മൂന്ന് ബന്ദികളുടെ മൃതദേഹം കൂടി ഗസ്സയിൽനിന്ന് കണ്ടെടുത്തു
text_fieldsമിഷേൽ നിസെൻബോം, ഓറിയോൺ ഹെർണാണ്ടസ്, ഹനാൻ യബ്ലോങ്ക
ഗസ്സ: മൂന്ന് ഇസ്രായേൽ പൗരന്മാരുടെ മൃതദേഹം കൂടി ഗസ്സയിൽനിന്ന് കണ്ടെടുത്തു. ഹനാൻ യബ്ലോങ്ക, മിഷേൽ നിസെൻബോം, ഓറിയോൺ ഹെർണാണ്ടസ് എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഒക്ടോബർ ഏഴിന് ഇസ്രായേലിലെ മെഫാൽസിമിൽ ഹമാസിന്റെ മിന്നലാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടിരുന്നുവെന്നും മൃതദേഹം ഗസ്സയിലേക്ക് കടത്തുകയായിരുന്നുവെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ട മറ്റു മൂന്ന് ഇസ്രായേലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സൈന്യം അറിയിച്ച് ഒരാഴ്ച തികയുംമുമ്പാണ് പുതിയ പ്രഖ്യാപനം. ഒക്ടോബർ ഏഴിന് 250ഓളം ഇസ്രായേലികളെ ഹമാസ് ബന്ദിയാക്കിയിരുന്നു. ഇതിൽ നൂറോളം പേരെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. നിരവധി ബന്ദികൾ ഗസ്സയിലെ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറോളം പേർ ഇനിയും ബന്ദികളായി ഉണ്ടെന്നാണ് വിലയിരുത്തൽ.
ഹമാസിന്റെ തടവിലുള്ള മുഴുവൻ ഇസ്രായേൽ പൗരന്മാരെയും മോചിപ്പിക്കുമെന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെള്ളിയാഴ്ചയും ആവർത്തിച്ചു. സമവായത്തിലൂടെയല്ലാതെ ബന്ദികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഹമാസും പറയുന്നു.
വെടിനിർത്തൽ ചർച്ചക്ക് യൂറോപ്പിൽ കളമൊരുങ്ങുന്നു
വാഷിങ്ടൺ: ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ യു.എസ് രഹസ്യാന്വേഷണ ഏജൻസി (സി.ഐ.എ) ഡയറക്ടർ വില്യം ബേൺസ് യൂറോപ്പിലേക്ക് തിരിക്കും. മൊസാദ് മേധാവി ഡേവിഡ് ബർണിയ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. ഏത് രാജ്യത്താണ് ചർച്ചയെന്ന് വ്യക്തമല്ല. ഇസ്രായേൽ ചർച്ചക്ക് സന്നദ്ധത അറിയിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.