ഗസ്സക്കാർക്ക് വേണ്ടി ഇസ്രായേലിൽ പ്രകടനം: ‘ഞങ്ങളുടെ ചോരയും ആത്മാവും കൊണ്ട് ഗസ്സയെ രക്ഷിക്കും’
text_fieldsതെൽഅവീവ്: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ തെൽഅവീവിൽ തെരുവിലിറങ്ങി ഇസ്രായേൽ പൗരൻമാർ. പ്രകടനത്തിനിടെ 'ഞങ്ങളുടെ ആത്മാവും ചോരയും കൊണ്ട് ഞങ്ങൾ ഗസ്സയെ രക്ഷിക്കും’ എന്ന് മുദ്രാവാക്യം മുഴക്കിയതിന് യുദ്ധവിരുദ്ധ പ്രതിഷേധക്കാരിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു.
തെൽഅവീവിൽ നടന്ന പ്രതിഷേധത്തിലാണ് 61 വയസ്സുള്ള ഇസ്രായേൽ പൗര ഗസ്സക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയത്. ഇവരുടെ നേതൃത്വത്തിൽ 'ഞങ്ങളുടെ ആത്മാവും ചോരയും കൊണ്ട് ഞങ്ങൾ ഗസ്സയെ രക്ഷിക്കും’ എന്ന് മുദ്രാവാക്യം വിളിച്ച് ഒരു സംഘം ഹബീമ സ്ക്വയറിൽ പ്രതിഷേധിക്കുകയായിരുന്നു.
നിയമവിരുദ്ധമായ, പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇസ്രായേൽ പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരുടെ എണ്ണം കൂടുന്നതിനിടെ പൊലീസുകാർ ഇടപെട്ട് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.
അതിനിടെ, അതിർത്തികൾ അടച്ചും ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ നിരോധിച്ചും ഇസ്രായേൽ കൊടുംപട്ടിണിയിലാക്കിയ ഗസ്സയിൽ പട്ടിണി മരണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ രണ്ട് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൂടി പട്ടിണി മരണത്തിന് കീഴടങ്ങിയതോടെ ദിവസങ്ങൾക്കിടെ ഭക്ഷണം കിട്ടാതെ മരിച്ചവരുടെ എണ്ണം 281 ആയി. ഇതിൽ 115 കുട്ടികളാണ്.
കൊടുംപട്ടിണി ഗസ്സക്കാരെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിയിടുകയാണെന്നും ജനം പാർക്കുന്ന തമ്പുകളും ആശുപത്രികളും ദുരന്തകാഴ്ചകൾക്ക് സാക്ഷിയാവുകയാണെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുനീർ അൽബർഷ് പറഞ്ഞു. യു.എൻ അടക്കം മറ്റു ഭക്ഷണ വിതരണ സംവിധാനങ്ങൾ പൂർണമായി നിർത്തലാക്കി സ്വന്തമായി തുറന്ന നാലു കേന്ദ്രങ്ങൾ വഴിയാക്കിയാണ് ഗസ്സയിൽ ഇസ്രായേൽ പട്ടിണി രൂക്ഷമാക്കിയത്. ഈ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി എത്തിയ 2,076 പേരെയാണ് സൈന്യം വെടിവെച്ചുകൊന്നത്.
വെടിനിർത്തലിന് ആഗോള സമ്മർദം ശക്തമായിട്ടും ഭരണനഷ്ടം ഭയക്കുന്ന പ്രധാനമന്ത്രി നെതന്യാഹു ആക്രമണം തുടരുകയാണ്. ലക്ഷങ്ങൾ തിങ്ങിക്കഴിയുന്ന ഗസ്സ സിറ്റി കേന്ദ്രീകരിച്ചാണ് കര, വ്യോമ ആക്രമണങ്ങൾ ഏറ്റവും രൂക്ഷമായി തുടരുന്നത്. പട്ടണം പിടിച്ചെടുത്ത് 10 ലക്ഷം വരുന്ന ഫലസ്തീനികളെ ആട്ടിപ്പായിക്കലാണ് ലക്ഷ്യം. ഗസ്സ സിറ്റിയോടുചേർന്ന സെയ്ത്തൂൻ പ്രദേശം തകർത്ത കരസേനാ ടാങ്കുകൾ സബ്റ ലക്ഷ്യമിട്ട് നീങ്ങുന്നതായി അൽജസീറ റിപ്പോർട്ടുകൾ പറയുന്നു.
ഗസ്സയിലുടനീളം ആക്രമണങ്ങളിൽ ഭക്ഷണം കാത്തുനിൽക്കുന്ന 22 പേരടക്കം 60ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഖാൻ യൂനിസിൽ അഭയാർഥികൾ കഴിഞ്ഞ തമ്പ് ബോംബിട്ട് 16 പേരെ ഇസ്രായേൽ കൊന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.