യുക്രെയ്ൻ ആക്രമണത്തിൽ മരിച്ചത് 89 റഷ്യൻ സൈനികർ
text_fieldsകിയവ്: യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം റഷ്യൻ സേനക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിക്ക് കാരണം അനധികൃത മൊബൈൽ ഫോൺ ഉപയോഗമെന്ന് റിപ്പോർട്ട്. പുതുവർഷ രാവിൽ റഷ്യൻ സൈനികർ അനുമതിയില്ലാതെ മൊബൈൽ ഫോൺ ഉപയോഗിച്ചതോടെയാണ് യുക്രെയ്നിന് ആക്രമണത്തിന് അവസരം ലഭിച്ചതെന്ന് ഉന്നത റഷ്യൻ സൈനിക ഉദ്യോഗസ്ഥർ തന്നെയാണ് വ്യക്തമാക്കിയത്.
മൊബൈൽ ഫോൺ ഉപയോഗിച്ചതിലൂടെ ലഭിച്ച സിഗ്നൽ ഉപയോഗപ്പെടുത്തിയാണ് യുക്രെയ്ൻ റോക്കറ്റാക്രമണം നടത്തിയതെന്നും 89 സൈനികരുടെ മരണത്തിന് കാരണമായതെന്നും ലെഫ്. ജനറൽ സെർജി സെവ്രിയുകോവ് പറഞ്ഞു. മൊബൈൽ സിഗ്നലിലൂടെയാണ് സൈനികർ താമസിക്കുന്ന മകെവ്കയിലെ കേന്ദ്രം യുക്രെയ്ൻ സേന കണ്ടെത്തിയത്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും ലെഫ്. ജനറൽ പറഞ്ഞു.
ആറ് റോക്കറ്റുകളാണ് റഷ്യ പിടിച്ചടക്കിയ മകെവ്കയിലെ താമസകേന്ദ്രത്തിൽ പതിച്ചത്. അമേരിക്ക നൽകിയ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് യുക്രെയ്ൻ ആക്രമണം നടത്തിയതെന്നും റഷ്യൻ സൈന്യം പറഞ്ഞു. ആറ് റോക്കറ്റുകളിൽ നാലെണ്ണമാണ് കെട്ടിടത്തിൽ പതിച്ചത്. ജനുവരി ഒന്നിന് പുലർച്ചെയിലെ ആക്രമണത്തിൽ 63 സൈനികർ തൽക്ഷണവും 26 പേർ ആശുപത്രിയിലുമാണ് മരിച്ചത്. റെജിമെന്റ് ഡെപ്യൂട്ടി കമാൻഡറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് ലെഫ്. ജനറൽ സെർജി സെവ്രിയുകോവ് പറഞ്ഞു. അതേസമയം, ആക്രമണത്തിൽ 400 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.