ഷാരൂഖ് ഖാൻ: എന്തിന് ഹിന്ദുത്വവാദികളുടെ ഈ വേട്ട?
text_fields
"Don't underestimate the power of a common man"ചെന്നൈ എക്സ്പ്രസ് എന്ന സൂപ്പർ ഹിറ്റ് ഷാരൂഖ് ഖാൻ ചിത്രത്തിലെ ഏറെ ആഘോഷിക്കപ്പെട്ട ഡയലോഗാണിത്. ദീപിക പദുകോണിന് ഒപ്പം അഭിനയിച്ച ഈ ചിത്രം തീയറ്ററുകളിൽ എത്തി കൃത്യം 10 വർഷം എത്തുമ്പോൾ അതേ താര ജോഡി അണിനിരക്കുന്ന ‘പത്താൻ’ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. 250 കോടി രൂപ ചെലവഴിച്ച് ചിത്രീകരിച്ച ‘പത്താൻ’ ഇറങ്ങുംമുമ്പേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആക്രമണങ്ങൾ ഏറ്റുകഴിഞ്ഞു. ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ദീപിക അണിഞ്ഞ വേഷത്തിന്‍റെ നിറം കാവിയാണെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ ശക്തികൾ തുടങ്ങിവെച്ച പ്രതിഷേധങ്ങൾ ഇപ്പോൾ ബഹിഷ്കരണാഹ്വാനങ്ങളിൽ എത്തിനിൽക്കുന്നു. ദീപികയുടെ...
Your Subscription Supports Independent Journalism
View Plans"Don't underestimate the power of a common man"
ചെന്നൈ എക്സ്പ്രസ് എന്ന സൂപ്പർ ഹിറ്റ് ഷാരൂഖ് ഖാൻ ചിത്രത്തിലെ ഏറെ ആഘോഷിക്കപ്പെട്ട ഡയലോഗാണിത്. ദീപിക പദുകോണിന് ഒപ്പം അഭിനയിച്ച ഈ ചിത്രം തീയറ്ററുകളിൽ എത്തി കൃത്യം 10 വർഷം എത്തുമ്പോൾ അതേ താര ജോഡി അണിനിരക്കുന്ന ‘പത്താൻ’ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. 250 കോടി രൂപ ചെലവഴിച്ച് ചിത്രീകരിച്ച ‘പത്താൻ’ ഇറങ്ങുംമുമ്പേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആക്രമണങ്ങൾ ഏറ്റുകഴിഞ്ഞു. ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ദീപിക അണിഞ്ഞ വേഷത്തിന്‍റെ നിറം കാവിയാണെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ ശക്തികൾ തുടങ്ങിവെച്ച പ്രതിഷേധങ്ങൾ ഇപ്പോൾ ബഹിഷ്കരണാഹ്വാനങ്ങളിൽ എത്തിനിൽക്കുന്നു. ദീപികയുടെ വസ്ത്രത്തിന്‍റെ നിറത്തിൽ നിന്നും ഷാരൂഖ് ഖാന്‍റെ മത സ്വത്വത്തോടുള്ള വിദ്വേഷമായി മാറാൻ അധിക ദിവസങ്ങൾ വേണ്ടിവന്നില്ല.
എതിർക്കുന്നത് ആഗോള താരത്തെ
ഇന്ത്യൻ സിനിമാ വ്യവസായത്തിൽ മാത്രമല്ല, ആഗോള ഭൂപടത്തിൽ തന്നെ വെറുമൊരു സാധാരണക്കാരനല്ല ഷാരൂഖ് ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിന്‍റെ തലവര നിശ്ചയിക്കുന്നത് ഈ ‘കിങ് ഖാൻ’ ആണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകർ. ഈ നടന്‍റെ ആസ്തി മൂല്യം മൊത്തം കണക്കാക്കുമ്പോൾ അത് ഏതാണ്ട് 5910 കോടി രൂപയിൽ എത്തും - ഏഷ്യയിലെ ഏറ്റവും ധനികനായ അഭിനേതാവ്. മാത്രമല്ല, വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തുവിട്ട എട്ട് പേരുടെ ലിസ്റ്റിൽ ടോം ക്രൂയീസ്, ജാക്കി ചാൻ, ജോർജ് ക്ലൂണി എന്നിവർക്ക് പിന്നിലായി ലോകത്തെ നാലാമത്തെ വലിയ പണക്കാരനായ നടനുമാണ് അദ്ദേഹം.

ഒട്ടം സാധാരണക്കാരനല്ലാത്ത ഈ മഹാനടൻ പക്ഷേ കുറച്ച് ആഴ്ചകളായി നാലുവർഷത്തെ ഇടവേളക്ക് ശേഷം തന്‍റേതായി റിലീസ് ചെയ്യുന്ന ചിത്രത്തിനും തനിക്കുമെതിരായി ഉയരുന്ന ഹിന്ദുത്വ ശക്തികളുടെ പ്രതിഷേധം തണുപ്പിക്കാൻ പാടുപെടുകയാണ്. ഈ ജനുവരി 25ന് റിലീസായ പത്താൻ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മാത്രമല്ല ഹിന്ദുത്വ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയത്. ഒപ്പം യുപിയിലെ പ്രയാഗ്‌രാജിൽ ‘ധർമ സെൻസർ ബോർഡ്’ രൂപവത്കരിച്ച് സിനിമകൾ പരിശോധിച്ച് പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് വരെ താക്കീത് നൽകി.
അസമിലെ ഗുവാഹത്തിയിൽ സിനിമാ റിലീസിനോട് അനുബന്ധിച്ച് സ്ഥാപിച്ച പോസ്റ്ററുകൾ ഹിന്ദുത്വ സംഘടനകൾ കീറിയെറിഞ്ഞപ്പോൾ രാത്രി രണ്ടുമണിക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് സഹായം തേടേണ്ടിവന്നു അതിമാനുഷനായി സ്ക്രീനിൽ നിറയുന്ന ഷാരൂഖ് ഖാന്. ഹിന്ദു-മുസ്ലിം ഭേദമന്യേ ഇന്ത്യയിലെ ശരാശരി കുടുംബങ്ങളിൽ സ്വീകരിക്കപ്പെടാൻ വണ്ണമുള്ള എല്ലാ ചേരുവകളും ചേർന്ന പ്രതിരൂപമാണ് ഷാരൂഖ് ഖാൻ ഇതുവരെയും നിലനിർത്തി പോന്നത്. എന്നിട്ടും സമകാലിക ഇന്ത്യയിൽ ഒരു സിനിമയെ തിയറ്ററുകളിൽ കുഴപ്പങ്ങളില്ലാതെ എത്തിക്കാൻ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല.
അഭ്രപാളിയിലെ ഹിന്ദുവും മുസ്ലിമും
2017ൽ ഷാരൂഖ് ഖാനെതിരെ ഉയർന്ന ആരോപണം ഏതാനും വർഷങ്ങളായി അദ്ദേഹം മുസ്ലിം കഥാപാത്രങ്ങളെ കൂടുതലായി സ്ക്രീനിൽ അവതരിപ്പിക്കുന്നു എന്നതായിരുന്നു. ഏ ദിൽ ഹെ മുഷ്കിൽ (താഹിർ തലിയാർ ഖാൻ), ഡിയർ സിന്ദഗി (ഡോ. ജഹാംഗീർ ഖാൻ), റഈസ് (റഈസ് ആലം) എന്നിങ്ങനെ തുടരെത്തുടരെ മുസ്ലിം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായി വന്നപ്പോഴാണ് ഇതുയർന്നത്. അദ്ദേഹം മനഃപൂർവമായി ഇങ്ങനെ ചെയ്യുന്നതാണെന്ന് വലതുപക്ഷ തീവ്ര സംഘടനകളിൽ നിന്ന് നിരന്തരം ആരോപണങ്ങളുയർന്നു. ഇതിന് ഇന്ത്യൻ എക്സ്പ്രസിലെ കോളത്തിലൂടെ മറുപടി നൽകേണ്ടി വന്നു അദ്ദേഹത്തിന്.
“രണ്ട് വർഷത്തിലേറെയായി മാറ്റിവെച്ച് കിടന്ന ചിത്രങ്ങളായിരുന്നു അവയെല്ലാം. ഒരു അഭിനേതാവ് എന്ന നിലയിൽ എന്‍റെ പ്രഫഷനോടുള്ള ബഹുമാനം നിലനിർത്തി തന്നെ പറയട്ടെ, ഏ ദിൽ ഹെ മുഷ്കിൽ സിനിമയുടെ കഥാപാത്രത്തിന്‍റെ പേര് പോലും എനിക്ക് ഓർമയില്ല. ഇങ്ങനെ ചിലത് ഉയർത്തിക്കൊണ്ട് ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തരുത്. ഇക്കാലത്ത് ഒരു അഭിനേതാവ് തനിക്ക് കഴിയുംവിധം പ്രേക്ഷകരെ ആസ്വദിപ്പിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ തോക്കിൻമുനയിൽ നിർത്തി എല്ലാ സിനിമയും ഇഷ്ടപ്പെടാൻ പ്രേക്ഷകരോട് പറയാനാകില്ല’ - വിമർശനങ്ങളോട് ഷാരൂഖ് പ്രതികരിച്ചു.

ഇതിന് ശേഷവും തന്‍റെ ‘പൊതു’ അസ്ഥിത്വത്തെ പൊതുവേദിയിൽ അവതരിപ്പിച്ച് താൻ ഇന്ത്യനാണെന്ന് ആണയിടേണ്ടി വന്നിട്ടുണ്ട് ഈ മഹാനടന്. 2020ൽ ഒരു ചാനലിന്‍റെ ഡാൻസ് പരിപാടിക്കിടെ അദ്ദേഹം തന്‍റെയും കുടുംബത്തിന്‍റെയും മത നിലപാടുകൾ തുറന്നു പറയുക തന്നെ ചെയ്തു - “ഞങ്ങൾ വീട്ടിൽ ഹിന്ദു-മുസ്ലിം ചർച്ചയൊന്നും നടത്തിയിട്ടില്ല. എന്‍റെ ഭാര്യ ഹിന്ദുവാണ്. ഞാൻ മുസ്ലിമും. എന്‍റെ കുട്ടികൾ ഹിന്ദുസ്ഥാനാണ്. ഒരിക്കൽ അവർ സ്കൂളിൽ പോയപ്പോൾ അവരുടെ മതമേതെന്ന് എഴുതേണ്ടി വന്നു. അന്ന് എന്‍റെ മകൾ സ്കൂളിൽ നിന്ന് വന്നപ്പോൾ ‘നമ്മുടെ മതം ഏതാണെന്ന്’ എന്നോട് ചോദിച്ചു. അവൾ കൊണ്ടുവന്ന അപേക്ഷയിൽ മടിക്കാതെ തന്നെ ഞാനെഴുതി, ഞങ്ങൾ ഇന്ത്യനാണെന്ന്. നമുക്ക് മതമില്ലെന്ന്”.
എന്നിട്ടും മതിയാകാതെ
ഇന്ത്യൻ പൊതുസമൂഹത്തിന് മുന്നിൽ ഇത്രയും ഉദാരമായി തന്‍റെ മതനിലപാട് പലവുരു വിശദമാക്കേണ്ടി വന്നിട്ടും ഹിന്ദുത്വ ശക്തികളുടെ സിനിമയിലെ ഫസ്റ്റ് ടാർഗറ്റ് ഇന്നും ഷാരൂഖ് ഖാൻ തന്നെയാണ്. പത്താൻ റിലീസ് വിവാദവും വ്യക്തമാക്കുന്നത് അതുതന്നെ. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന്‍റെ കാരണം തിരഞ്ഞുപോയാൽ ലഭിക്കുന്ന ഉത്തരങ്ങളിൽ പ്രധാനം മതം തന്നെയാകും. തന്‍റെ മുസ്ലിം അസ്ഥിത്വം ഉപേക്ഷിക്കാൻ ഷാരൂഖ് ഖാൻ തയാറാകുന്നില്ല എന്നത് തീവ്ര ഹിന്ദുത്വ ശക്തികൾക്ക് ആ മഹാനടന്‍റെ മേലുള്ള അമർഷം വല്ലാതെ വർധിക്കുന്നതായി കാണാം.

ലതാ മങ്കേഷ്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന ഷാരൂഖ് ഖാൻ.
2022 ഫെബ്രുവരിയിൽ രാജ്യത്തിന്‍റെ വാനമ്പാടിയെന്ന് വിശേഷിപ്പിക്കുന്ന ലതാ മങ്കേഷ്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ ഷാരൂഖ് ഖാൻ ‘ദുആ’ (പ്രാർഥന) ചൊല്ലിയശേഷം ഊതിയിരുന്നു. ഇസ്ലാം വിശ്വാസികളിൽ ചില വിഭാഗങ്ങൾ നടത്തുന്ന മന്ത്രിച്ചൂതലായിരുന്നു അത്. രാജ്യമൊന്നടങ്കം ലൈവായി വീക്ഷിച്ച ആ ചടങ്ങിൽ പോലും മറകൂടാതെ തന്‍റെ മുസ്ലിം വ്യക്തിത്വം ഉയർത്തിപ്പിടിച്ച ഷാരൂഖിന്‍റെ പ്രവൃത്തി തീവ്ര വലതുപക്ഷ ശക്തികൾക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. പൊതുവിടത്തിൽ ഏക സ്വത്വമേ അംഗീകരിക്കപ്പെടാൻ പാടുള്ളൂവെന്ന് ഇവർക്ക് നിർബന്ധമുണ്ട്. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളുടെയും ആരാധനാപാത്രമായ ഷാരൂഖ് ഖാൻ തന്‍റെ മുസ്ലിം സ്വത്വം വ്യക്തമാക്കുമ്പോൾ അതിന് ലഭിക്കുന്ന സ്വീകാര്യതയാണ് തീവ്ര വലതുപക്ഷത്തെ ചൊടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷ ഹിന്ദുവിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നതാണ് ഷാരൂഖിന്‍റെ സിനിമയെന്ന് വരുത്തിത്തീർക്കാനുള്ള കച്ചിത്തുരുമ്പായി ഇവർക്ക് ലഭിച്ചതാണ് പത്താനിലെ കാവി അടിവസ്ത്രമെന്ന വിവാദം.
അവർ കാണാത്ത ഷാരൂഖ് കഥാപാത്രങ്ങൾ
ഷാരൂഖ് ഇതുവരെ അഭിനയിച്ച മൊത്തം ചിത്രങ്ങളിൽ ഏറ്റവും മികച്ച പതിനഞ്ച് എണ്ണമെടുത്താൽ അതിൽ പതിനൊന്നിലും മുസ്ലിമിതര പേരുകളുള്ള കഥാപാത്രങ്ങളായാണ് അദ്ദേഹം വെള്ളിത്തിരയിൽ മികവ് പുലർത്തിയതെന്ന് കാണാൻ കഴിയും. എന്നാൽ ഇക്കാര്യം വിദ്വേഷം പരത്തുന്ന തീവ്ര ഹിന്ദുത്വ ശക്തികൾ പ്രസക്തമായി കരുതുന്നില്ല.

സ്വദേശ് സിനിമയിൽ മോഹൻ ഭാർഗവായി ഷാരൂഖ് ഖാൻ.
കഭി ഖുഷി കഭി ഗം (രാഹുൽ), ദിൽ സേ (അമർ), ദേവ്ദാസ് (ദേവ്ദാസ്), കുച്ച് കുച്ച് ഹോതാ ഹേ (രാഹുൽ), ബാസിഗർ (അജയ് ശർമ), ഡർ (രാഹുൽ), കഭി ഹാൻ കഭി ന (സുനിൽ), വീർ സാറ (വീർ പ്രതാപ് സിങ്), കൽ ഹോ ന ഹോ (അമൻ), ദിൽ വാലേ ദുൽഹാനിയ ലേ ജായേഗേ (രാജ്), സ്വദേശ് (മോഹൻ ഭാർഗവ്) എന്നിവയിലെല്ലാം ഈ കഥാപാത്രങ്ങളെ കാണാം. എന്നാൽ ഛക്ദേ (കബീർ ഖാൻ), മൈ നെയിം ഈസ് ഖാൻ (റിസ്‌വാൻ ഖാൻ), ഡിയർ സിന്ദഗി (ഡോ. ജഹാംഗീർ ഖാൻ) എന്നിവയൊക്കെ ഉയർത്തിപ്പിടിച്ചാണ് അവരുടെ വിദ്വേഷ പ്രചാരണം.
മറ്റാരെക്കാളും ഇന്ത്യൻ
ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ സംഭവിച്ച ഇന്ത്യാ-പാക് വിഭജനം കൊണ്ടുണ്ടായ തീരാമുറിവുകളുടെ കഥ പറയുന്ന പഞ്ചാബ് അമൃത്സറിലെ പാർട്ടീഷൻ മ്യൂസിയത്തിൽ ഇതേ ഷാരൂഖ് ഖാന്‍റെ പിതാവ് മീർ താജ് മുഹമ്മദ് ഖാന്‍റെ പേര് പരാമർശിക്കുന്നുണ്ട്.
ഇന്നത്തെ പാകിസ്താനിലെ പെഷാവറിൽ ജനിച്ച മീർ താജ് മുഹമ്മദ് ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ സമരമുഖത്ത് നിരന്തരം നിലയുറപ്പിച്ചിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം അബ്ദുൽ ഖാഫർ ഖാൻ നേതൃത്വം നൽകിയ ഖുദായ് ഖിദ്മത്ഗർ പ്രസ്ഥാനത്തിന് പിന്തുണ നൽകിപ്പോന്നു.

ഷാരൂഖ് ഖാന്റെ മാതാപിതാക്കൾ - മീർ താജ് മുഹമ്മദ് ഖാൻ, ലത്തീഫ് ഫാത്തിമ ഖാൻ.
വിഭജന കാലയളവിൽ അതിർത്തി ഗ്രാമങ്ങളിലെ മുസ്ലിംകൾ പാകിസ്താനിലേക്കും ഹിന്ദുക്കൾ ഇന്ത്യയിലേക്കും പലായനം ചെയ്തപ്പോൾ ഇന്ത്യയെന്ന വികാരമാണ് തന്‍റെ സിരകളിലുള്ളതെന്ന് പ്രഖ്യാപിച്ചുകൊണ്ട് സാഹസികമായി പെഷാവറിൽ നിന്ന് ഡൽഹിയിലേക്ക് ചേക്കേറിയതാണ് മിർ താജ് മുഹമ്മദ്. പാക് പ്രവിശ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി ഉൾപ്പെടെയുള്ളവരുടെ കൂട്ടത്തിലാണ് ഷാരൂഖ് ഖാന്‍റെ പിതാവിനെയും പാർട്ടീഷൻ മ്യൂസിയത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
മിർ താജ് മുഹമ്മദ് പിൽക്കാലത്ത് ആധുനിക ഇന്ത്യയിൽ അറിയപ്പെട്ടത് മകൻ ഷാരൂഖ് ഖാന്‍റെ പിതാവായാണ്. സ്വാതന്ത്ര്യസമര സേനാനിയും രക്തരൂഷിതമായ വിഭജനത്തിനിടയിലും ഇന്ത്യയെന്ന വികാരംകൊണ്ട് കൂടി ഡൽഹിയിലേക്ക് പലായനം ചെയ്തവരുമാമായ ആ പിതാവിന്‍റെ മകനോട് ഇന്ന് ഒളിഞ്ഞും തെളിഞ്ഞും തീവ്ര ഹിന്ദുത്വ ശക്തികൾ പാകിസ്താനിലേക്ക് പോകൂവെന്ന് വിളിച്ചുപറയുന്നത് കാലത്തിന്‍റെ വിരോധാഭാസവും ചരിത്രത്തോടുള്ള കടുത്ത നീതികേടുമായി മാറുന്നു.
പാൻ ഇന്ത്യൻ കുടുംബം
ഡൽഹിയിൽ ജനിച്ച ഷാരൂഖ് ഖാൻ സെന്‍റ് കൊളംമ്പിയ സ്കൂളിലും ഹൻസ്‌രാജ് കോളജിലുമായി വിദ്യാഭ്യാസം നേടി. ജാമിയ മില്ലിയ ഇസ്ലാമിയയിൽ മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും നാടകാഭിനയത്തിൽ പൂർണമായി മുഴുകിയതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.
ദൽഹി തിയറ്റർ ആക്ഷൻ ഗ്രൂപ്പിലൂടെ ചെയ്ത നാടകവേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന് ശ്രദ്ധകിട്ടുന്നത്. അതിൽ അദ്ദേഹത്തെ പങ്കുചേർത്തവരുടെ ഇടതുപക്ഷ ആശയങ്ങളും നടനായുള്ള വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തി. ഒരു പാൻ ഇന്ത്യൻ കാഴ്ചപ്പാട് ഷാരൂഖിന്‍റെ അഭിനയ ജീവിതത്തിലും വളർച്ചയിലും കൊണ്ടുവരാൻ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ പശ്ചാത്തലവും സഹായകമായിട്ടുണ്ട്.

‘‘പകുതി ഹൈദരാബാദി (അമ്മ), പകുതി പത്താൻ (പിതാവ്), കുറച്ച് കശ്മീരി (മുത്തശ്ശി)’’ എന്നാണ് ഒരിക്കൽ ഷാരൂഖ് തന്‍റെ കുടുംബത്തെ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. ഇത്രമാത്രം ഇന്ത്യനായ ഒരാളെ തീവ്ര ഹിന്ദുത്വ ശക്തികൾ തങ്ങളുടെ ടാർഗറ്റാക്കുന്നതിന് കാരണം ഷാരൂഖ് ഖാൻ എന്ന വൈബ്രന്‍റ് നടൻ രാജ്യത്തെ സകല മേഖലകളിലും കുടുംബങ്ങളിലേക്ക് അത്രയേറെ സ്വീകരിക്കപ്പെടുന്നു എന്നതാണ്. ആ സ്വീകാര്യതക്ക് അദ്ദേഹം പുലർത്തുന്ന മുസ്ലിം വ്യക്തിത്വം ഒരു നേരിയ തടസ്സം പോലുമാകുന്നില്ല. തീവ്ര വലതുപക്ഷത്തിന് അസഹനീയമാണ് ഈ പ്രതിഭാസം. ഈ പോരാട്ടത്തിൽ കിങ് ഖാൻ വിജയിക്കുമോ എന്നത് കാലം തന്നെ തെളിയിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.