അരിസോണ ഡെമോക്രാറ്റിക് പ്രൈമറിയിൽ അമിഷ് ഷാ വിജയിച്ചു
text_fieldsഅമിഷ് ഷാ
വാഷിങ്ടൺ: അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഒന്നാം കോൺഗ്രസ് മണ്ഡലത്തിലെ ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ ഇന്ത്യൻ വംശജനായ അമിഷ് ഷാ വിജയിച്ചു. പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്ന സ്ഥാനാർഥിയായ മുൻ ടെലിവിഷൻ മാധ്യമപ്രവർത്തക മാർലിൻ ഗാലൻ വുഡ്സിനെ കടുത്ത മത്സരത്തിനൊടുവിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
നവംബറിൽ നടക്കുന്ന യു.എസ് കോൺഗ്രഷനൽ തെരഞ്ഞെടുപ്പിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ എൻ.എഫ്.എൽ താരവുമായ ജേ ഫീലിയെ ആണ് അമിഷിന്റെ എതിരാളി. ഈ മണ്ഡലത്തിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഷാ വിജയിക്കുന്നത്. 2024ലും അദ്ദേഹം പ്രൈമറിയിൽ വിജയിച്ചിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡേവിഡ് ഷ്വൈകർട്ടിനോട് നാലുശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടിരുന്നു.
മെഡിക്കൽ ഡോക്ടറായ അമിഷ് ഷാ, വീടുതോറും നേരിട്ടെത്തി വോട്ടർമാരെ കണ്ടുമുട്ടുന്ന പ്രചാരണശൈലിയിലൂടെ ശ്രദ്ധേയനായിരുന്നു. പ്രചാരണത്തിനിടെ ഏകദേശം 28,000 വീടുകളിൽ അദ്ദേഹം നേരിട്ടെത്തിയെന്നാണ് കണക്കുകൾ. നേരത്തെ, അരിസോണ നിയമസഭയിൽ മൂന്ന് തവണ അംഗമായിരുന്നു അമിഷ്.
1960കളിൽ അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി ദമ്പതികളുടെ മകനായി ഷികാഗോയിലാണ് അമിഷ് ഷാ ജനിച്ചത്. നോർത്ത്വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് ബിരുദവും, അതേ സർവകലാശാലയുടെ മെഡിക്കൽ സ്കൂളിൽ നിന്ന് മെഡിക്കൽ ബിരുദവും ഓണേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി നേടി. പിതാവ് ജൈനമത വിശ്വാസിയും മാതാവ് ഹിന്ദുമത വിശ്വാസിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

