ഹൈഡ്രജൻ പരീക്ഷണം: ഉ.കൊറിയക്കെതിരെ യു.എസിൻെറ നേതൃത്വത്തിൽ നീക്കമുണ്ടാകും
text_fieldsവാഷിങ്ടൺ: ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചെന്ന് അവകാശവാദമുന്നയിച്ച ഉത്തരകൊറിയക്കെതിരെ യു.എസിൻെറ നേതൃത്വത്തിൽ സംയുക്തമായ നീക്കമുണ്ടായേക്കും. യു.എസിന് പുറമെ ദക്ഷിണകൊറിയ, ജപ്പാൻ എന്നിവരായിരിക്കും സംയുക്ത നീക്കത്തിൽ സഖ്യം ചേരുക.
ദക്ഷിണകൊറിയൻ പ്രസിഡൻറ് പാർക് ജ്യൂൻ ഹേ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരുമായി യു.എസ് പ്രസിഡൻറ് ബറാക് ഒബാമ വെവ്വേറെ സംസാരിച്ചു എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ എടുത്തുചാട്ടത്തിന് ശക്തമായ മറുപടി നൽകാൻ മൂന്നു രാജ്യങ്ങളും ധാരണയിൽ എത്തിയതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
ഉത്തരകൊറിയയുടേത് പ്രകോപനപരമായ നീക്കമാണെന്ന് ഷിൻസോ ആബെ പ്രതികരിച്ചു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. യു.എൻ രക്ഷാകൗൺസിലിൻെറ സഹകരണത്തോടെ ഇത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ആബെ മാധ്യമങ്ങളെ അറിയിച്ചു. യു.എസുമായി ഇക്കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡൻറ് അറിയിച്ചതായി പ്രസിഡൻറിൻെറ ഓഫീസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെയാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണം വിജയകരമായി നടത്തിയെന്ന് ഉത്തരകൊറിയ അറിയിച്ചത്. പരീക്ഷണത്തോടെ തങ്ങൾ മുൻനിര ആണവ രാജ്യങ്ങൾക്കൊപ്പം എത്തിയതായും രാജ്യത്തെ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ ലോകരാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നു. യു.എൻ അടിയന്തിരമായി യോഗം ചേർന്ന് സംഭവത്തെ അപലപിച്ചു. എന്നാൽ ഉത്തരകൊറിയയെ അത്തരത്തിൽ അപലപിക്കാൻ യു.എന്നിലെ റഷ്യൻ പ്രതിനിധി തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.