യു.എസിൽ കാട്ടുതീ അണയുന്നില്ല; വായുമലിനീകരണം രൂക്ഷം
text_fieldsവാഷിങ്ടൺ: കാറ്റ് രൂക്ഷമാകുമെന്ന മുന്നറിയിപ്പിനിടെ ലോസ് ആഞ്ജലസിൽ കാട്ടുതീ അണക്കാൻ ഊർജിത ശ്രമം. കാട്ടുതീയെത്തുടർന്ന് വായുമലിനീകരണം രൂക്ഷമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നാഷനൽ വെതർ സർവിസ് മുന്നറിയിപ്പ് നൽകി. ചാരത്തിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ വീടിനകത്തുതന്നെ കഴിയാൻ പ്രദേശവാസികളോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും ശക്തമായ പാലിസേഡ്സ് കാട്ടുതീ ഇതിനകം 23,713 ഏക്കർ സ്ഥലമാണ് ചുട്ടെരിച്ചത്. തീ 14 ശതമാനത്തോളം അണക്കാനായി. രണ്ടാമത്തെ ശക്തമായ അഗ്നിബാധയായ ഈറ്റൺ തീ 33 ശതമാനത്തോളമാണ് അണച്ചത്. 14,117 ഏക്കർ പ്രദേശമാണ് ഈ തീയിൽ കത്തിക്കരിഞ്ഞത്. 799 ഏക്കർ പ്രദേശത്ത് നാശം വിതച്ച ഹേസ്റ്റ് തീ 97 ശതമാനവും അണച്ചു. 55.7 ഏക്കർ ചാമ്പലാക്കിയ ഓട്ടോ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനായെന്നും അധികൃതർ പറഞ്ഞു.
അതിനിടെ, നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥാനാരോഹണത്തിനുശേഷം ലോസ് ആഞ്ജലസ് സന്ദർശിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത തിങ്കളാഴ്ചയാണ് ട്രംപ് അധികാരമേൽക്കുന്നത്. കാട്ടുതീ തുടങ്ങിയത് മുതൽ ട്രംപും കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമും തമ്മിൽ വാക്പോരിൽ ഏർപ്പെട്ടിരുന്നു. കാര്യപ്രാപ്തിയില്ലാത്ത രാഷ്ട്രീയക്കാരാണ് ദുരന്തത്തിന് കാരണമെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. അതേസമയം, ട്രംപ് തെറ്റായ കാര്യങ്ങൾ പറയുകയാണെന്ന് ഗവർണറും തിരിച്ചടിച്ചു.
കാട്ടുതീയെത്തുടർന്ന് ആളുകൾ ഒഴിഞ്ഞുപോയ വീടുകളിൽ കവർച്ചക്ക് ശ്രമിച്ച ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.