ഡോ സിന്ധു പിള്ള, അനു ഉല്ലാസ്, ജെയ്‌മോള്‍ ശ്രീധര്‍ ഫോമ വനിതാ പ്രതിനിധികള്‍
text_fieldsഷിക്കാഗോ: ഫോമാ 2018 - 2020 നാഷണല്‍ കമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വനിതാ പ്രധിനിധികളായി കാലിഫോര്‍ണിയയില്‍ നിന്ന് ഡോ. സിന്ധു പിള്ള, ഫ്ലോറിഡയിൽ നിന്ന് അനു ഉല്ലാസ്, ഫിലഡല്‍ഫിയയില്‍ നിന്ന് ജെയ്‌മോള്‍ ശ്രീധര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. സിന്ധു പിള്ള കാലിഫോര്‍ണിയയിലെ മരിയാട്ടയിലാണ് 25 വര്‍ഷമായി താമസിക്കുന്നത്. ലോമ ലിന്‍ഡ മെഡിക്കല്‍ സെന്റര്‍ പീഡിയാട്രിക് വിഭാഗം ചെയര്‍പേഴ്സണ്‍, റാഞ്ചോ സ്പ്രിംഗ്സ് മെഡിക്കലില്‍ പീഡിയാട്രിക് വിഭാഗം വൈസ് ചെയര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നു. മരിയാട്ടയില്‍ ഇന്‍ലാന്‍ഡ് പീഡിയാട്രിക്സ് എന്ന പേരില്‍ രണ്ടു സ്ഥാപനങ്ങള്‍ നടത്തിവരുന്ന ഡോ. സിന്ധു പിള്ള നര്‍ത്തകി, ഗായിക എന്നീ നിലകളിലും ഏവര്‍ക്കും സുപരിചിതയാണ്.
ഫ്ലോറിഡയിലെ ടാമ്പാ ബേ മലയാളി അസോസിയേഷന്‍ പ്രതിനിധിയായാണ് അനു ഉല്ലാസ് ഫോമായിലേക്ക് അവസരം നേടിയത്. 2006 മുതല്‍ മെഗാതിരുവാതിര, കൊറിയോഗ്രാഫി എന്നിവ സംഘടിപ്പിക്കുന്ന അനു
ടാമ്പാ മലയാളി അസോസിയേഷനുകളുടെ സജീവ സാന്നിധ്യമാണ്. നൃത്തവും, എഴുത്തും, കവിതാ രചനയും ഒരുപോലെ സന്തതസഹചാരിയായി കൊണ്ടുപോകുന്ന അനു ഉല്ലാസ് നല്ലൊരു വാഗ്മി കൂടിയാണ്. റമുസൻ നഴ്സിങ് കോളേജ് മുഴുവൻ സമയ അധ്യാപികയാണ്.
2004-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഡോ. ജെയ്‌മോള്‍ ശ്രീധര്‍ ഫിലഡല്‍ഫിയ കലാ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണും ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയൻ ചാരിറ്റി ചെയര്‍പേഴ്‌സണുമാണ്. മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും റാങ്കോടെ നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജെയ്‌മോള്‍, കന്‍സാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് എടുത്ത ശേഷം പെന്‍സില്‍വാനിയയിലെ വൈട്നര്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സറായി സേവനമനുഷ്ഠിക്കുന്നു. ഫെഡറേഷന്‍ ഓഫ് ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. ജെയ്‌മോള്‍ ശ്രീധര്‍ നിരവധി ജീവകാരുണ്യ സംരംഭങ്ങളിലെ സജീവ സാന്നിധ്യവും സമഗ്ര നേതൃത്വവുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.