അസർബൈജാനും അർമീനിയയും തമ്മിൽ തടവുകാരുടെ കൈമാറ്റത്തിന് ധാരണ
text_fieldsയെരവാൻ: അർമീനിയയും അസർബൈജാനും യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും ബന്ധം സാധാരണ നിലയിലാക്കാനും ധാരണയിലെത്തി. യൂറോപ്യൻ യൂനിയനാണ് മധ്യസ്ഥശ്രമം നടത്തിയത്. അസർബൈജാൻ 32ഉം അർമീനിയ രണ്ടും സൈനികരെയാണ് മോചിപ്പിക്കുക. ദീർഘകാലത്തേക്ക് സമാധാനം സാധ്യമാക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്ന് ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പരമാധികാരവും അതിരുകളും മാനിച്ചുള്ള സമാധാന ഉടമ്പടിയിൽ ഇരുരാഷ്ട്രങ്ങളും ഒപ്പിടും. പരസ്പര വിശ്വാസവും സഹകരണവും ശക്തിപ്പെടുത്താനായി കൂടുതൽ ചർച്ചകൾ നടത്താനും ധാരണയായിട്ടുണ്ട്. 2024ലെ യു.എൻ കാലാവസ്ഥ ഉച്ചകോടി അസർബൈജാനിൽ നടത്തുന്നതിനെ അർമീനിയ പിന്തുണക്കും.
പതിറ്റാണ്ടുകളായി രണ്ടുരാജ്യങ്ങളും തമ്മിൽ പ്രശ്നത്തിലായിരുന്നു. അസർബൈജാനിൽ അതിർത്തിയോട് ചേർന്ന് മൂന്ന് ദശാബ്ദത്തോളം അർമീനിയൻ വംശജരുടെ നിയന്ത്രണത്തിലായിരുന്ന നഗോർണോ-കരാബക്ക് മേഖല കഴിഞ്ഞ സെപ്റ്റംബറിൽ അസർബൈജാൻ സൈന്യം പിടിച്ചെടുത്തതാണ് സമീപകാലത്ത് പ്രശ്നം രൂക്ഷമാക്കിയത്. തുടർന്ന് അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായി. മേഖലയിലെ 12,0000 വരുന്ന അർമീനിയൻ വംശജരിൽ ബഹുഭൂരിഭാഗവും അർമീനിയയിലേക്ക് പലായനംചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.