ഗസ്സയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലടക്കം ആക്രമണം; 23 മരണം
text_fieldsഗസ്സ: ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആക്രമണം തുടർന്ന് ഇസ്രായേൽ. 24 മണിക്കൂറിനിടെ ഗസ്സയിൽ 23 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇതിൽ 11 പേരും കൊല്ലപ്പെട്ടത് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുണ്ടായ വെടിവെപ്പിലാണ്. നിരവധി പേർക്ക് പരിക്കേറ്റു.
ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പോവുന്ന ജനക്കൂട്ടത്തിനു നേരെ ഞായറാഴ്ച പുലർച്ച ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗസ്സ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായകേന്ദ്രത്തിന് സമീപമായിരുന്നു വെടിവെപ്പ്. കഴിഞ്ഞ മാസം തുറന്ന ശേഷം ഇവിടെ മിക്കവാറും എല്ലാ ദിവസവും വെടിവെപ്പ് നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
നെറ്റ്സാരിം ഇടനാഴിക്ക് സമീപത്തെ സഹായ വിതരണ കേന്ദ്രത്തിലേക്ക് വരുന്നതിനിടെ ഇസ്രായേലി വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി മധ്യ ഗസ്സയിലെ അൽ അവ്ദ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. റഫയിലെ അൽ മവാസി പ്രദേശത്തെ സഹായ വിതരണ കേന്ദ്രത്തിന് സമീപം നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള റെഡ് ക്രോസ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി മെഡിക്കൽ വിദഗ്ധർ അറിയിച്ചു.
ഞായറാഴ്ച പുലർച്ച മുതൽ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ തെക്കൻ ഗസ്സയിൽ 12 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.