ഗസ്സയിൽ വെടിനിർത്തലിന് ശേഷം കൊല്ലപ്പെട്ടത് 93 പേർ
text_fieldsഗസ്സ: ഗസ്സയിൽ ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിലായതിന് ശേഷം ഇസ്രായേൽ ആക്രമണത്തിൽ 93 ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ പാലിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനോട് ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. ശനിയാഴ്ച ദക്ഷിണ ലെബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ സൈനികരും ഇസ്രായേലി അനധികൃത കുടിയേറ്റക്കാരും അതിക്രമം തുടരുകയാണ്. ശനിയാഴ്ച ഒലിവ് വിളവെടുപ്പ് നടത്തുന്ന 65കാരനെ സൈനികരും കുടിയേറ്റക്കാരും ചേർന്ന് ആക്രമിച്ചു.
ഗസ്സയിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവർ 15,000 പേർ; രണ്ട് കുട്ടികൾ കൂടി ചികിത്സ കിട്ടാതെ മരിച്ചു
ഗസ്സ: അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമുള്ള 15000ത്തിലധികം പേർ ഗസ്സയിലുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇവരെ വിദേശത്തെത്തിച്ച് ചികിത്സ നൽകാൻ ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ല.
ഇത്തരത്തിലുള്ള രണ്ട് പത്തുവയസ്സുകാർ കഴിഞ്ഞ ദിവസം നാസർ ആശുപത്രിയിൽ മരിച്ചു. അമർ അബു സൈദ് ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് കഴുത്തിനുതാഴെ തളർന്നുകിടക്കുകയായിരുന്നു.
അഹ്മദ് അൽ ജദ്ദിന് ബ്രെയിൻ ട്യൂമറായിരുന്നു. സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ അഹ്മദ് അൽ ജദ്ദിനെ രക്ഷിക്കാമായിരുന്നു എന്നാണ് നാസർ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. അവന്റെ പിതാവ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ്. ഗസ്സയിലെ ആശുപത്രികളിൽ ഭൂരിഭാഗവും ഇസ്രായേൽ ആക്രമിച്ച് തകർത്തിരുന്നു.
വിരലിലെണ്ണാവുന്ന അവശേഷിക്കുന്ന ആശുപത്രികളിൽ അടിസ്ഥാന ചികിത്സക്കുള്ള സൗകര്യങ്ങളോ മരുന്നോ പോലും ഇല്ല. ഗുരുതര പരിക്കും മാരക രോഗങ്ങളും ഉള്ളവർക്ക് പാരസെറ്റമോൾ മാത്രം നൽകാൻ കഴിയുന്ന സ്ഥിതിയായിരുന്നു. അനസ്തേഷ്യ നൽകാതെ വരാന്തയിൽ കിടത്തിയൊക്കെയായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്.
യുദ്ധം അവസാനിച്ച ശേഷവും ഗസ്സക്കാരുടെ ദുരിതത്തിന് അറുതിയായിട്ടില്ല. മരുന്നും ഭക്ഷ്യവസ്തുക്കളും തടയരുതെന്ന ഐക്യരാഷ്ട്രസഭയുടെയും മധ്യസ്ഥ രാജ്യങ്ങളുടെയും നിർദേശം ഇസ്രായേൽ അംഗീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

