ഉമ്മാ, ജയിലിൽ നിന്ന് ബാപ്പ എന്നു വരും...?
text_fieldsദോഹ: കുഞ്ഞുങ്ങളെ കാണാൻ, കവിളുകളിൽ സ്നേഹചുംബനം നൽകാൻ മുംബൈ സ്വദേശിയായ 37കാരന് തടവറയിൽ നിന്ന് മോചനം വേണം. ബാപ്പ എന്ന് വരുമെന്ന് ചോദിക്കുന്ന കുട്ടികളെ മാറോടണക്കി വിതുമ്പുകയാണ് ഭാര്യ. സുഹൃത്തിെൻറ ചതിയിൽപെട്ട് ചെക്ക് കേസിൽ കുടുങ്ങി ഖത്തർ ജയിലിലായ ഭർത്താവിെൻറ മോചനത്തിനായി കരളുറപ്പോടെ ഒാഫിസുകൾ കയറിയിറങ്ങുന്ന യുവതിയുടെ മുന്നിൽ അപ്പോഴും പണം തടസമാകുകയാണ്. പ്രിയതമൻ പുറത്തിറങ്ങാൻ, അവൾക്ക് ഖത്തറിൽ താമസിച്ചേ തീരൂ. അതുകൊണ്ടാണ് അന്നത്തിന് പോലും വകയില്ലാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി അവൾ ദോഹ വഖ്റയിലെ ചെറിയ വീട്ടിൽ കഴിഞ്ഞുകൂടുന്നത്. വാടക തീർത്തില്ലെങ്കിൽ അടുത്ത മാസത്തോടെ ഇവർക്ക് തെരുവിലിറങ്ങേണ്ടി വരും.
എം.ബി.എ ബിരുദധാരിയും ലണ്ടനിൽ ജോലി പരിചയവുമുള്ള ഹൈദരബാദ് സ്വദേശിനിയുടെ ഭർത്താവ് നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് ഖത്തറിലെത്തുന്നത്. ദോഹയിലെ ഇലക്ട്രോണിക്സ് കമ്പനിയിലായിരുന്നു ജോലി. ഉന്നത വിദ്യാഭ്യാസമുള്ളതിനാൽ ഭാര്യക്കും ജോലി കിട്ടാനുള്ള ശ്രമത്തിലായിരുന്നു. ഭാര്യക്ക് സ്ഥിരം വിസ ലഭിക്കുന്നതിനും മറ്റുമായി ഗുജറാത്തുകാരനായ സുഹൃത്തുമായി ചേർന്ന് അയാൾ റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങി.
2010ൽ ഭാര്യയും ഖത്തറിലെത്തി. ഇടപാടുകാർക്കുള്ള കമ്പനിയുടെ ചെക്കുകൾ ഒപ്പിട്ട് നൽകേണ്ട ചുമതല അയാൾക്കായിരുന്നു. ഒരു വർഷത്തോളം നല്ല നിലയിൽ മുന്നോട്ട് പോയി. പിന്നീടാണ് കാര്യങ്ങൾ തകിടംമറിയുന്നത്. ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലക്ഷങ്ങൾ കൈക്കലാക്കി ഗുജറാത്തുകാരൻ സുഹൃത്ത് മുങ്ങി. ഇതോടെ ചെക്കുകൾ മടങ്ങി. ഇടപാടുകാർ കോടതിയെ സമീപിച്ചതോടെ ഭർത്താവ് 2012ൽ ജയിലിലായി. ലക്ഷങ്ങളുടെ റിയാലിെൻറ ചെക്കുകേസായിരുന്നു.
ഭർത്താവിനെ രക്ഷിക്കാൻ വർഷങ്ങളായി അവൾ മുട്ടാത്ത വാതിലുകളില്ല. സർക്കാർ ഒാഫിസുകളും പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങി നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഹൈദരാബാദിലെ ബന്ധുക്കളിൽ നിന്ന് കടം വാങ്ങി നൽകി കുറെ കേസുകൾ തീർത്തു.
കേസ് വിളിക്കുേമ്പാൾ പല പരാതിക്കാരും ഹാജരായില്ല. ഇതോടെ കേസുകൾ എട്ടായി ചുരുങ്ങി. ഇതിനിടയിലാണ് യുവതിയുടെയും കുഞ്ഞുങ്ങളുടെയും രേഖകളും മറ്റും കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള നിയമക്കുരുക്കുകൾ പിന്നാലെ വന്നത്. ഭർത്താവിെൻറ കൂടെ ജയിലിൽ കഴിഞ്ഞിരുന്ന ഖത്തർ സ്വദേശിയുടെ കാരുണ്യത്താലാണ് ഏറെ കാലം കുടുംബം പട്ടിണി അകറ്റിയത്. നിയമക്കുരുക്കുകൾ ഒഴിഞ്ഞാൽ എന്തെങ്കിലും ജോലി ശരിയാക്കാമെന്നും ഭർത്താവിെൻറ ബാക്കിയുള്ള സാമ്പത്തിക ബാധ്യത തീർക്കാമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് യുവതി.
എന്നാൽ ഒരു വർഷത്തിലധികമുള്ള 18,000 റിയാൽ വീട്ടുവാടക കൊടുത്തുതീർത്താലല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായതയിലാണ് ഇവർ. ഇല്ലെങ്കിൽ അടുത്തമാസം കുഞ്ഞുങ്ങളുമായി പുറത്തുപോകേണ്ടി വരും. മാറിത്താമസിക്കാൻ ബന്ധുക്കളോ മറ്റോ ഖത്തറിൽ ഇല്ല. നാട്ടിലെത്താനാണെങ്കിൽ നിയമക്കുരുക്കുകൾ വേറെയുമുണ്ട്. നാട്ടിലേക്ക് മടങ്ങിയാലാകെട്ട ഭർത്താവിെൻറ മോചനം അനന്തമായി നീളും. അടുത്ത വീട്ടിലെ താമസക്കാർ എത്തിക്കുന്ന ഭക്ഷണമില്ലെങ്കിൽ പിെന്ന ഒഴിഞ്ഞ വയറുമായി കഴിയേണ്ട അവസ്ഥയാണിപ്പോൾ. ഏഴ്, അഞ്ച്, മൂന്ന് പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നോക്കി കരുണവറ്റാത്ത ലോകത്തേക്ക് കണ്ണുപായിക്കുകയാണ് ഇവൾ. കുടുംബത്തിെൻറ ദുരിതകഥയറിയാൻ 55989891 നമ്പറിൽ വിളിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.