ചാനൽ ചർച്ചക്കിടെ അവതാരകനും രാഷ്ട്രീയ നിരീക്ഷകനും തമ്മിൽ പൊരിഞ്ഞ അടി; ‘നിരീക്ഷകനെ അയാളുടെ അച്ഛൻ പഠിപ്പിക്കേണ്ട മര്യാദ ഞാൻ പഠിപ്പിച്ചു’
text_fieldsഅർമീനിയൻ ടെലിവിഷൻ ചാനലായ ‘വൺ ടി.വി’യിലെ ദ ഗ്രേറ്റ് ഡിബേറ്റ് എന്ന പരിപാടിക്കിടെ രാഷ്ട്രീയ നിരീക്ഷകനും അവതാരകനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
യെരവാൻ: അർമീനിയയിൽ ടെലിവിഷൻ ചർച്ചക്കിടെ രാഷ്ട്രീയ നിരീക്ഷകനും അവതാരകനും തമ്മിൽ പൊരിഞ്ഞ അടി. ചർച്ചക്കിടെയുണ്ടായ വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. സംഘർഷം നിയന്ത്രിക്കാൻ മറ്റ് അവതാരകരും ചാനൽ ജീവനക്കാരും ഇടപെടേണ്ടിവന്നു.
അർമീനിയൻ ടെലിവിഷൻ ചാനലായ ‘വൺ ടി.വി’യിലെ ദ ഗ്രേറ്റ് ഡിബേറ്റ് എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. വെള്ളിയാഴ്ച നടന്ന സംവാദത്തിൽ മാധ്യമപ്രവർത്തകൻ ബോറിസ് മുറാസിയും രാഷ്ട്രീയ നിരീക്ഷകൻ ഹരുത്യുൻ മകർച്യാനുമാണ് ഏറ്റുമുട്ടിയത്.
അർമീനിയയുടെ മുൻ പ്രസിഡന്റ് സെർജ് സർഗ്സ്യാനുമായി മുറാസിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ച് മകർച്യാൻ ചോദ്യം ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മുൻ പ്രസിഡന്റിനെ പരസ്യമായി വിമർശിച്ചിട്ടുള്ള മുറാസി, ചോദ്യം അപമാനകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് പ്രതികരിച്ചു. തുടർന്ന് ഇരുവരും അധിക്ഷേപിക്കുകയും വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു.
പിന്നാലെ ഇരുവരും സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റ് ചവിട്ടും അടിയും തുടങ്ങി. അടി കനത്തതോടെ പരിപാടിയുടെ അവതാരകരും സ്റ്റുഡിയോ ജീവനക്കാരും ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സംഭവത്തിന് പിന്നാലെ അടുത്ത ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയ ബോറിസ് മുറാസി തന്റെ നടപടിയെ ന്യായീകരിച്ചു. മകർച്യാൻ എല്ലാ പരിധികളും ലംഘിച്ചുവെന്നും അതിനാലാണ് പ്രതികരിക്കേണ്ടിവന്നതെന്നും മുറാസി പറഞ്ഞു. ‘അയാൾ എല്ലാ പരിധിയും ലംഘിച്ചപ്പോൾ എനിക്ക് അയാളെ ചില കാര്യങ്ങൾ പഠിപ്പിക്കേണ്ടിവന്നു. അയാളുടെ അച്ഛൻ ചെയ്യേണ്ടിയിരുന്ന കാര്യമാണ് ഞാൻ ചെയ്യേണ്ടിവന്നത്’ -മുറാസി പറഞ്ഞു.
അതേസമയം, തത്സമയ സംവാദത്തിനിടെ നടന്ന അക്രമത്തെ അർമീനിയയിലെ ടെലിവിഷൻ ആൻഡ് റേഡിയോ കമീഷൻ വിമർശിച്ചു. സംവാദത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾ നടത്തുന്ന പരസ്യമായ അക്രമവും അധിക്ഷേപവും ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് കമീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ചർച്ചയിലെ വൈകാരികതയോ റേറ്റിങ് വർധിപ്പിക്കാനുള്ള ശ്രമങ്ങളോ അക്രമത്തിന് ന്യായീകരണമാകില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
അടുത്തിടെ മെക്സിക്കോയിലും തത്സമയ ടെലിവിഷൻ പരിപാടിക്കിടെ അപ്രതീക്ഷിത സംഭവമുണ്ടായിരുന്നു. ‘എസ് ഷോ’ എന്ന ഹാസ്യപരിപാടിയുടെ അവതാരകനായ ഏണസ്റ്റോ ചവാന ഡ്രോൺ ചവിട്ടിത്തെറിപ്പിച്ചതിനെ തുടർന്ന് മോഡലായ ഇസബെല്ല റോഹാസിന് മുഖത്ത് പരിക്കേറ്റിരുന്നു. പരിപാടിക്കിടെ താഴ്ന്നുപറന്ന ഡ്രോൺ തന്റെ സമീപത്തെത്തിയപ്പോൾ ചവാന അത് ചവിട്ടിമാറ്റുകയായിരുന്നു. എന്നാൽ, ഡ്രോൺ ഇസബെല്ലയുടെ മുഖത്ത് പതിച്ചു. ചുണ്ടിന് മുറിവേറ്റതോടെ രക്തം വന്ന ഇസബെല്ലയെ സഹപ്രവർത്തകർ സ്റ്റുഡിയോയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് പരിപാടിയിലേക്ക് തിരിച്ചെത്തിയ ഇസബെല്ല തനിക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്ന് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അവതാരകൻ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

