Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജൂലൈയിൽ ഫലസ്തീൻ...

ജൂലൈയിൽ ഫലസ്തീൻ മാധ്യമപ്രവർത്തകർക്കെതിരെ 108 ആക്രമണങ്ങൾ; ജേണലിസ്റ്റ്സ് സിൻഡിക്കേറ്റ്

text_fields
bookmark_border
ജൂലൈയിൽ ഫലസ്തീൻ മാധ്യമപ്രവർത്തകർക്കെതിരെ 108 ആക്രമണങ്ങൾ; ജേണലിസ്റ്റ്സ് സിൻഡിക്കേറ്റ്
cancel

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിൽ ജൂലൈ മാസത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകർക്കും മാധ്യമപ്രവർത്തന രംഗത്തുള്ളവർക്കുമെതിരെ ഇസ്രായേൽ സേനയും കുടിയേറ്റക്കാരും 108 ആക്രമണങ്ങൾ നടത്തിയതായി ഫലസ്തീൻ ജേണലിസ്റ്റ്സ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാധ്യമപ്രവർത്തകരെ തടങ്കലിലാക്കൽ, മർദനം, ചോദ്യം ചെയ്യൽ, റിപ്പോർട്ടിങ് തടസ്സപ്പെടുത്തൽ, മാധ്യമ ഉപകരണങ്ങൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യൽ തുടങ്ങിയവയാണ് രേഖപ്പെടുത്തിയത്. ഇസ്രായേൽ സൈനിക റെയ്ഡുകളും കുടിയേറ്റക്കാരുടെ ആക്രമണങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണിതെന്നും കമ്മിറ്റി വ്യക്തമാക്കി.

ഹ്രസ്വകാല തടങ്കലും റിപ്പോർട്ടിങ് നിയന്ത്രണങ്ങളുമാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. ആകെ 58 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറ്റക്കാരുടെ ആക്രമണത്തിന് ഇരയായ മാധ്യമപ്രവർത്തകരുടെയും മാധ്യമ സംഘങ്ങളുടെയും 11 കേസുകളും കമ്മിറ്റി രേഖപ്പെടുത്തി. ശാരീരിക ആക്രമണം, തള്ളിവീഴ്ത്തൽ, ഭീഷണിപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുടിയേറ്റക്കാരുടെ ആക്രമണങ്ങളും ഇസ്രായേൽ സൈനിക റെയ്ഡുകളും റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഭൂരിഭാഗം സംഭവങ്ങളും ഉണ്ടായത്.

ഇസ്രായേൽ സേന മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് സ്റ്റൺ ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിച്ച 12 സംഭവങ്ങളും കമ്മിറ്റി രേഖപ്പെടുത്തി. ഇതേത്തുടർന്ന് ചില മാധ്യമപ്രവർത്തകർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.

ആറ് മാധ്യമപ്രവർത്തകർ മർദനത്തിനിരയായതായും നാല് പേർക്ക് രക്തസ്രാവമുണ്ടാകുന്ന തരത്തിൽ പരിക്കേറ്റതായും കമ്മിറ്റി അറിയിച്ചു. ഗസ്സയിലെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നാല് പേർക്കും പരിക്കേറ്റത്. ചില്ലുകൾ പതിച്ചുണ്ടായ പരിക്കുകളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് മാധ്യമപ്രവർത്തകരെ തടങ്കലിലാക്കുകയും റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട് നാല് പേരെ ചോദ്യം ചെയ്യുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

മാധ്യമപ്രവർത്തകരുടെ വീടുകളിലും മാധ്യമ ഓഫീസുകളിലുമായി നാല് റെയ്ഡുകളും കമ്മിറ്റി രേഖപ്പെടുത്തി. ഇതിൽ ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടിയതും ഉൾപ്പെടുന്നു. മാധ്യമ ഉപകരണങ്ങൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്ത മൂന്ന് സംഭവങ്ങളും മാധ്യമപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ രണ്ട് സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. അൽ-അഖ്‌സാ പള്ളിയുടെ പരിസരത്തുനിന്ന് മാധ്യമപ്രവർത്തകരെ പുറത്താക്കിയ രണ്ട് സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.


ഭീഷണികളും ആക്രമണങ്ങളും പിന്തുടരലും ഇല്ലാതെ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് ഫലസ്തീൻ ജേണലിസ്റ്റ്സ് സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലേക്കാണ് ജൂലൈയിലെ കണക്കുകൾ വിരൽചൂണ്ടുന്നത്. 2023 ഒക്ടോബറിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം 270 ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ വ്യാപകമായി അനിയന്ത്രിതമായി തടങ്കലിലാക്കുന്നത് തുടരുകയാണെന്നും മനുഷ്യാഅവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

2023ൽ ഗസ്സയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം തങ്ങളുടെ 12 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി അൽ ജസീറയും സ്ഥിരീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineWest BankjournalistsIsrael Attack
News Summary - ജൂലൈയിൽ മാധ്യമപ്രവർത്തകർക്ക് നേരെ 108 ആക്രമണം
Next Story