ഉയ്ഘൂർ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകണമെന്ന് ചൈനക്ക് നിര്‍ദേശം നൽകി; ട്രംപിനെതിരെ മുൻ ഉപദേഷ്ടാവ്
text_fieldsവാഷിങ്ടൺ: ഉയ്ഘൂർ മുസ്ലിം വിഭാഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പു ഒപ്പുവെച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തൽ. ഉയ്ഘൂർ വിഭാഗക്കാരെ അടിച്ചമർത്തുന്നതിന് ട്രംപും കൂട്ടുനിന്നെന്ന് ട്രംപിെൻറ മുൻ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ആരോപിക്കുന്നു. ജോൺ ബോൾട്ടൻ എഴുതിയ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഉയ്ഘൂർ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകണമെന്ന് ചൈനയോട് ട്രംപ് നിര്‍ദേശിച്ചിരുന്നതായാണ് ജോർജ് ബോൾട്ടൺ പറയുന്നത്.
പ്രസിദ്ധീകരിക്കാനിരിക്കുന്ന ജോണ്‍ ബോള്ട്ടെൻറ പുസ്തകത്തെ കുറിച്ച് ദി വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന കുറിപ്പിലാണ് ട്രംപിനെ കുറിച്ചുള്ള ആരോപണങ്ങള്‍. പശ്ചിമ ചൈനയില്‍ ഉയ്ഘൂർ വംശജര്‍ക്കായി തടവറകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും സംസാരിച്ചതെന്നും പുസ്തകത്തിൽ പറയുന്നുണ്ടത്രേ.
ചൈനയിലെ ഷിൻജിയാംഗ് മേഖലയിലാണ് പത്ത് ലക്ഷത്തിലധികം മുസ്ലിങ്ങളെ തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുന്നത്. ബില്ലിൽ ഒപ്പുവച്ചതിന് വേൾഡ് ഉയ്ഘൂർ കോണഗ്രസ് ട്രംപിന് നന്ദിയറിയിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ യു.എസ് ജനപ്രതിനിധി സഭ ചൈനയിലെ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ അടിച്ചമർത്തുന്നതിനെതിരെ ബിൽ പാസാക്കിയിരുന്നു. മുസ്ലിങ്ങളെ ചൈന ദ്രോഹിക്കുകയും കൊല്ലാക്കൊല ചെയ്യുകയുമാണെന്നും അവരുടെ സംസ്കാരത്തേയും മതത്തേയും തുടച്ച് നീക്കാനാണ് ചൈനയുടെ ശ്രമമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ആരോപിച്ചു. എന്നാൽ, ഇതൊന്നും ചൈന അംഗീകരിക്കുന്നില്ല, അവർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുകയാണെന്നാണ് അവർ പറയുന്നതെന്നും യുഎസ് ഡിപ്പാർട്ട്മെൻറ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.