തുർക്കിയിൽ ഹിതപരിശോധന തുടരുന്നു
text_fieldsഇസ്തംബൂൾ: തുർക്കിയിൽ പ്രസിഡൻഷ്യൽ സമ്പ്രദായം വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച ഹിതപരിശോധന തുടരുന്നു. 550 ലക്ഷം വരുന്ന തുർക്കി പൗരൻമാർക്ക് വോട്ട് ചെയ്യുന്നതിനായി ഒന്നര ലക്ഷത്തിൽപരം പോളിങ് സ്റ്റേഷനുകളാണ് രാജ്യത്താകമാനം ഒരുക്കിയിരിക്കുന്നത്. 18 വയസ് തികഞ്ഞവർ, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത ജയിൽ തടവുകാർ, വിചാരണ നേരിടുന്നവർ, ചെറിയ കുറ്റകൃത്യത്തിലേർപ്പെട്ടവർ തുടങ്ങിയവർക്കും വോട്ട്രേഖപ്പെടുത്താൻ കഴിയും. ഇതിനായി രാജ്യത്തെ വിവിധ ജയിലുകളിൽ 463 പോളിങ്സ്റ്റേഷനുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ നാല് മണിമുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടിങ് സമയം. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും പ്രധാനമന്ത്രി ബിനാലി യിൽദ്രിമും ഉച്ചക്ക് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്തി. വ്യത്യസ്ത നിറങ്ങളിലായാണ് ബാലറ്റ് പേപ്പർ സജ്ജീകരിച്ചിരിക്കുന്നത്. വെള്ള നിറമുള്ള വശത്ത് ഇവിത്(യെസ്) എന്നും തവിട്ട് നിറമുള്ള ഭാഗത്ത് ഹയിർ(നൊ) എന്നുമാണുള്ളത്. വോട്ടർമാർക്ക് അവയിലേതെങ്കിലുമൊന്നിൽ സീൽ പതിക്കാം.

രാജ്യത്തെ സുസ്ഥിരമാക്കുന്നതാണ് പ്രസിഡൻഷ്യൽ ഭരണരീതിയെന്ന് ഭരണഘടന ഭേദഗതിയെ പിന്തുണക്കുന്നവർ വാദിക്കുേമ്പാൾ പ്രസിഡൻറ് ഉർദുഗാനെ ഏകാധിപതിയാക്കുന്ന തീരുമാനമാണിതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. രാജ്യത്തേ ഏതാണ്ടെല്ലാ മാധ്യമങ്ങളും ഹിതപരിശോധന ഫലം ഉർദുഗാന് അനുകൂലമാവുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അക് പാർട്ടിയും നാഷണലിസ്റ്റ് പാർട്ടിയും പ്രസിഡൻഷ്യൽ രീതിയെ പിന്തുണക്കുേമ്പാൾ മുഖ്യ പ്രതിപക്ഷമായ സി.എച്ച്.പി പ്രസിഡൻഷ്യൽ സമ്പ്രദായത്തിനെതിരാണ്.
ഹിതപരിശോധനക്കു മുന്നോടിയായി രാജ്യത്ത് രണ്ടുമാസം മുമ്പു തുടങ്ങിയ പ്രചാരണങ്ങൾ ശനിയാഴ്ചയാണ് അവസാനിച്ചത്. പട്ടാള അട്ടിമറിക്ക് ശേഷം രാജ്യത്ത് നടന്ന അറസ്റ്റുകളാണ് എതിരാളികൾ പ്രധാനമായും ആയുധമാക്കുന്നത്.ഹിതപരിശോധനെയ ജർമനിയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും സന്ദേഹത്തോടെയാണ് വീക്ഷിക്കുന്നത്. നേരത്തേ ഇ.യു രാജ്യങ്ങളിലെ തുർക്കി പൗരന്മാരുടെ വോട്ടുറപ്പിക്കാൻ പ്രചാരണത്തിനായി രാജ്യത്തെത്തിയ തുർക്കി മന്ത്രിയെ നെതർലൻഡ്സ് തടഞ്ഞത് തുർക്കിയെ പ്രകോപിപ്പിച്ചിരുന്നു.
ഹിതപരിശോധന അനുകൂലമായാൽ തുർക്കിയിൽ പ്രധാനമന്ത്രി പദവി ഇല്ലാതാകും. ഭരണഘടന ഭേദഗതി നടപ്പാകുന്നതോടെ പ്രസിഡൻറിനാവും പരിപൂർണ ഭരണചുമതല. അധികാരം വിപുലീകരിക്കുന്നതോടെ പുതിയ സമ്പ്രദായപ്രകാരം 2029 വരെ ഉർദുഗാന് പ്രസിഡൻറായി തുടരാനും കഴിയും. മന്ത്രിമാരെയും ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരം പ്രസിഡൻറിനായിരിക്കും. സൈനിക കോടതികൾ ഇല്ലാതാകും. പ്രസിഡൻറിനെ ഇംപീച്െമൻറിലൂടെ പുറത്താക്കാവുന്ന നിയമം നടപ്പാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.