ഇറാനിലും ലബനാനിലും ആക്രമണം രൂക്ഷം; യു.എസിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ആക്രമിച്ച് ഇറാൻ
text_fieldsതെഹ്റാനിൽ വെള്ളിയാഴ്ച പ്രാർഥനക്കുശേഷം യു.എസ്-ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ ഇറാനികൾ
തെഹ്റാൻ: നിരുപാധിക കീഴടങ്ങലല്ലാതെ ഇനി മാർഗമില്ലെന്ന് പ്രഖ്യാപിച്ച് ഇറാനിൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി യു.എസും ഇസ്രായേലും. തലസ്ഥാന നഗരമായ തെഹ്റാന് പുറമെ ഷീറാസ്, ഖും പട്ടണങ്ങളിലും, കുർദ് വിഘടന സംഘങ്ങൾക്ക് അവസരമൊരുക്കി പടിഞ്ഞാറ്- തെക്ക് അതിർത്തികളിലും വെള്ളിയാഴ്ചയും വൻ ബോംബിങ് തുടർന്നു. മരണം 1300 കവിഞ്ഞ രാജ്യത്ത് 2,000ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ലബനാനിലും ഇസ്രായേൽ അധിനിവേശം ശക്തമാക്കി. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ജോർഡൻ എന്നിവിടങ്ങളിൽ ഇറാനും ആക്രമണം നടത്തി. ജോർഡനിൽ അമേരിക്കൻ റഡാർ സംവിധാനത്തിനു നേരെ ആക്രമണമുണ്ടായി. യു.എ.ഇയിലും മിസൈൽ പ്രതിരോധ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
തെഹ്റാനിൽ സിവിലിയൻ താമസ കേന്ദ്രങ്ങളിലും വ്യാപക ആക്രമണമുണ്ടായി. ഇറാന്റെ തെക്കൻ നഗരമായ ഷീറാസിൽ സിവിലിയന്മാർ അടക്കം 20 പേർ കൊല്ലപ്പെട്ടു. ഇറാനിലെ സ്ഥിതിഗതികൾ പരിഗണിച്ച് രാജ്യത്തെ നയതന്ത്രജ്ഞരെ പിൻവലിക്കുകയാണെന്ന് അസർബൈജാൻ അറിയിച്ചു. കീഴടങ്ങലല്ലാതെ ഇനി ഇറാന് മാർഗമില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക്, തങ്ങൾ ഇനി ചർച്ചക്കില്ലെന്നും യുദ്ധം ആളിക്കത്തിച്ചവരാണ് മധ്യസ്ഥതക്ക് ഇറങ്ങേണ്ടതെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ പറഞ്ഞു. തെഹ്റാനിൽ ഭരണം നിഷ്ക്രിയമായെന്നും അമേരിക്കയോടും ഇസ്രായേലിനോടും നന്നായി പെരുമാറുന്ന നേതൃത്വത്തിനാണ് താൻ കാത്തിരിക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അതിനിടെ, അഞ്ചു ലക്ഷം പേർക്ക് നിർബന്ധിത കുടിയൊഴിപ്പിക്കൽ നടപ്പാക്കുന്ന തെക്കൻ ലബനാനിലും വ്യാപക ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്. ദാഹിയ, സിദോൻ എന്നിവിടങ്ങളിൽ നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒറ്റ ദിവസത്തിനിടെ ഒരു ലക്ഷം പേരാണ് രാജ്യത്ത് അഭയാർഥികളായത്.
ലബനാനിൽ ഇറാൻ എംബസി പരിസരത്തും ഇസ്രായേൽ ബോംബാക്രമണം നടത്തി. ലബനാൻ അതിർത്തിയിൽ ഇസ്രായേൽ മന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ മകനടക്കം പട്ടാളക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാഖിൽ ബസ്വറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ പതിച്ചു.
ദിവസങ്ങൾക്കിടെ 14,000ലേറെ വിമാനങ്ങൾ റദ്ദാക്കിയ യാത്രാ പ്രതിസന്ധി തുടരുകയാണ്. 10 രാജ്യങ്ങളിലാണ് വിമാനങ്ങൾ യാത്ര നടത്താനാകാതെ കുരുങ്ങിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

