അതിർത്തിക്കപ്പുറത്തുനിന്നുള്ള ആയുധ വിതരണം ഭീഷണി -ഇന്ത്യ
text_fieldsയുനൈറ്റഡ് നേഷൻസ്: ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തിക്കപ്പുറത്തുനിന്ന് നിരോധിത ആയുധങ്ങൾ വിതരണം ചെയ്യുന്നത് രാജ്യം നേരിടുന്ന ഗുരുതര വെല്ലുവിളിയാണെന്ന് ഇന്ത്യ. ചില രാഷ്ട്രങ്ങളുടെ സജീവ പിന്തുണയില്ലാതെ ഇത് സാധ്യമല്ലെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാമ്പോജ് പറഞ്ഞു.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കുമുള്ള വെല്ലുവിളികൾ എന്ന പ്രമേയത്തിൽ റഷ്യയുടെ അധ്യക്ഷതയിൽ യു.എൻ രക്ഷാസമിതിയിൽ നടന്ന തുറന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ആയുധ വ്യാപനത്തിൽ ദുരൂഹമായ പശ്ചാത്തലമുള്ള ചില രാജ്യങ്ങളെ അവരുടെ തെറ്റായ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കണമെന്നും അവർ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആയുധങ്ങളും സൈനികോപകരണങ്ങളും കയറ്റുമതി ചെയ്യുന്നതും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നതും നിസ്സാരമായി കാണാനാവില്ല. ചില രാജ്യങ്ങൾ ഭീകരരുമായും മറ്റ് രാഷ്ട്രേതര ശക്തികളുമായും ചേർന്ന് പ്രവർത്തിക്കുമ്പോൾ ഈ ഭീഷണികളുടെ ആഴം വർധിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.