കൈമാറിയ മൃതദേഹങ്ങളിലൊന്ന് ബന്ദിയുടേതല്ലെന്ന് ഇസ്രായേൽ, 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നു
text_fieldsപ്രതീകാത്മക ചിത്രം
തെൽ അവീവ്: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയ മൃതദേഹങ്ങളിലൊന്ന് ബന്ദിയുടേതല്ലെന്ന് ഇസ്രായേൽ സൈന്യം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിൽ പരിശോധനക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായതെന്ന് സൈന്യം അറിയിച്ചു. അതിനിടെ, ഇസ്രായേൽ കൈമാറിയ 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള പ്രക്രിയ ഗസ്സയിലെ ഫോറൻസിക് അധികൃതർ തുടങ്ങി.
നാസർ ആശുപത്രിയിൽ വെച്ച് മൃതദേഹങ്ങളുടെ ഫോട്ടോയെടുത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ മൃതദേഹങ്ങൾ ഇസ്രായേൽ കൈമാറുമെന്നാണ് പ്രതീക്ഷ. തിരിച്ചറിയൽ രേഖയില്ലാതെ റെഡ്ക്രോസ് വഴിയാണ് ഇസ്രായേൽ മൃതദേഹങ്ങൾ കൈമാറിയത്. ഇവർ ജയിലുകളിൽ മരിച്ചവരാണോയെന്നും ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് കൊണ്ടുപോയ മൃതദേഹങ്ങളാണോയെന്നും വ്യക്തമല്ല.
ചൊവ്വാഴ്ച കൈമാറിയ ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ ചിലത് കണ്ണടച്ച് കൈകൾ ബന്ധിച്ച നിലയിലായിരുന്നുവെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. പലരെയും വെടിവെച്ച് കൊല്ലുകയായിരുന്നെന്നാണ് സൂചന. ചിലരെ ഇസ്രായേലി വാഹനങ്ങൾ ഇടിച്ചുകയറ്റിയാണ് കൊന്നത്.
അതേസമയം ഭക്ഷണം, ഇന്ധനം, മെഡിക്കൽ സാധനങ്ങൾ എന്നിവയുമായി 400 ട്രക്കുകൾ ഗസ്സയിലേക്ക് കൊണ്ടുപോകുമെന്ന് ഈജിപ്ഷ്യൻ റെഡ് ക്രസന്റ് പറഞ്ഞു. ബന്ദികളുടെ മൃതദേഹങ്ങൾ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 600 ട്രക്കുകളിൽ പകുതി മാത്രമേ ഗസ്സയിലേക്ക് കടത്തിവിടൂ എന്ന് ഇസ്രായേൽ സംഘടനയായ ഗോഗാട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബുധനാഴ്ച പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ട്രക്കുകളുടെ എണ്ണത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതേ സംഘടന വിസമ്മതിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ ഗസ്സയിലെ റാഫ അതിർത്തിയിൽ സഹായ സേനയെ വിന്യസിക്കാൻ തയാറാണെന്ന് യൂറോപ്യൻ യൂനിയൻ അറിയിച്ചു.
അതിനിടെ, കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ ഗസ്സയിലെ മരണസംഖ്യ 67,938 ആയി. 25 പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലെ ആശുപത്രികളിൽ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

