ഇന്ത്യയെ നിരീക്ഷിക്കാൻ വൻ ബഹിരാകാശ പദ്ധതിയുമായി പാകിസ്താൻ
text_fieldsഇസ്‌ലാമാബാദ്: ഇന്ത്യൻ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിന് പുതിയ ബഹിരാകാശ പദ്ധതിക്ക് രൂപം നൽകാൻ പാകിസ്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ബഹിരാകാശ പദ്ധതിയിലൂടെ സൈനിക–സൈനികേതര ആവശ്യങ്ങൾക്കായി വിദേശ കൃത്രിമോപഗ്രങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്നത് ലക്ഷ്യമിടുന്നതായും ‘ഡോൺ’ ദിനപത്രം റിപ്പോർട്ട് ചെയ്തു.
2018-19 സാമ്പത്തിക വര്‍ഷത്തേക്ക് 470 കോടി രൂപയാണ് സ്പേസ് ആൻറ് അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുവേണ്ടി (സപാര്‍കോ) നീക്കിവെച്ചിരിക്കുന്നത്.
ഇതിൽ 255 കോടി രൂപ മൂന്നു പുതിയ പദ്ധതികൾക്കായാണ് ചെലവഴിക്കുക.
പാകിസ്താൻ മൾട്ടി–മിഷൻ സാറ്റലൈറ്റ് (പാക്സാറ്റ്–എം.എം1) ആണ് കൂട്ടത്തിലെ ബൃഹത്തായ പദ്ധതി. ഇതിനായി 130 കോടിരൂപയാണ് നീക്കിവെക്കുക. കൂടാതെ കറാച്ചി, ലാഹോർ, ഇസ്ലമാബാദ് എന്നിവിടങ്ങളിൽ ബഹിരാകാശ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 100 കോടി ചെലവഴിക്കും.
മൂന്നാമത്തെ പദ്ധതി 20 കോടി മുതൽ മുടക്കിൽ കറാച്ചിയിൽ സ്പേസ് അപ്ലിക്കേഷൻ റിസർച്ച് സെൻറർ സ്ഥാപിക്കുകയെന്നതാണ്.
നിലവിൽ സൈനിക–സൈനികേതര ആവശ്യങ്ങൾക്കായി അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയാണ് പാകിസ്താന്‍ ആശ്രയിച്ചുവരുന്നത്. ഇൗ മേഖലകളിൽ ഇന്ത്യയുടെ വളർച്ചയും പാകിസ്താനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.