'സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മടിച്ച രാജ്യമാണ് പാകിസ്താൻ': ഞങ്ങളെ ഉപദേശിക്കേണ്ട, യു.എന്നിൽ തുറന്നടിച്ച് ഇന്ത്യ
text_fieldsന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും വിമർശിക്കാൻ ശ്രമിച്ച പാകിസ്താന് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇന്ത്യ. സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിരന്തരം ലംഘിക്കുകയും അവർക്ക് സുരക്ഷ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്ത പാകിസ്താന് ഇന്ത്യയെ ഉപദേശിക്കാൻ യാതൊരു അർഹതയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദനാണ് പാകിസ്താന്റെ വിരോധാഭാസവും കപടനിലപാടുകളും ആഗോളവേദിയിൽ തുറന്നുകാട്ടിയത്.
പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണെന്നും അവരുടെ മൗലികാവകാശങ്ങൾ നിരന്തരം ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഭവിക ചൂണ്ടിക്കാണിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാജ്യം മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങുന്നത് തികച്ചും പരിഹാസ്യമാണ്. മാനുഷിക ദുരിതങ്ങളെയും മനുഷ്യാവകാശ വിഷയങ്ങളെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി പാകിസ്താൻ ദുരുപയോഗം ചെയ്യുകയാണെന്നും, മതസ്വാതന്ത്ര ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയാറാക്കുമ്പോൾ നിഷ്പക്ഷമായ സമീപനം പുലർത്തണമെന്നും ഇന്ത്യ യു.എൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി മതം മാറ്റുന്നതും, പ്രായപൂർത്തിയാകാത്തവരെ വിവാഹം കഴിപ്പിക്കുന്നതും വ്യാപകമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രധാനമായും ഹിന്ദു, ക്രൈസ്തവ സമൂഹങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം നിർബന്ധിത മതപരിവർത്തനവും ബാലവിവാഹവും കടുത്ത കുറ്റകൃത്യമാണെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു.
ഭീകരവാദ ആരോപണം നേരിടുന്നവരുടെ സംസ്കാര ചടങ്ങുകളെക്കുറിച്ച് യു.എൻ റിപ്പോർട്ടിലെ പരാമർശങ്ങളെയും ഇന്ത്യ രൂക്ഷമായി വിമർശിച്ചു. ഭീകരാക്രമണങ്ങൾക്ക് ഇരയായവരുടെ വേദനയും ദുരിതവും കാണാതെ പോകരുതെന്ന് ഭവിക ഓർമ്മിപ്പിച്ചു. 1999-ലെ കാർഗിൽ യുദ്ധകാലത്തെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടാണ് പാകിസ്താന്റെ യഥാർത്ഥ മുഖം ഇന്ത്യ തുറന്നുകാട്ടിയത്.
കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും ഏറ്റുവാങ്ങാൻ തയ്യാറാകാതിരുന്ന ചരിത്രമാണ് പാകിസ്താനുള്ളത്. സ്വന്തം സൈനികരുടെ മൃതദേഹങ്ങളെപ്പോലും തള്ളിക്കളഞ്ഞ ഒരു രാജ്യം ഇപ്പോൾ ആഗോള വേദിയിൽ വന്ന് മതത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വാചാലരാകുന്നത് വൻ വിരോധാഭാസമാണ്. എന്നാൽ കൊല്ലപ്പെട്ട പാകിസ്താൻ സൈനികരോട് പോലും മാന്യത കാട്ടി, സൈനിക ബഹുമതികളോടെ ഇസ്ലാമിക ആചാരപ്രകാരം അവരുടെ സംസ്കാരം നടത്തിയത് ഇന്ത്യൻ സൈന്യമായിരുന്നുവെന്നും ഭവിക യു.എൻ വേദിയിൽ വ്യക്തമാക്കി.
ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്താൻ നടത്തുന്ന വ്യാജ പ്രചാരണങ്ങളെയും ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിലേക്ക് കണ്ണോടിക്കുന്നതിന് പകരം, റാവലാകോട്ട് ഉൾപ്പെടെ പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധീന കശ്മീരിലെ പ്രദേശങ്ങളിൽ നടക്കുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കാനാണ് പാക്കിസ്താൻ ശ്രദ്ധിക്കേണ്ടതെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

