ഇസ്രായേൽ യുദ്ധവിമാനം സിറിയൻ ആക്രമണത്തിൽ തകർന്നു
text_fieldsഡമസ്കസ്: ഇറാനെ ലക്ഷ്യംവെച്ച ഇസ്രായേൽ യുദ്ധ വിമാനം സിറിയൻ വ്യോമസേനയുടെ ആക്രമണത്തിൽ തകർന്നു. ഇസ്രായേലിെൻറ എഫ് 16 യുദ്ധവിമാനമാണ് വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയൻ സേന തകർത്തത്. വടക്കൻ ഇസ്രായേലിലെ ഗ്രാമത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. ആദ്യമായാണ് ഇസ്രായേൽ വിമാനം സിറിയൻ ആക്രമണത്തിൽ തകരുന്നത്. രണ്ട് പൈലറ്റുമാരെ പാരച്യൂട്ട് വഴി രക്ഷപ്പെടുത്തിയതായും ഇസ്രായേൽ അറിയിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. ആദ്യമായാണ് ആക്രമിക്കപ്പെട്ട വിവരം ഇസ്രായേൽ പരസ്യമാക്കുന്നത്. വിമാനം വെടിവെച്ചിട്ടശേഷം സിറിയയിലെ 12 മേഖലകളിൽ വ്യോമാക്രമണം നടത്തിയതായും ഇസ്രായേൽ അറിയിച്ചു. അതിൽ നാലെണ്ണം ഇറാെൻറ നിയന്ത്രണത്തിലുള്ള മേഖലകളാണ്.
സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയതു മുതൽ ഇസ്രായേലും ഇറാനും ശത്രുചേരികളിൽ സജീവമാണ്. നേരത്തേ തങ്ങളുടെ അതിർത്തിയിലെത്തിയ ഇറാനിയൻ ഡ്രോൺ ഇസ്രായേൽ വെടിവെച്ചിട്ടിരുന്നു. തുടർന്ന് ഇറാനിയൻ വിമാനങ്ങളെ ലക്ഷ്യംവെച്ച് ഇസ്രായേൽ ദിവസങ്ങളായി ആക്രമണം നടത്തുകയായിരുന്നു. സിറിയയിലെ ഇറാൻ കേന്ദ്രങ്ങളായിരുന്നു ഇസ്രായേലിെൻറ ലക്ഷ്യം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും സൈന്യം എന്തിനും സുസജ്ജമാണെന്നും ഇസ്രയേല്‍ സേന അറിയിച്ചു.
സിറിയൻ വ്യോമാതിർത്തി ലംഘിച്ചാൽ ഇസ്രായേൽ അതിനു വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇറാനിലെ സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. സിറിയൻ അതിർത്തിക്കു സമീപം ഇസ്രായേൽ വിമാനം വെടിെവച്ചത് പ്രദേശത്ത് സംഘർഷസാധ്യത വർധിപ്പിക്കുമെന്നാണ് സൂചന. സിറിയയിലെ ഇറാെൻറ സ്വാധീനം വർധിച്ചുവരുന്നത് ഇസ്രായേലിന് തലവേദനയായി മാറിയിരിക്കയാണ്. ഇറാെൻറ സ്വാധീനം തടയണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുകയും ചെയ്തു. സിറിയയിൽ സൈന്യത്തെ അയക്കാനാണ് ഇറാെൻറ ഉദ്ദേശ്യമെന്നും മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ നെതന്യാഹു ആരോപിച്ചു. റഷ്യയും ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ആണ് ബശ്ശാർ സൈന്യത്തിന് പിന്തുണ നൽകുന്നത്. ഇറാേൻറത് തീക്കളിയാണെന്നും എന്നാൽ, ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.