ഫലസ്തീൻ സഹായം ജലരേഖയായി; വൈദ്യ ഉപകരണങ്ങളില്ലാതെ ആശുപത്രികളിൽ മരണം
text_fieldsഖാൻ യൂനുസിലെ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി കിടക്കുന്ന ബാലൻ. വൈദ്യുതിയും വൈദ്യ ഉപകരണങ്ങളുമില്ലാതെ രോഗികൾ മരിക്കുന്ന അവസ്ഥയാണ് ഗസ്സയിലെ ആശുപത്രികളിൽ
ഗസ്സ സിറ്റി: വൈദ്യുതിയും വൈദ്യസാമഗ്രികളുമില്ലാതെ വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ ജനങ്ങൾ മരണം പുൽകുമ്പോഴും നരനായാട്ട് കടുപ്പിച്ച് ഇസ്രായേൽ. നൂറിലധികം പേർ അഭയംതേടിയ ഖാൻ യൂനുസിലെ ഒരു കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 32 പേർ മരിച്ചു.
ഇതിൽ സാഖല്ല എന്ന കുടുംബത്തിലെ 15 പേരും ഉൾപ്പെടുന്നു. ഇവർ അടക്കം 33 ഫലസ്തീനികളെ കൂട്ട ഖബറിടമൊരുക്കി മറവു ചെയ്തു. മാനുഷിക സഹായം എത്തിക്കുമെന്ന പ്രഖ്യാപനവും പേരിലൊതുങ്ങിയതോടെയാണ് വൈദ്യ ഉപകരണങ്ങളടക്കം തീർന്ന് മരണം റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ 54 സഹായ ട്രക്കുകൾ മാത്രമാണ് റഫ വഴി ഗസ്സയിലെത്തിയത്. ഇത് കടലിലെ ഒരു തുള്ളി പോലെ അപര്യാപ്തമാണെന്ന് യു.എന്നിലെ ഫലസ്തീൻ അഭയാർഥി കാര്യ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു.
ഏറ്റവും അത്യാവശ്യമായ ഇന്ധനം ഈ ട്രക്കുകളിൽ ഉണ്ടായിരുന്നില്ല. അരിയും പയറും പരിപ്പുമാണ് ട്രക്കുകളിലുണ്ടായിരുന്നതെന്നും വെള്ളമോ പാചകവാതകമോ ഇല്ലാത്തതിനാൽ ഇവ പാകം ചെയ്യാനാവാത്ത ദുര്യോഗമാണെന്നും ഏജൻസി പറഞ്ഞു. വടക്കൻ മേഖലയിലെ ആശുപത്രികൾക്ക് അവശ്യ വസ്തുക്കൾ എത്തിക്കാൻ നിർവാഹമില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു. ഗസ്സയിലെ മൂന്നിൽ രണ്ട് ആരോഗ്യ സംവിധാനങ്ങളും നിശ്ചലമായതായി ലോകാരോഗ്യ സംഘടന. 72 ആരോഗ്യ സംവിധാനങ്ങളിൽ 46 എണ്ണവും പ്രവർത്തനം നിർത്തി. 35 ആശുപത്രികളുള്ളതിൽ 12 എണ്ണമാണ് നിലച്ചത്. ഭക്ഷണവും വെള്ളവും മുടക്കിയുള്ള ഗസ്സയിലെ നടപടിയോടെ ഫലസ്തീനികളുടെ ഇസ്രായേലിനോടുള്ള മനോഭാവത്തിൽ തലമുറകൾ നീണ്ടു നിൽക്കുന്ന കടുപ്പമുണ്ടാകുമെന്ന് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പു നൽകി.
ഇത്തരം നടപടികൾ ഇസ്രായേലിനുള്ള ആഋഗാള പിന്തുണ കുറക്കുമെന്നും മേഖലയിൽ സമാധാനത്തിനുള്ള ശ്രമങ്ങളെ പിന്നോട്ടു വലിക്കുെംന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെതിരായ യുദ്ധത്തിൽ സാധാരണ ജനങ്ങൾ മരിച്ചുവീഴുന്നത് യുദ്ധക്കുറ്റമാണെന്നും മാനവികതക്കെതിരായ കുറ്റമാണെന്നും ഐക്യരാഷ്ട്ര സഭ പ്രതിനിധി. ജനീവ കൺവെൻഷൻ അടക്കമുള്ള നിയമങ്ങൾ പാലിക്കാൻ ഇസ്രയേലിനും ഹമാസിനും ഒപ്പം അവരെ പിന്തുണക്കുന്നവർക്കും ബാധ്യതയുണ്ടെന്നും, മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട യു.എൻ പരിശോധക ഫിയോന്നുവാല നി ഓലെയ്ൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.