ഗസ്സയിൽ 142 പേർ കൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: സംഘർഷം രൂക്ഷമായ ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 142 പേർകൂടി കൊല്ലപ്പെട്ടു. 278 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അൽ ഷിഫ ഹോസ്പിറ്റലിന് സമീപത്തെ പാർപ്പിട സമുച്ചയത്തിലുണ്ടായ വ്യോമാക്രമണത്തിൽ 12 പേരും ഖാൻ യൂനിസിൽ 10 പേരും കൊല്ലപ്പെട്ടു.
29 മൃതദേഹങ്ങൾ ദേർ എൽ ബലാഹിലെ അൽ അഖ്സ ആശുപത്രിയിൽ എത്തിച്ചു. ഇസ്രായേൽ സൈന്യം പ്രദേശത്ത് ആക്രമണം തുടരുകയാണ്. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം ഗസ്സയിൽ ഇതുവരെ 24,762 പേരാണ് കൊല്ലപ്പെട്ടത്. 62,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, തെക്കൻ ഗസ്സയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരിച്ചതായി ഇസ്രായേൽ അറിയിച്ചു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കരയുദ്ധത്തിൽ ഇതുവരെ 191 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 1178 പേർക്ക് പരിക്കേറ്റു.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുക്കുന്നവരോട് മോശമായാണ് പെരുമാറുന്നതെന്ന് യു.എൻ മനുഷ്യാവകാശ പ്രതിനിധി കുറ്റപ്പെടുത്തി. ഇസ്രായേൽ സൈന്യം പുറത്തുവിട്ട വിഡിയോകളിൽ അടിവസ്ത്രം മാത്രം ധരിച്ച ഫലസ്തീൻ തടവുകാർ കൊടുംതണുപ്പിൽ ഇരിക്കുന്നത് കാണാം. അജ്ഞാതമായ കേന്ദ്രങ്ങളിൽ 30 മുതൽ 55 ദിവസം വരെ കഴിഞ്ഞ തടവുകാരുമുണ്ടെന്ന് യു.എൻ മനുഷ്യാവകാശ പ്രതിനിധിയായ അജിത് സൺഖേ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.