‘പരസ്യമായ ഒളിയുദ്ധം’ നയിച്ച് ട്രംപ്; തെഹ്റാനെ ഭീഷണിപ്പെടുത്തിയും ഇസ്രായേലിന് ശക്തിപകർന്നും അമേരിക്ക
text_fieldsഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ ഇറാന് ഐക്യദാർഢ്യമർപ്പിച്ച്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കട്ടൗട്ടിനു മേൽ ചെരുപ്പുമാല അണിയിക്കുന്നവർ
വാഷിങ്ടൺ: ഇസ്രായേലിന്റെ ആക്രമണത്തിൽ തങ്ങളില്ലെന്ന് ഇടക്കിടെ പ്രഖ്യാപിക്കുമ്പോഴും ഇറാനെതിരെ ‘പരസ്യമായ ഒളിയുദ്ധ’മെന്ന വിചിത്ര കുതന്ത്രവുമായി അമേരിക്കയും ട്രംപും. അമേരിക്കയെ നേരിട്ട് സംഘർഷത്തിന്റെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഇറാൻ ആക്രമണവും പ്രത്യാക്രമണവും ആറാം നാളിലേക്ക് കടന്നിട്ടും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യ പിന്തുണ വ്യക്തമാക്കിയിട്ടില്ല. അതേസമയം, തെഹ്റാൻ നിവാസികളോട് ഒഴിഞ്ഞുപോകാൻ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനമടക്കം നടത്തുന്നുമുണ്ട് ട്രംപ്.
ഇറാനുമായി ആണവ തർക്കത്തിൽ യഥാർഥ പരിഹാരമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ച അദ്ദേഹം അതിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരെ മേഖലയിലേക്ക് അയക്കുമെന്ന് സൂചന നൽകി. വെടിനിർത്തലല്ല, അതിനെക്കാൾ മികച്ചതിനാണ് ശ്രമിക്കുന്നതെന്നും ആണവ വിഷയത്തിൽ സമ്പൂർണമായി ഉപേക്ഷിക്കാൻ ഇറാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു. സമാധാന ചർച്ചകൾക്കില്ലെന്നും അതിനായി ഒരുനിലക്കും ഇറാനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനും യുദ്ധക്കപ്പലും യുദ്ധവിമാനങ്ങളും അയക്കാനും തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനമെന്ന പ്രത്യേകതയുണ്ട്.
വിമാനവാഹിനി പശ്ചിമേഷ്യയിലേക്ക്
നിരവധി യുദ്ധവിമാനങ്ങളും ഒരു വിമാനവാഹിനി കപ്പലും പശ്ചിമേഷ്യയിലേക്ക് അയച്ചതായും മേഖലയിലെ യു.എസ് സേനയുടെ സംരക്ഷണമാണ് ലക്ഷ്യമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അറിയിച്ചു. ആകാശത്ത് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറക്കാൻ സഹായിക്കുന്ന 31 കെ.സി-135 സ്ട്രാറ്റോ ടാങ്കേഴ്സ്, കെ.സി-46 പെഗസസ് വിമാനങ്ങളാണ് പ്രധാനമായും അയച്ചതെന്നാണ് വിശദീകരണം. യുദ്ധവിമാനങ്ങൾക്ക് കൂടുതൽ സമയം ആകാശത്ത് നിലയുറപ്പിക്കാൻ ഇത് സഹായിക്കും. പസഫിക്കിലായിരുന്ന യു.എസ്.എസ് നിമിറ്റ്സ് യുദ്ധക്കപ്പലും പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ നിമിറ്റ്സ് കഴിഞ്ഞ ദിവസം മലാക്ക കടൽ വഴി ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇറാന്റെ ഭൂഗർഭ ആണവ നിലയമായ ഫോർദോ ആക്രമിക്കാൻ ശേഷിയുള്ള ബി-52 ബോംബറുകൾ അടക്കം വിന്യസിക്കാൻ പദ്ധതിയുള്ളതായി സൂചനയില്ല. 10,000 കിലോമീറ്റർ വരെ ഇന്ധനം വീണ്ടും നിറക്കാതെ പറക്കാൻ ശേഷിയുള്ളതാണ് ബി-52 വിമാനങ്ങൾ. അതേസമയം, ബ്രിട്ടനും യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ ആക്രമണങ്ങളിൽ യു.എസ് യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പക്ഷേ, ഹെഗ്സേത്ത് തള്ളി.
ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ തെൽ അവീവിലെ അമേരിക്കൻ എംബസിക്ക് നേരിയ കേടുപാടുകൾ പറ്റിയിരുന്നു. അമേരിക്ക ഇസ്രായേലിന് കൈമാറിയ എഫ്-35 യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിടുകയും ചെയ്തു. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച തബ്രീസിൽ ആക്രമണത്തിനെത്തിയ വിമാനമാണ് ആക്രമിച്ചത്. പൈലറ്റിനെ ഇറാൻ ബന്ദിയാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.