ബന്ധം പുനഃസ്ഥാപിക്കൽ; യാഥാർഥ്യം തിരിച്ചറിയേണ്ടത് ഇന്ത്യയെന്ന് ബംഗ്ലാദേശ്
text_fieldsധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയും അവാമി ലീഗ് പാർട്ടിയും അധികാരത്തിൽ തിരിച്ചെത്താൻ സാധ്യതയില്ലാത്തതിനാൽ ഇന്ത്യയുമായുള്ള ബന്ധം പുതിയ അടിത്തറയിൽ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി)ചെയർമാൻ താരീഖ് റഹ്മാന്റെ ഉപദേഷ്ടാവ്. ഇന്ത്യയും ബംഗ്ലാദേശും പരസ്പര നേട്ടത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും നിയുക്ത പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഹുമയൂൺ കബീർ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലേറിയശേഷം ഇന്ത്യ വിഷയത്തിൽ പ്രതികരിക്കുന്ന ആദ്യത്തെ പ്രധാന ബി.എൻ.പി നേതാവാണ് ഹുമയൂൺ കബീർ.
ബി.എൻ.പിയുടെ മഹാ വിജയത്തിനുശേഷം ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ യാഥാർഥ്യം തിരിച്ചറിയേണ്ട ഉത്തരവാദിത്തം ഇന്ത്യക്കാണെന്നും അദ്ദേഹം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിനിടെ ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ മനോഗതി അടിസ്ഥാനപ്പെടുത്തിയായിരിക്കും മാറ്റം. ബംഗ്ലാദേശിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ശൈഖ് ഹസീനക്കോ അവരുടെ അവാമി ലീഗിനോ നിലനിൽപില്ല. ബംഗ്ലാദേശ് ജനത ബി.എൻ.പിക്ക് അനുകൂലമായാണ് വിധിയെഴുതിയത്.
വിദ്യാർഥി പ്രക്ഷോഭത്തിനിടെ 1500 പേരുടെ മരണത്തിനിടയാക്കിയ, അധികാരഭ്രഷ്ടയായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ശൈഖ് ഹസീനയെ ഭീകരവാദി എന്നാണ് ഹുമയൂൺ വിശേഷിപ്പിച്ചത്. ബംഗ്ലാദേശിന്റെ സുസ്ഥിരതയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഹസീനയും കൂട്ടരും ഇന്ത്യൻ മണ്ണ് ഉപയോഗിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശൈഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്റെ 2025 നവംബർ 26ലെ അഭ്യർഥന പരിശോധിച്ചവരികയാണെന്ന് അറിയിച്ച ഇന്ത്യ, ആ രാജ്യത്തെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരീഖ് റഹ്മാനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തെക്കുറിച്ച് എടുത്തുപറഞ്ഞ ഹുമയൂൺ കബീർ, സൗകര്യപ്രദമായ സമയത്ത് ബംഗ്ലാദേശ് സന്ദർശിക്കാൻ താരീഖ് റഹ്മാനെ ക്ഷണിക്കുകയും ചെയ്തു. രാജ്യത്തെ അഭിവൃദ്ധിയുടെയും സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും പാതയിൽ എത്തിക്കുകയാണ് നിയുക്ത പ്രധാനമന്ത്രിയുടെ ലക്ഷ്യം. മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുമെന്നും ഹുമയൂൺ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

