ട്രംപിന് കൂച്ചുവിലങ്ങിടണം; സെനറ്റ് വോട്ടെടുപ്പിൽ ഡെമോക്രാറ്റ് പ്രമേയത്തെ അനുകൂലിച്ച് നാലു റിപ്പബ്ലിക്കരും
text_fieldsവാഷിങ്ടൺ: യുദ്ധാധികാര നിയമപ്രകാരം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരത്തിന് കൂച്ചുവിലങ്ങിടാനും ഇറാൻ യുദ്ധം അവസാനിപ്പിക്കാനും സെനറ്റിൽ ഡെമോക്രാറ്റുകൾക്കൊപ്പം ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തി നാല് റിപ്പബ്ലിക്കൻമാരും. 50-47 എന്ന വോട്ടിന് പ്രമേയം പാസായി. മൂന്ന് റിപ്പബ്ലിക്കൻമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
കെന്റക്കിയിലെ സെനറ്റർ റാൻഡ് പോൾ, മെയ്നിലെ സൂസൻ കോളിൻസ്, അലാസ്കയിലെ ലിസ മുർക്കോവ്സ്കി, ലൂസിയാനയിലെ ബിൽ കാസിഡി എന്നിവർ ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തി. അതേസമയം പെൻസിൽവാനിയയിലെ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ പ്രമേയത്തിന് എതിരെ വോട്ട് ചെയ്തു. തന്റെ പാർട്ടിയുടെ പിന്തുണയോടെ, വ്യക്തമായ ലക്ഷ്യമില്ലാതെ 81 ദിവസമായി യുദ്ധം തുടരുന്ന പ്രസിഡന്റിനെതിരെയുള്ള അപൂർവമായ പരസ്യ ശാസനയായിട്ടാണ് ക്രോസ്-വോട്ടിങ്ങിനെ കാണുന്നത്.
ഫെബ്രുവരി 28ന് ആരംഭിച്ച പോരാട്ടത്തിൽ ഇതുവരെ ഗൾഫിലുടനീളമുള്ള 10,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും സിവിലിയൻ, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് കോടിക്കണക്കിന് ഡോളർ നാശനഷ്ടമുണ്ടാകുകയും ചെയ്തു. കൂടാതെ ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ കപ്പൽ ചാനലായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചുപൂട്ടുകയും ചെയ്തു. പെന്റഗണിന്റെ അവസാന കണക്കനുസരിച്ച് ഇത് യുഎസിന് 29 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടാതെ സഖ്യകക്ഷികളുമായുള്ള ബന്ധത്തിലും വിള്ളൽ വീണു.
ചൊവ്വാഴ്ചത്തെ സെനറ്റിൽ നടന്ന വോട്ടെടുപ്പ് ട്രംപ് സംഘർഷത്തിൽ നിന്ന് പിന്മാറാൻ ട്രംപിനെ നിർബന്ധിതനാക്കില്ലെങ്കിലും, പ്രസിഡന്റ് തന്റെ പരിധികൾ ലംഘിച്ചുവെന്ന് വാദിക്കുന്ന നിയമനിർമ്മാതാക്കൾക്ക് ഇത് ഒരു വിജയമാണ്. വിഷയത്തിൽ ട്രംപ് അധികാര പരിധി ലംഘിച്ചെന്നാണ് ഡെമോക്രാറ്റുകൾ ആരോപിക്കുന്നത്. യുദ്ധ അധികാര നിയമപ്രകാരം സെനറ്റിന്റെ അംഗീകാരമില്ലാതെ ഒരു യുഎസ് പ്രസിഡന്റിന് 60 ദിവസത്തിൽ കൂടുതൽ മറ്റൊരു രാജ്യത്ത് സൈന്യത്തെ വിന്യസിക്കാൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഡെമോക്രാറ്റുകളും ട്രംപിന്റെ യുദ്ധത്തെ വിമർശിക്കുന്നവരും പറയുന്നതനുസരിച്ച്, ആ സമയപരിധി മേയ് ഒന്നിന് കഴിഞ്ഞു. എന്നാൽ ഏപ്രിൽ 8ന് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നതിനാൽ സെനറ്റിന്റെ അംഗീകാരം വാങ്ങേണ്ടതില്ലെന്നാണ് ട്രംപിന്റെ വാദം. എന്നാൽ ഹുർമുസിലെ ഇറാനിയൻ കപ്പലുകളുടെ ഉപരോധത്തിൽ യുഎസ് നാവികസേന വിന്യസിച്ചിട്ടുണ്ട്.
100 അംഗ സെനറ്റും പ്രതിനിധി സഭയും ഓരോ ചേംബറിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസായാൽ മാത്രമേ സൈനിക നടപടിക്ക് അംഗീകാരം ലഭിക്കൂ. എന്നാൽ റിപ്പബ്ലിക്കൻമാർക്ക് രണ്ട് ചേംബറുകളിലും നേരിയ ഭൂരിപക്ഷം മാത്രമേ ഉള്ളൂ എന്നതിനാൽ നിലവിൽ ഇത് സാധ്യമാവില്ല.അതേസമയം ഇറാനെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യുഎസിന് കനത്ത നഷ്ടമുണ്ടായതായി ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നു. യുദ്ധവിമാനങ്ങളും റീപ്പർ ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യുഎസ് വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യുഎസ് കോൺഗ്രസിന്റെ ലൈബ്രറിയുടെ കീഴിലുള്ള കോൺഗ്രസ് റിസർച്ച് സർവീസ് (സിആർഎസ്) റിപ്പോർട്ടാണ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

