കൊടുംപട്ടിണിയിൽ ഗസ്സ; 19 മരണം
text_fieldsഇസ്രായേൽ സൈനിക നീക്കത്തെ തുടർന്ന് ദൈർ അൽബലഹിൽനിന്ന് നിന്ന് നാടുവിട്ട് പോകുന്നവർ
ഗസ്സ സിറ്റി: അന്നം നിഷേധിച്ച് ഇസ്രായേൽ കൊടുംക്രൂരത തുടരുന്ന ഗസ്സയിൽ പട്ടിണി മരണം കൂടുന്നു. 24 മണിക്കൂറിനിടെ, കുട്ടികളടക്കം 19 പേർ മരണത്തിന് കീഴടങ്ങിയതായി ദൈർ അൽബലഹിലെ അൽഅഖ്സ ആശുപത്രി വക്താവ് ഡോ. ഖലീൽ അൽദഖ്റാൻ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ പൂർണമായി മുടക്കപ്പെട്ടതിനാൽ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് മരുന്ന് മാത്രമല്ല, ഭക്ഷണവും നൽകാനാവാതെ വരുന്നത് മരണസംഖ്യ കുത്തനെ ഉയർത്തുകയാണ്.
അതിനിടെ, കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ ഉത്തരവിറങ്ങിയ ദൈർ അൽബലഹിൽ ഇസ്രായേൽ കരസേന ആക്രമണം തുടങ്ങി. കിസുഫിൻ ചെക്പോയന്റ് കടന്ന് ടാങ്കുകൾ അബുൽ ആജിൻ, ഹിക്ർ അൽജാമിർ പ്രദേശങ്ങളിലെത്തിയതായും കരസേന ഇവിടെ കൂടുതൽ വിന്യസിക്കപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. 21 മാസം പൂർത്തിയായ ഇസ്രായേൽ അധിനിവേശത്തിനിടെ, ഒരിക്കൽ പോലും കരസേന ആക്രമണം നടത്താത്ത പ്രദേശങ്ങളിലാണ് പുതിയ സൈനിക നീക്കം.
ആശുപത്രികൾ, കുടിവെള്ളം, ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണം എന്നിവ ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇസ്രായേൽ ബന്ദികളെ പാർപ്പിച്ച പ്രദേശമാണെന്നും സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുടിയൊഴിപ്പിക്കൽ ഉത്തരവിനെ തുടർന്ന് ആയിരങ്ങൾ നാടുവിട്ട് ഖാൻ യൂനുസിന് സമീപം മവാസിയിലേക്ക് നീങ്ങി. മധ്യഗസ്സയിൽ പുതിയ സൈനിക ഇടനാഴി ഒരുക്കുന്നതിന്റെ ഭാഗമാണ് ആക്രമണമെന്ന് റിപ്പോർട്ടുണ്ട്.
ദൈർ അൽബലഹിന് പുറമെ, മറ്റിടങ്ങളിലും ആക്രമണം ശക്തമാക്കിയ ഗസ്സയിൽ 24 മണിക്കൂറിനിടെ, 130 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവർ 1000 ലേറെയാണ്. ഇതോടെ, ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 59,000 പിന്നിട്ടു. പരിക്കേറ്റവർ 142,000ഉം. കെട്ടിടാവശിഷ്ടങ്ങളിലും ഇസ്രായേൽ സൈന്യം സമ്പൂർണമായി നിയന്ത്രിക്കുന്ന മേഖലകളിലും മരിച്ചവരെ കുറിച്ച് വിവരങ്ങളില്ല. വടക്കൻ ഗസ്സയിലെ സികിം അതിർത്തിയിൽ ഭക്ഷ്യ ട്രക്കിനരികെ എത്തിയവർക്കു നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 79 പേരാണ് കൊല്ലപ്പെട്ടത്. റഫയിൽ ഇസ്രായേൽ ഒരുക്കിയ ഭക്ഷ്യകേന്ദ്രത്തിലെ വെടിവെപ്പിൽ 36 പേരും ഖാൻ യൂനുസിൽ നാലുപേരും കൊല്ലപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.