സർവം ശുഭം!!! ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി; പേടകം പസഫിക് സമുദ്രത്തിൽ പതിച്ചു
text_fieldsrepresentation image
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല18 ദിവസത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കുശേഷം ഭൂമിയിൽ തിരിച്ചെത്തി. 27,000 കിമീ വേഗത്തിലാണ് ഭ്രമണപഥത്തിൽനിന്ന് ഭൗമോപരിതലത്തിലേക്ക് സ്പേസ് എക്സിന്റെ ഡ്രാഗൺ ഗ്രേസ് പേടകം പ്രവേശിച്ചത്. റീഎൻട്രി എന്ന പ്രക്രിയയിൽ ഭൗമോപരിതലത്തിലേക്ക് കടക്കുന്ന പേടകം ഭൗമാന്തരീക്ഷത്തിലെ വായുവുമായുള്ള ഘർഷണത്തെ തുടർന്ന് അഗ്നിഗോളമായി മാറിയിരുന്നു.
കാലിഫോർണിയയിലെ പസഫിക് സമുദ്രമേഖലയിലേക്കാണ് ഡ്രാഗൺ പേടകം പതിച്ചത്. ആദ്യം രണ്ടുവലിയ പാരച്യൂട്ടുകൾ വിരിഞ്ഞ് വേഗം കുറച്ചു. തൊട്ടടുത്ത നിമിഷം അടുത്ത രണ്ടു പാരച്യൂട്ടുകളും വിരിഞ്ഞ് വേഗം കുറച്ച് പേടകം സമുദ്രത്തിലേക്കിറക്കുകയായിരുന്നു.
ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് 4.45ന് ബഹിരാകാശ നിലയത്തിൽനിന്ന് വേർപെട്ട സ്പേസ് എക്സിന്റെ ഡ്രാഗൺ ഗ്രേസ് പേടകം 22.5 മണിക്കൂർ യാത്രക്കുശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കാലിഫോർണിയക്കു സമീപം കടലിൽ പതിച്ചു. പേടകത്തിന്റെ മടക്കയാത്ര നാസ തത്സസമയം സംപ്രേക്ഷണം ചെയ്തു.
ആക്സിയം -4 എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായാണ് മിഷൻ പൈലറ്റ് ശുഭാൻഷു ശുക്ല, കമാൻഡർ പെഗ്ഗി വിറ്റ്സൺ(യു.എസ്.എ), മിഷൻ സ്പെഷലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവർ ജൂൺ 25ന് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.