Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഒക്ടോബർ ഏഴി’ലെ സർക്കാർ വീട്ടിലേക്ക് പോകുകയാണ്, നെതന്യാഹു തോറ്റു; കനത്ത തിരിച്ചടിയിലും വിജയപ്രഖ്യാപനവുമായി നഫ്താലി ബെന്നറ്റ്

text_fields
bookmark_border
‘ഒക്ടോബർ ഏഴി’ലെ സർക്കാർ വീട്ടിലേക്ക് പോകുകയാണ്, നെതന്യാഹു തോറ്റു; കനത്ത തിരിച്ചടിയിലും വിജയപ്രഖ്യാപനവുമായി നഫ്താലി ബെന്നറ്റ്
cancel

തെൽ അവീവ്: ഇസ്രായേലിൽ നടന്ന നിർണായക തിരഞ്ഞെടുപ്പിൽ, മാറ്റം ആഗ്രഹിക്കുന്ന പ്രതിപക്ഷ സഖ്യം കേവലഭൂരിപക്ഷമായ 61 സീറ്റുകൾ തികച്ചില്ലെങ്കിലും, നിലവിലെ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയേറ്റുവെന്ന് അവകാശപ്പെട്ട് ബെയ്‌യേചദ് പാർട്ടി നേതാവ് നഫ്താലി ബെന്നറ്റ് . തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷം തെൽ അവീവിലെ പാർട്ടി ആസ്ഥാനത്ത് അർധരാത്രിയോടെ നടത്തിയ വിജയപ്രഖ്യാപന പ്രസംഗത്തിലാണ് ബെന്നറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

നഫ്താലി ബെന്നറ്റും യാതിർ ലാപിഡും ചേർന്ന് രൂപവത്കരിച്ച ‘ബെയ്‌യേചദ്' പാർട്ടിക്ക് 12 മുതൽ 13 സീറ്റുകൾ വരെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഗാദി ഐസൻകോട്ടിന്റെ ‘യഷാർ’ പാർട്ടിക്ക് പിന്നിലാണ് ഇവർ. പ്രതീക്ഷിച്ച വിജയം പൂർണമായി കൈവരിക്കാനായില്ലെങ്കിലും, നെതന്യാഹുവിന്റെ സഖ്യം നേരിട്ട തകർച്ച വലിയൊരു രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് ബെന്നറ്റ് പറഞ്ഞു.

‘ഇസ്രായേൽ ജനതയേ, തലയുയർത്തിപ്പിടിക്കുക! സേവനമനുഷ്ഠിക്കുന്നവരുടെ സഖ്യം, ഡ്രാഫ്റ്റ് ഡോഡ്ജർമാരുടെ (സൈനിക സേവനത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നവരുടെ) സഖ്യത്തെ പരാജയപ്പെടുത്തിയിരിക്കുന്നു’- ബെന്നറ്റ് പ്രഖ്യാപിച്ചു. ‘ഇസ്രായേൽ ജനത എഴുന്നേറ്റുനിന്ന് വിധി എഴുതിയിരിക്കുന്നു. നെതന്യാഹു തോറ്റിരിക്കുന്നു, ഒക്ടോബർ ഏഴിലെ സർക്കാർ വീട്ടിലേക്ക് പോകുകയാണ്. ഒളിച്ചോട്ട സഖ്യം 68 സീറ്റിൽ നിന്ന് 50 സീറ്റുകളായി കൂപ്പുകുത്തിയിരിക്കുന്നു’-അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ഫലങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും എന്നാൽ പ്രതിപക്ഷ സഖ്യകക്ഷികൾ തമ്മിലുള്ള ചർച്ചകളും ഏകോപനങ്ങളും ഇതിനകം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരുവിധ ഈഗോയുമില്ലാതെ, രാജ്യത്തെ ഉത്തരവാദിത്തത്തോടെ മുന്നോട്ടുനയിക്കുന്ന സിയോണിസ്റ്റ് സർക്കാർ രൂപവത്കരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഠിനാധ്വാനം ചെയ്ത പാർട്ടി പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ക്യാമ്പയിൻ സ്റ്റാഫുകൾക്കും ബെന്നറ്റ് നന്ദി പറഞ്ഞു. തന്റെ ഭാര്യ ഗിലാത്തടക്കമുള്ള കുടുംബാംഗങ്ങളെയും, തന്റെ രാഷ്ട്രീയ പങ്കാളിയും അടുത്ത സുഹൃത്തുമായ യായർ ലാപിഡിനെയും അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.

പാർട്ടി ആസ്ഥാനത്ത് ബെന്നറ്റിനൊപ്പം എത്തിയ യായർ ലാപിഡ് എക്സിറ്റ് പോളുകൾ പുറത്തുവന്ന് മിനിറ്റുകൾക്കകം തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘ആരും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ അനുവദിക്കരുത്. നെതന്യാഹുവിന്റെ സഖ്യം കനത്ത പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്’-എന്നായിരുന്നു ലാപിഡിന്റെ പ്രതികരണം.

കഴിഞ്ഞ സർക്കാരിൽ പ്രധാനമന്ത്രിമാരായി സേവനമനുഷ്ഠിച്ച ബെന്നറ്റും ലാപിഡും ചേർന്ന് കഴിഞ്ഞ ഏപ്രിലിലാണ് ‘ബെയ്‌യേചദ്’ പാർട്ടി രൂപവത്കരിച്ചത്. ‘യേഷ് ആതിദ്’ പാർട്ടിയുടെ തലവനായിരുന്നു ലാപിഡ്. മുൻപ് പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷം രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുത്ത ബെന്നറ്റ്, എതിർപക്ഷത്തെ പാർട്ടികളുമായി, പ്രത്യേകിച്ച് മൻസൂർ അബ്ബാസിന്റെ റാം പാർട്ടിയുമായുള്ള മുൻകാല സഖ്യത്തിന്റെ പേരിൽ വലതുപക്ഷത്തുനിന്ന് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.

ആറ് മാസം മുമ്പ് ‘ബെയ്‌യേചദ്’ രൂപവത്കരിച്ചപ്പോൾ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായി ബെന്നറ്റ് ഉയർന്നു വന്നിരുന്നെങ്കിലും, പിന്നീട് ഐസൻകോട്ടിന്റെ പാർട്ടി രൂപീകൃതമായതോടെ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എങ്കിലും അവസാന മാസം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രെൻഡിൽ മാറ്റമുണ്ടാവുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bennett declares victory, October 7 government going home
Next Story