അസർബൈജാനിലെ അർമീനിയൻ വംശജരെ ഏറ്റെടുക്കും -അർമീനിയ
text_fieldsബകു: അസർബൈജാനിലെ 1,20,000ത്തോളം വരുന്ന അർമീനിയൻ വംശജരെ ഏറ്റെടുക്കാൻ തയാറാണെന്ന് അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷിൻയാൻ പറഞ്ഞു.
‘അസർബൈജാന്റെ ഭാഗമായി ജീവിക്കാൻ ആഗ്രഹിക്കാത്തതിനാലും വംശീയ ഉന്മൂലനം ഭയക്കുന്നതിനാലും അർമീനിയൻ വംശജർ പലായനത്തിനൊരുങ്ങുകയാണ്. നഗോർണോ-കറാബാക്കിൽ നിന്നുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ സ്നേഹപൂർവം സ്വാഗതം ചെയ്യും -പഷിൻയാൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര തലത്തിൽ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട പ്രദേശമായ നഗോർണോ-കറാബാക്കിലെ വിഘടനവാദികൾക്കെതിരെ കഴിഞ്ഞയാഴ്ച അസർബൈജാൻ സൈനിക നടപടി സ്വീകരിച്ചിരുന്നു. മേഖലയിലെ അർമീനിയൻ സൈനിക യൂനിറ്റുകൾക്കുനേരെയും ആക്രമണം നടത്തി.
200ലധികം പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സൈനിക നടപടിയിൽ റഷ്യൻ സമാധാന സംഘത്തിന്റെ മധ്യസ്ഥതയിലാണ് അവസാനിച്ചത്. കരാറിന്റെ ഭാഗമായി അർമീനിയൻ സൈനിക യൂനിറ്റുകൾ പ്രദേശത്തുനിന്ന് പിൻവാങ്ങി. പ്രാദേശിക സായുധ വിഭാഗങ്ങളെ നിരായുധീകരിക്കാനും തീരുമാനമുണ്ട്.
ആക്രമണത്തെ ഭീകര വിരുദ്ധ നടപടി എന്നാണ് അസർബൈജാൻ വിശേഷിപ്പിച്ചത്. നഗോർണോ-കരാബാഖിലെ വിഘടനവാദി സർക്കാർ ആയുധം താഴെ വെക്കുന്നതുവരെ ആക്രമണം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.