മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ; മരണസംഖ്യ 160 കടന്നു; 133 ഇന്ത്യൻ തീർഥാടകരെ കുറിച്ച് വിവരമില്ല; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsകാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും മരിച്ചവരുടെ എണ്ണം 160 കടന്നു. ദുരന്തത്തിൽ 800ലധികം ആളുകളെ കാണാതായതായാണ് വിവരം.
കൈലാസ മാനസസരോവർ യാത്രക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരെ കുറിച്ചും വിവരമില്ല. 157 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പൊലീസ് അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അധികൃതർ. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. കാണാതായ വിദേശികളിൽ 142 ഇന്ത്യക്കാരുണ്ട്. ആസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടും.
നേപ്പാളിന് അടിയന്തര സഹായമായി ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അത്യാവശ്യ മരുന്നുകളും എത്തിച്ചു. ഈ അടിയന്തര സഹായങ്ങൾ കാഠ്മണ്ഡുവിൽ എത്തിയതായും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി കൂടുതൽ സഹായങ്ങൾ ഒരുക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. നേപ്പാളിന് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായെ ഫോണിൽ വിളിച്ച മോദി, സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് അറിയിച്ചു.
‘നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിക്കാനായി പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചു. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരങ്ങൾക്കൊപ്പം ഐക്യദാർഢ്യത്തോടെ നിൽക്കുന്നു. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണ്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നമ്മുടെ സംഘങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്’ -മോദി എക്സിൽ കുറിച്ചു.
ടിബറ്റ് ഭാഗത്തുനിന്നു ഉത്ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതോടെയാണ് അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടായത്. ടിബറ്റുമായി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും മാരകമായി ബാധിച്ചത്. പല ഗ്രാമങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പാലങ്ങളും റോഡുകളും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായി. ദുരന്തത്തിന്‍റെ നെഞ്ചുലക്കുന്ന നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മലയാളികൾ സുരക്ഷിതർ
നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇവരുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിൽ ആവശ്യമായ എല്ലാ നിർദേശങ്ങളും തുടർ സഹായങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. നേപ്പാളിലെ സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഓഫിസ് അറിയിച്ചു.. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ഫോൺ: 944 7111844, 9747132147.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്രചെയ്ത തീയതി, ബാധിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്രാ പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതമാണ് അറിയിക്കേണ്ടത്. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് നേപ്പാൾ സർക്കാറിന് കൈമാറുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്ക് അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ രാജേഷ് മാധവന്‍ അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിന്‍റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫിസറേയും ചുമതലപ്പെടുത്തി.
ഹെല്‍പ്പ് ലൈന്‍ തുറന്ന് ഇന്ത്യന്‍ എംബസി
അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

