Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹുവിനെതിരെ...

നെതന്യാഹുവിനെതിരെ ഗുരുതര ആരോപണവുമായി സ്വന്തം വക്താവ്, പിന്നാലെ പിരിച്ചുവിട്ടു​; പുറത്തായത് ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ്

text_fields
bookmark_border
നെതന്യാഹുവിനെതിരെ ഗുരുതര ആരോപണവുമായി സ്വന്തം വക്താവ്, പിന്നാലെ പിരിച്ചുവിട്ടു​; പുറത്തായത് ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ്
cancel
camera_alt

പുറത്താക്ക​പ്പെട്ട വക്താവും ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫുമായ സിവ് അഗ്മോൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം

ജറൂസലം: ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നതടക്കം ഗുരുതര ആരോപണങ്ങളും വംശീയ അധിക്ഷേപവും നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വക്താവും ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫുമായ സിവ് അഗ്മോൻ. പിന്നാലെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കി.

നെതന്യാഹുവിന് പുറമെ അ​ദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ ലിക്കുഡിലെ അംഗങ്ങൾ, പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങൾ, മൊറോക്കൻ വംശജരായ ജൂതന്മാർ എന്നിവർക്കെതിരെയാണ് അഗ്മോൻ അധിക്ഷേപവും വംശീയ ചുവയുള്ള പരാമർശങ്ങളും നടത്തിയത്. ​ഇസ്രായേൽ ചാനലുകൾ ചൊവ്വാഴ്ച പുറത്തുവിട്ട ഈ വെളിപ്പെടുത്തലുകൾ ദേശീയ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചിരുന്നു. അഗ്മോനെ പുറത്താക്കണമെന്ന ആവശ്യം ഭരണ-പ്രതിപക്ഷ നിരകളിൽ നിന്ന് ഉയർന്നതോടെയാണ് ധൃതിപിടിച്ചുള്ള നടപടി.

നെതന്യാഹുവിന്റെ ഓഫിസിൽ അതിവേഗം സ്വാധീനമുറപ്പിച്ച വ്യക്തിയാണ് വാർ ​ടൈം പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സിവ് അഗ്മോൻ. ആദ്യം നെതന്യാഹുവിന്റെ വക്താവായും തുടർന്ന് ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായും അദ്ദേഹം ചുരുങ്ങിയ കാലയളവിനുള്ളിൽ ഉയർന്നു. നെതന്യാഹുവിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി അറിയപ്പെട്ടിരുന്ന അഗ്മോന്റെ കരിയറാണ് ഫോൺകോൾ ലീക്കായതോടെ അവസാനിച്ചത്.

‘ഒക്ടോബർ 7ന് ഉത്തരവാദി നെതന്യാഹു, രാജിവെച്ച് വീട്ടിലിരിക്കണം, ലിക്കുഡ് പാർട്ടിയിൽ കള്ളന്മാരും കൊള്ളക്കാരും’ -ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം പ്രധാനമന്ത്രി പദവി രാജിവെച്ച് വീട്ടിലിരിക്കണമെന്നുമാണ് അഗ്മോൻ പറഞ്ഞത്. നെതന്യാഹുവിന്റെ സഖ്യകക്ഷിയും അൾട്രാ ഓർത്തഡോക്സുമായ ‘ഷാസ്’ പാർട്ടിക്ക് പണം തട്ടാൻ മാത്രമേ അറിയാവൂ എന്നും അദ്ദേഹം ആരോപിച്ചു. ‘നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയേക്കാൾ എനിക്ക് അനുയോജ്യം ബെന്നി ഗാന്റ്സിന്റെ 'ബ്ലൂ ആൻഡ് വൈറ്റ്' പാർട്ടിയാണ്. അവിടേക്ക് മാറാൻ താൽപര്യമുണ്ട്. ലിക്കുഡ് പാർട്ടിയിൽ നിലവിൽ തന്നെ കള്ളന്മാരും തട്ടിക്കൊണ്ടുപോകുന്നവരും ഉണ്ട്. ആ പട്ടിക പൂർത്തിയാക്കാൻ ഇനി ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകികളെയും കൂടിയേ ആവശ്യമുള്ളൂ’ -പുറത്തുവന്ന സംഭാഷണത്തിൽ അഗ്മോൻ പറഞ്ഞു.

ഈ പരാമർശങ്ങൾ തന്റേതാണെന്ന് സമ്മതിച്ച അഗ്മോൻ, അവ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്ന് അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ വക്താവായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്റെ സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളാണ് ഇവയെന്നും തനിക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യക്തിഹത്യ ലക്ഷ്യമിട്ടാണ് ഇവ ഇപ്പോൾ പുറത്തുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൊറോക്കൻ ജൂതന്മാരെ കുരങ്ങുകളാണെന്നാണ് അഗ്മോൻ അധിക്ഷേപിച്ചത്. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയാണ് ‘ചാനൽ 12’ അഗ്മോന്റെ വംശീയ നിലപാടുകൾ പുറത്തുവിട്ടത്. മൊറോക്കോ, ഇസ്രായേൽ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുത്തത് മോശമായെന്നും അതിലൂടെയാണ് മൊറോക്കൻ ജൂതന്മാർ ആഫ്രിക്കയിൽ നിന്നുള്ളവരാണെന്നും ഒരു തരം കുരങ്ങുകളാണെന്നും (ബബൂണുകൾ) നമുക്ക് മനസ്സിലായതെന്നും അഗ്മോൻ പരിഹസിച്ചു. ലിക്കുഡ് പാർട്ടിയുടെ പാർലമെൻറ് അംഗങ്ങളായ നിസിം വതുരിയെ ‘ബബൂൺ’ എന്നും ഏലിയാഹു റിവിവോയെ ‘മന്ദബുദ്ധിയായ മൊറോക്കൻ’ എന്നുമാണ് അദ്ദേഹം വിളിച്ചത്. ഇത്തരക്കാർ എങ്ങനെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിക്കുഡ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പട്ടികയിൽ നിലവിൽ തന്നെ കള്ളന്മാരും തട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്. ഇനി ബലാത്സംഗം ചെയ്യുന്നവരും കൊലപാതകികളും കൂടി ഉണ്ടാവണം. സഖ്യകക്ഷിയായ 'ഷാസ്' പാർട്ടിക്ക് പണം തട്ടാൻ മാത്രമേ അറിയാവൂ. നെതന്യാഹുവാണ് ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ഉത്തരവാദി. രാജിവെച്ച് വീട്ടിലിരിക്കണം. പ്രധാനമന്ത്രിയുടെ കുടുംബത്തോട് എനിക്ക് കടുത്ത വിരോധമുണ്ട്. ബെന്നി ഗാൻറ്സിൻറെ നേതൃത്വത്തിലുള്ള 'ബ്ലൂ ആൻഡ് വൈറ്റ്' പാർട്ടിയിലേക്ക് മാറാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ‘കുരങ്ങുകളേക്കാൾ’ എനിക്ക് അനുയോജ്യം ഗാൻറ്സിൻറെ പട്ടികയാണെന്നും അഗ്മോൻ പറഞ്ഞു.

ഫോൺ കോൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണങ്ങളാണ് അഗ്മോൻ നേരിട്ടത്. ഇസ്രായേലിലോ ലിക്കുഡ് പ്രസ്ഥാനത്തിലോ വംശീയതയ്ക്ക് സ്ഥാനമില്ലെന്ന് നീതിന്യായ മന്ത്രി യാരിവ് ലെവിൻ പ്രതികരിച്ചു. വംശീയവാദികളെ നെതന്യാഹു കൂടെ കൂട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് യാർ ഗോലൻ വിമർശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ വംശീയത ലജ്ജാകരമാണെന്ന് യയർ ലാപിഡും പറഞ്ഞു.

അതേസമയം, ആരോപണങ്ങളെ സിവ് അഗ്മോൻ തള്ളിക്കളഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഭീരുക്കൾ പടച്ചുവിട്ടതാണെന്നും തന്റെ കുടുംബത്തിൽ ഭൂരിഭാഗവും മൊറോക്കൻ പാരമ്പര്യമുള്ളവരാണെന്നും അവർക്കെതിരെ വംശീയ വിദ്വേഷം പ്രചരിപ്പിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കുടുംബത്തിന് തന്നെ മൊറോക്കൻ വേരുകളുള്ള സാഹചര്യത്തിൽ ഇത്തരമൊരു ആരോപണം പരിഹാസ്യമാണ്. പ്രസ്താവനകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ വിവാദങ്ങളുടെ കേന്ദ്രമായതിനാലും എന്റെ സാന്നിധ്യം പൊതുചർച്ചകളിൽ ഭിന്നതയുണ്ടാക്കുന്നതിനാലും സ്ഥാനമൊഴിയാൻ തീരുമാനിക്കുകയാണ് -അഗ്മോൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ നൽകിയ പിന്തുണക്ക് നെതന്യാഹുവിനും ഭാര്യ സാറാ നെതന്യാഹുവിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin NetanyahuracismUS Iran WarIsrael Iran WarUS Israel Iran WarZiv Agmon
News Summary - Benjamin Netanyahu spokesman quits after accusations of racism, insulting PM
Next Story