂട്ടണമെന്ന് കൗൺസിൽ ഉത്തരവിട്ടു....
Your Subscription Supports Independent Journalism
View Plansരണ്ട് വർഷം മുമ്പ് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ പ്രതിനിധികൾ കൊല്ലം ജില്ലയിലെ ഒരു ടി.ടി.ഐ സന്ദർശിച്ചു. സ്ഥാപനാധികൃതർ പരിശോധക സംഘത്തെ 'വേണ്ടവിധം' കാര്യങ്ങൾ ബോധ്യപ്പെടുത്താത്തതിനാലാകണം, അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞ് വിദ്യാലയം അടച്ചുപൂട്ടണമെന്ന് കൗൺസിൽ ഉത്തരവിട്ടു. സംസ്ഥാനത്തെ മറ്റ് ടി.ടി.ഐകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ നടപടിക്കെതിരെ സ്ഥാപനം അപ്പീൽ നൽകി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 20 ടി.ടി.ഐകളുടെ വിവരങ്ങൾ അതിൽ ഉദ്ധരിച്ചു. ഇത്രയും വിവരങ്ങൾ കൈവന്നതോടെ ആ 20 ടി.ടി.ഐകൾ കൂടി അടച്ചുപൂട്ടാൻ കൗൺസിൽ ഉത്തരവിട്ടു. ഇതൊന്നും പക്ഷേ കേരള സർക്കാർ അറിഞ്ഞില്ല. കൗൺസിലിന്റെ ആശയവിനിമയങ്ങളെല്ലാം പൂർണമായി എസ്.സി.ഇ.ആർ.ടിയുമായാണ് നടത്തിയത്. ഇത്തരം വിഷയങ്ങളിലെല്ലാം ഇടനിലയിലുണ്ടാകേണ്ട സംസ്ഥാന സർക്കാറിനെ കേന്ദ്ര ഏജൻസി പൂർണമായി ഒഴിവാക്കി.
കേന്ദ്രം അംഗീകാരം റദ്ദാക്കിയ ശേഷമാണ് കേരളം വിവരം അറിഞ്ഞത്. എങ്കിലും, സംസ്ഥാനത്തിന്റെ അധികാരമുപയോഗിച്ച് അംഗീകാരം പുനഃസ്ഥാപിച്ചു. ഇപ്പോൾ ഈ 20 ടി.ടി.ഐകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവിടെനിന്ന് യോഗ്യത നേടിയിറങ്ങുന്നവരുടെ പ്രവർത്തനപരിധി കേരളത്തിന് അകത്ത് മാത്രമായി പരിമിതപ്പെട്ടു. ഈ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്ര സർക്കാർ തസ്തികകളിലോ ജോലി ചെയ്യാൻ കഴിയില്ല. സി-ടെറ്റ് പോലുള്ള ദേശീയതല പരീക്ഷകളും എഴുതാനാകില്ല. കേരളത്തിൽ പഠിക്കാം. സ്ഥാപനത്തിന് പ്രവർത്തിക്കാം. പക്ഷേ കേരളത്തിന് പുറത്ത് ഇത് അംഗീകരിക്കപ്പെടില്ല എന്ന അവസ്ഥ. ഒരുതരം അക്കാദമിക് തടവറ തീർത്ത് ഈ 20 സ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസി നിഷ് ക്രിയമാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാറിനെ അറിയിക്കാതെ, നേരിട്ട് അക്കാദമിക് സ്ഥാപനങ്ങൾ വഴി ഇടപെടൽ നടത്താവുന്ന തരത്തിൽ കേന്ദ്രസർക്കാർ പ്രവർത്തന രീതികൾ വിപുലീകരിച്ചിരിക്കുന്നുവെന്നാണ് ഈ സംഭവത്തിൽനിന്ന് വ്യക്തമാകുന്നത്. കേന്ദ്ര ഏജൻസികളുടെ ഈ കടന്നുകയറ്റം സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞത് ടി.ടി.ഐകൾക്ക് താഴുവീണപ്പോഴാണ്.
ഭരണഘടനാ വകുപ്പുകൾക്ക് വിധേയമായിത്തന്നെ ഫെഡറൽ തത്ത്വങ്ങളെ അട്ടിമറിക്കാവുന്ന പരിഷ്കാരങ്ങളാണ് രാജ്യത്തെ ഏതാണ്ടെല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജി.എസ്.ടി വഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുമേൽ കൈെവച്ച കേന്ദ്ര സർക്കാർ, ദേശീയ അന്വേഷണ ഏജൻസികളുടെ അധികാര മേഖല വികസിപ്പിച്ച്, സംസ്ഥാനങ്ങളുടെ ആഭ്യന്തര വ്യവഹാരങ്ങളിൽ നേരിട്ട് ഇടപെടാവുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ മറ്റൊരു പതിപ്പാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ചുവടുപിടിച്ചെത്തിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും. വിദ്യാഭ്യാസ മേഖലയിൽ ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന വൈവിധ്യവും പ്രാദേശിക ചേരുവകളാൽ സമൃദ്ധവുമായ പാഠ്യപദ്ധതികളെ ഏകീകൃത സ്വഭാവത്തിലേക്ക് ക്രമേണ പരിവർത്തിപ്പിക്കാനുതകുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയവും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും തയാറാക്കിയിരിക്കുന്നത്. ഇതിനെച്ചൊല്ലി കേന്ദ്ര സർക്കാറുമായി നടക്കാനിടയുള്ള ഏറ്റുമുട്ടലുകളായിരിക്കും പുതിയ അധ്യയന വർഷത്തിൽ കേരളം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി.
സമാനമായ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന തമിഴ്നാടും ബംഗാളുമെല്ലാം കേന്ദ്ര പാഠ്യപദ്ധതി ചട്ടക്കൂടിനെ തള്ളിക്കളയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള സർക്കാർ ഇങ്ങനെ വ്യക്തവും ദൃഢവുമായ നിലപാടിലേക്ക് ഇതുവരെ വന്നെത്തിയിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ തമ്മിൽ കടലോളം വ്യത്യാസമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെ പിണക്കാതെ കാര്യങ്ങൾ നടത്തിയെടുക്കാമെന്നാണ് കേരളത്തിലെ ഇടത് സർക്കാർ പ്രതീക്ഷിക്കുന്നത്. മോദി ഭയത്താൽ സ്വീകരിക്കുന്ന ഈ അഴകൊഴമ്പൻ നയം കേരളത്തിലെ അക്കാദമിക് മേഖലയെ കുട്ടിച്ചോറാക്കുമെന്ന ആശങ്ക ഈ രംഗത്ത് പ്രവർത്തിക്കുന്നവരിലെല്ലാം ശക്തമായിക്കഴിഞ്ഞിട്ടുണ്ട്.

കേരളത്തിൽ 2013ൽ ആണ് അവസാനമായി പാഠപുസ്തക പരിഷ്കരണം നടന്നത്. അഞ്ചുവർഷത്തിലൊരിക്കൽ പാഠപുസ്തകം പരിഷ്കരിക്കുക എന്നത് കേരളത്തിൽ ഏറക്കുറെ കൃത്യമായി പിന്തുടരുന്ന രീതിയാണ്. എന്നാൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയുണ്ടായി. പുസ്തക പരിഷ്കരണം സ്വാഭാവികമായി സൃഷ്ടിച്ചേക്കാവുന്ന വിവാദങ്ങൾ ഭയന്ന് അന്നത്തെ മന്ത്രി തന്നെ മനപ്പൂർവം പരിഷ്കാരം മാറ്റിെവച്ചതാണെന്നാണ് ഭരണകേന്ദ്രങ്ങളിലെ അണിയറക്കഥ. പുതിയ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പാഠപുസ്തകങ്ങൾ നവീകരിക്കപ്പെടുക എന്നത് കുട്ടികളോട് കാണിക്കേണ്ട സാമാന്യനീതിയാണ്. കേരളത്തിലാകട്ടെ, സംഭവബഹുലമായ വർഷങ്ങളാണ് കഴിഞ്ഞുപോയത്. പ്രളയവും കോവിഡും നിപപോലെ മഹാവ്യാധിയുമെല്ലാം കേരളത്തെ ഭയപ്പെടുത്തിയ വർഷങ്ങൾ. അതനുഭവിച്ച തലമുറക്ക് അതിജീവന വഴികൾ അക്കാദമികമായി പരിചയപ്പെടുത്തേണ്ട പ്രാഥമിക വേദിയാണ് പാഠപുസ്തകം. ഇപ്പോൾ നടപടികൾ ആരംഭിച്ചാൽപോലും ഇനി പരിഷ്കാരം യാഥാർഥ്യമാകുക രണ്ടായിരത്തി ഇരുപത്തിനാലോലുകൂടിയാണ്. ഇതിനൊപ്പം മറ്റൊന്നുകൂടി ഇത്തവണ സംഭവിച്ചിട്ടുണ്ട്. പാഠപുസ്തക പരിഷ്കരണത്തിലെ കേന്ദ്ര ഇടപെടൽ.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് വിധേയമായി സംസ്ഥാനം സ്വന്തമായി പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കുകയും അതിനനുസൃതമായി പുസ്തകങ്ങൾ തയാറാക്കുകയുമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ഇക്കൊല്ലം കേന്ദ്രം ഇതിൽ മാറ്റം വരുത്തി. പാഠ്യപദ്ധതിയിൽ വരുത്തുന്ന ഏത് മാറ്റത്തിനും കേന്ദ്ര സർക്കാറിന്റെ അംഗീകാരം വേണമെന്നാണ് പുതിയ വ്യവസ്ഥ. ഭരണഘടനാ പ്രകാരം കൺകറന്റ് പട്ടികയിൽ പെട്ട വിദ്യാഭ്യാസത്തിനുമേൽ, അന്യായമായ അധികാരമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. അതിന് വഴങ്ങാതിരിക്കുകയെന്ന രാഷ്ട്രീയ തീരുമാനം കേരളത്തിന് ഇതുവരെ സ്വീകരിക്കാനായിട്ടില്ല. ഈ നിർദേശത്തെ തമിഴ്നാടും ബംഗാളും പൂർണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ കേന്ദ്രത്തെ പിണക്കാതെ കാര്യം സാധിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഇക്കാര്യത്തിലും കേരളം എത്തിനിൽക്കുന്നത്. ഇതിന്റെ ഭാഗമായി, പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ നിർേദശങ്ങളടങ്ങിയ കരട് രേഖ തയാറാക്കി കേന്ദ്രത്തിന്റെ അനുമതിക്കായി കേരളം സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രം മുന്നോട്ടുെവച്ച വ്യവസ്ഥകളെ വെല്ലുവിളിക്കുകയോ എതിർക്കുകയോ ചെയ്യാതെ, അതിനോട് സമരസപ്പെട്ടുപോകുന്ന നിർദേശങ്ങളാണ് കരട് രേഖയിലുള്ളത് എന്നാണ് ലഭ്യമായ വിവരം. കേരള വിദ്യാഭ്യാസ നയത്തെ സമൂലം ബാധിക്കുന്നതാണെങ്കിലും ഈ കരട് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര അനുമതി വാങ്ങിയ ശേഷം കേരള താൽപര്യങ്ങൾ മുൻനിർത്തി പുസ്തകങ്ങൾ തയാറാക്കാമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. ഇതെത്രത്തോളം നടപ്പാക്കാനാകുമെന്ന് കണ്ടറിയണം. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തോട് കർക്കശമായ വിയോജിപ്പ് പുലർത്തുന്ന സാമൂഹിക സംഘങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാന്നിധ്യം ശക്തമായ കേരളത്തിൽ കേന്ദ്ര താൽപര്യങ്ങൾക്കനുസൃതമായ പാഠപുസ്തക നിർമാണം അത്ര അനായാസം നടക്കുകയുമില്ല.
അക്കാദമിക് മേഖലയിൽ മാത്രമല്ല, സംസ്ഥാനങ്ങളിലെ ഭരണപരമായ കാര്യങ്ങളിലും കൈകടത്താൻ കേന്ദ്ര സർക്കാർ വഴികൾ തുറന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇതിന് വേണ്ട പോംവഴികൾ നിർദേശിക്കപ്പെട്ടിട്ടുമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ കേരളത്തിലെ എയിഡഡ് മേഖലയെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് എയിഡഡ് മാനേേജർസ് അസോസിയേഷൻ കഴിഞ്ഞദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു. പുതിയ ദേശീയ നയപ്രകാരം സർക്കാർ ഫണ്ട്, സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാണ് നൽകാനാകുക. ഈ വകുപ്പ് ഉപയോഗിച്ച് പല ആനുകൂല്യങ്ങളും തടയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അവരുടെ വാദം. പ്രവേശനോത്സവ ഫണ്ടിൽ ഇത്തവണയുണ്ടായ അനിശ്ചിതത്വവും ആശയക്കുഴപ്പവും പെൺകുട്ടികളുടെ ആയോധനകലാ പരിശീലന പദ്ധതിയിൽ അപേക്ഷ നൽകാനാകാത്തതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അക്കാദമിക ഇടപെടൽപോലെത്തന്നെ ഭരണപരമായ ഇടപെടലും സംഘർഷഭരിതമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേന്ദ്രവുമായി ആശയപരമായ ഏറ്റമുട്ടലുകൾ വേണ്ടിവരുന്ന വിഷയങ്ങളിൽ അക്കാദമിക് താൽപര്യം മുൻനിർത്തിയെങ്കിലും സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ''കേന്ദ്രത്തിനൊപ്പം, കേരളത്തിനുമൊപ്പം'' എന്ന നയതന്ത്രത്താൽ ഈ രാഷ്ട്രീയ സന്ദർഭത്തെ മറികടക്കാനാകില്ല.
കേന്ദ്ര ഏറ്റുമുട്ടൽ സൃഷ്ടിക്കുന്ന പ്രതിസന്ധി പോലെത്തന്നെ അതീവ ഗുരുതരമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ. ഒഴിഞ്ഞ ഖജാനയുമായാണ് പുതിയ അധ്യയന വർഷത്തിലേക്ക് കേരളം പ്രവേശിക്കുന്നത്. കാശില്ലായ്മ കലശലായാൽ ആദ്യം പിടിവീഴുന്ന മേഖലകളിലൊന്ന് വിദ്യാഭ്യാസമാണ്. അപ്രഖ്യാപിത നിയമന നിരോധം മുതൽ അത് പരോക്ഷമായി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഇപ്പോൾതന്നെ അനുഭവിക്കുന്നുമുണ്ട്. പാഠപുസ്തക പരിഷ്കരണത്തിന് കേന്ദ്ര നയവുമായി ഏറ്റുമുട്ടൽ വേണ്ടെന്ന ധാരണയിലേക്ക് ഭരണ നേതൃത്വം എത്തിച്ചേർന്നതിന് പിന്നിലും സാമ്പത്തിക ആനുകൂല്യങ്ങൾ ഒരു ഘടകമാണ്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ കേന്ദ്ര ഫണ്ട് ചെലവഴിക്കപ്പെടുന്നുണ്ട്. അതിന്റെ അർഹമായ വിഹിതം ഉറപ്പാക്കാൻ കേന്ദ്ര നിബന്ധനകൾക്ക് വഴങ്ങേണ്ടി വരുമെന്ന ധാരണ ഭരണതലത്തിലുണ്ട്. ബി.ജെ.പി സർക്കാർ അക്കാദമിക് മേഖലയിൽ നടപ്പാക്കുന്ന ഹിന്ദുത്വവത്കരണത്തെക്കുറിച്ച് കേരള സർക്കാറിനെ നയിക്കുന്നവർ ഒട്ടുമേ അജ്ഞരല്ല. എന്നിട്ടും, സുഗമമായ ഭരണത്തിന് ലഭ്യമാകുന്ന വഴികളിലൂടെയെല്ലാം ധനസമാഹരണം നടത്താമെന്ന തീർപ്പിലെത്തുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച കൃത്യമായ സൂചകമാണ്.
സാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷത്തിൽതന്നെ ബാധിക്കുന്നുവെന്നതിന്റെ സൂചനയാണ് അധ്യാപക നിയമനങ്ങളിലെ അനാസ്ഥ. അപ്രഖ്യാപിത നിയമനവിലക്കാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഒഴിവുകൾ നികത്തുന്ന കാര്യത്തിലെ മെല്ലേപ്പോക്കും അലംഭാവവും ഈ ആരോപണത്തിന് ബലം പകരുന്നു. സംസ്ഥാനത്ത് ഹൈസ്കൂൾ വരെ ക്ലാസുകളിലായി ഇപ്പോൾ ഏതാണ്ട് എണ്ണായിരത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിൽ മാത്രം പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ ആയിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകൾക്ക് പകരം പുതിയ ലിസ്റ്റിന് നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതിനും വേണ്ടത്ര വേഗമില്ല. നിയമനം പരമാവധി നീട്ടിക്കിട്ടിയാൽ അത്രയും സാമ്പത്തിക ലാഭമെന്ന മട്ടിലാണ് സെക്രട്ടേറിയറ്റിൽ കാര്യങ്ങൾ നീങ്ങുന്നത്.
ഹൈസ്കൂളിൽ പ്രധാന അധ്യാപകരെ നിയമിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കവും കേസും കാരണം കാലങ്ങളായി നിയമനം മുടങ്ങിക്കിടക്കുകയായിരുന്നു. ഈ കേസിൽ ഏറക്കുറെ തീർപ്പായിട്ടും നിയമനത്തിന് സർക്കാർ താൽപര്യമെടുക്കുന്നില്ല. 300 പേർക്കാണ് സ്ഥാനക്കയറ്റം നൽകി പ്രധാനാധ്യാപകരായി നിയമനം നൽകേണ്ടത്. സംസ്ഥാനത്തെ ഏതാണ്ട് 15 ശതമാനത്തോളം ഹൈസ്കൂളുകൾ നാഥനില്ലാകളരിയാണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം കഴിഞ്ഞ നവംബറിൽ പ്രധാന അധ്യാപകരായി നിയമിക്കപ്പെട്ട ആയിരത്തി അറുനൂറിലധികം പേർക്ക് അതിന്റെ ശമ്പളമോ ആനുകൂല്യങ്ങളോ ഇതുവരെ നൽകിത്തുടങ്ങിയിട്ടില്ല. എയിഡഡ് സ്കൂളിലാകട്ടെ 10,000ൽ അധികം തസ്തികകളാണ് സർക്കാറിന്റെ അംഗീകാരം കാത്തുകിടക്കുന്നത്. ഭിന്നശേഷി സംവരണ തസ്തികയിലെ തർക്കമാണ് ഇതിന് കാരണമായി പറയുന്നത്. ഇക്കാര്യത്തിലും കർക്കശമായ നിലപാടെടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമങ്ങളുണ്ടാകുന്നില്ല. കോവിഡ് കാലത്ത് രണ്ട് വർഷം അടച്ചിട്ട സമയത്ത് പി.എസ്.സി അഡ്വൈസ് ചെയ്തവർക്ക് നിയമനം നൽകിയില്ല. സാമ്പത്തിക ലാഭം മുന്നിൽകണ്ടായിരുന്നു ഈ നടപടിയും. നിയമനം പുനരാരംഭിക്കാൻ ഉദ്യോഗാർഥികൾക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. കോവിഡ് കാലത്ത് പൊതു വിദ്യാലയങ്ങളിൽ വൻതോതിൽ കുട്ടികൾ കൂടിയെന്നും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടുവെന്നുമാണ് സർക്കാർ അവകാശവാദം. എന്നാൽ ഇതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണത്തിൽ വർധനയുണ്ടായില്ല എന്ന് മാത്രമല്ല, ക്രമാനുഗതമായി കുറയുന്നുമുണ്ട്. എയിഡഡ് സ്കൂളുകളാണ് ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. കുട്ടികൾ കൂടിയാലും എയിഡഡ് സ്കൂളുകളിൽ തസ്തിക അനുവദിക്കാൻ ത്രിതല പരിശോധന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 30ന് മുമ്പ് ഈ നടപടികൾ പൂർത്തീകരിച്ചാൽ മതിയെന്നാണ് വ്യവസ്ഥ. ജൂണിൽ തുറക്കുന്ന വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ നാല് മാസം ആളുണ്ടാകില്ല എന്ന് സർക്കാർ തന്നെ ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് മന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ അധ്യാപക ഒഴിവുകളുടെ കണക്കില്ലെന്ന് കൈമലർത്തുകയാണ് സർക്കാർ ചെയ്തത്. പണച്ചെലവുള്ള ഭരണനടപടികളോട് സർക്കാർ സ്വീകരിക്കുന്ന സമീപനം ഈ മറുപടിയിൽ വ്യക്തമാണ്. സ്ഥിരനിയമനം പരമാവധി ഒഴിവാക്കണമെന്ന ധനവകുപ്പ് സമ്മർദം പിൻവാതിലിലൂടെ നടപ്പാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നടപടികളിലെ മെല്ലെപ്പോക്ക്, നിയമനം ഒഴിവാക്കാവുന്ന പലതരം സാങ്കേതികതകൾ, നിയമനത്തിലെ ചവിട്ടിപ്പിടിത്തം... അപ്രഖ്യാപിത നിയമന വിലക്ക് നടപ്പാക്കാൻ ഇതെല്ലാമാണ് സർക്കാർ പ്രയോഗിക്കുന്നത്.
രണ്ട് പതിറ്റാണ്ടിനിടെ നേരിടേണ്ടിവരുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് കേരളം. ട്രഷറി പൂട്ടാതെ നോക്കാനുള്ള പോംവഴികൾ ആവിഷ്കരിക്കുക എന്നത് മാത്രമാണ് കേരള സർക്കാർ ഇപ്പോൾ ചെയ്യുന്ന ധനമാനേജ്മെന്റ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്ന കാലമാണിത്. ദൈനംദിന ചെലവുകൾക്ക് മാറാവുന്ന ബിൽ പരിധി 25 ലക്ഷമാക്കി ചുരുക്കി. നേരത്തേയിത് ഒരു കോടിവരെയായിരുന്നു.
ഇത്ര കടുത്ത പ്രതിസന്ധിക്കിടെവേണം ഈ അധ്യയനവർഷത്തെ പദ്ധതികളെല്ലാം പൂർത്തിയാക്കാൻ. ധനസ്ഥിതിയെക്കുറിച്ച് ധാരണയുള്ളവരിലെല്ലാം അതെത്രത്തോളം സഫലമാകുമെന്ന ആശങ്ക ശക്തമാണ്. പൊതുവിദ്യാഭ്യാസം കേരളത്തിന്റെ അഭിമാന പദ്ധതിയാണ്.
പക്ഷേ, സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രയാസത്തിനിടെ എങ്ങനെ അതിജീവിക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങുകയാണ്. ഇതിനൊപ്പമാണ് കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ എന്ന സംഘർഷ സാധ്യത നിറഞ്ഞ സ്ഥിതിവിശേഷംകൂടി സൃഷ്ടിക്കപ്പെടുന്നത്. ഇവ രണ്ടും ചേർന്ന് കേരളത്തിലെ അക്കാദമിക് അന്തരീക്ഷത്തെ കലുഷിതമാക്കുന്നുവെന്ന ആശങ്കയോടെയാണ് സംസ്ഥാനം പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത്. ഒരേസമയം സംസ്ഥാന ഭരണ പ്രതിസന്ധിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന്റെയുമിടയിൽ കുരുങ്ങി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വഴികൾ അടഞ്ഞുപോകാതിരിക്കാൻ പൊതുസമൂഹത്തിന്റെ അതിജാഗ്രതകൂടി ആവശ്യമായി വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.