ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം; വിരമിക്കൽ പ്രഖ്യാപിച്ച് ബാർഡ് കോളജ് പ്രസിഡന്റ്
text_fieldsന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് ബാർഡ് കോളജ് പ്രസിഡന്റ് വിരമിക്കൽ പ്രഖ്യാപിച്ചു. നേരത്തേ പുറത്തുവന്നതിനേക്കാൾ ആഴത്തിലുള്ള ബന്ധമാണ് എപ്സ്റ്റീനുമായി പ്രസിഡന്റിനുണ്ടായിരുന്നത് എന്ന വിവരങ്ങൾ പ്രചരിച്ചിരുന്നു. അരനൂറ്റാണ്ടിലധികമായി ന്യൂയോർക്കിലെ ലിബറൽ ആർട്സ് കോളജിന്റെ പ്രസിഡന്റായ ലിയോൺ ബോട്ട്സ്റ്റൈനാണ് ജൂണിൽ സ്വയം വിരമിക്കുമെന്ന വിവരം അറിയിച്ചത്. തീരുമാനം അദ്ദേഹം കോളജിനെ അറിയിക്കുകയും ചെയ്തു.
അതേസമയം, എപ്സ്റ്റീനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് 79കാരനായ ബോട്ട്സ്റ്റൈൻ പരാമർശിച്ചിട്ടില്ല. കോളജിലെ അധ്യാപകനായും മ്യുസീഷനായും തുടരുമെന്നും അദ്ദേഹം അറിയിച്ചു. എപ്സ്റ്റീൻ പെൺകുട്ടികളെയും സ്ത്രീകളെയും ചൂഷണം ചെയ്തതിലും ദുരുപയോഗം ചെയ്തതിലും ബോട്ട്സ്റ്റീനിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നില്ല. എന്നാൽ, ലൈംഗിക കുറ്റവാളിയെന്ന നിലയിൽ ശിക്ഷിക്കപ്പെട്ടിട്ടും വർഷങ്ങളായി അദ്ദേഹവുമായി ബന്ധം പുലർത്തിയെന്നാണ് ബോട്ട്സ്റ്റൈനെതിരായ ആരോപണം. കൂടാതെ എപ്സ്റ്റീൽ ഫയൽസിൽ പേര് പരാമർശിക്കപ്പെട്ടവരുമായും അദ്ദേഹം സൗഹൃദം പുലർത്തിയിരുന്നു.
യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ബോട്ട്സ്റ്റൈനും എപ്സ്റ്റീനും പലതവണ കണ്ടുമുട്ടിയതിന്റെ തെളിവുകളുണ്ടായിരുന്നു. എപ്സ്റ്റീൻ ബാർഡ് കോളജിൽ ഹെലികോപ്ടറിൽ എത്തിയതായും 2013ലെ ബിരുദദാന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാനും പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമെ, 2018ൽ എപ്സ്റ്റീൻ ക്രിമിനൽ പ്രോസിക്യൂഷനെക്കുറിച്ചുള്ള വിവരങ്ങൾ ദി മിയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്ത് ആഴ്ചകൾക്ക് ശേഷം ബോട്ട്സ്റ്റീൻ എപ്സ്റ്റീനുമായി ബന്ധപ്പെട്ടതിന്റെയും വിവരങ്ങൾ പുറത്തുവന്നിരുന്നു.
2016ൽ എപ്സ്റ്റീൻ 1,50,000 ഡോളർ പ്രസിഡന്റിന് കൈമാറിയിരുന്നു. കോളജിന് എപ്സ്റ്റീൻ സംഭാവന നൽകിയതാണെന്നാണ് അന്ന് പ്രസിഡന്റ് പറഞ്ഞത്. എപ്സ്റ്റീനുമായി വ്യക്തിപരമായ ബന്ധമില്ലെന്നും എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം കോളജിനായുള്ള ധനസമാഹരണത്തിനായിരുന്നുവെന്നും ബോട്ട്സ്റ്റീൻ മുമ്പ് പറഞ്ഞിരുന്നു.
ആരോപണങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ബാർഡ് കോളജ് തീരുമാനിച്ചിരുന്നു. പ്രസിഡന്റ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ആ ബന്ധത്തിൽ ബാർഡിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾ എടുത്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. കോളജിന് ആവശ്യമായ ഫണ്ട് കിട്ടുന്നത് പരമപ്രധാനമായിരുന്നുവെന്നായിരുന്നു ബോട്ട്സ്റ്റൈന്റെ വാദം. ദൈവത്തിന്റെ ജോലി ചെയ്യാൻ സാത്താൻ പണം നൽകിയാലും ഞാൻ വാങ്ങുമെന്നായിരുന്നു ബോട്ട്സ്റ്റൈന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

