ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവെച്ചു, വീണ്ടും വിവാദത്തിൽ ബോറിസ് സർക്കാർ
text_fieldsക്രിസ് പിഞ്ചർ
ലണ്ടൻ: പാർട്ടിഗേറ്റ് അഴിമതിയുടെ നിഴലിൽ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും രാജി കുരുക്കിൽ. ഇത്തവണ കൺസർവേറ്റിവ് പാർട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചറുടെ (52) രാജിയാണ് വിശ്വാസ വോട്ടെടുപ്പിൽ അടുത്തിടെ കഷ്ടിച്ച് കടന്നുകൂടിയ ബോറിസ് ജോൺസണ് വീണ്ടും കുരുക്കാകുന്നത്.
കോവിഡ് നിയമം ലംഘിച്ച് ഡൗണിങ് സ്ട്രീറ്റിൽ പാർട്ടി നടത്തിയതാണ് വിശ്വാസവോട്ടെടുപ്പിൽ എത്തിച്ചത്. പാർലമെന്റ് അംഗങ്ങളുടെ അച്ചടക്കം നോക്കേണ്ട പിഞ്ചർ അമിത മദ്യപാനവും പെരുമാറ്റദൂഷ്യ ആരോപണവും കാരണം വ്യാഴാഴ്ച രാത്രിയാണ് ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചത്.
പ്രധാനമന്ത്രി രാജി സ്വീകരിച്ചു. താൻ അമിതമായി മദ്യപിച്ചിരുന്നതായി രാജിക്കത്തിൽ സമ്മതിക്കുകയും ചെയ്തു. ലണ്ടനിലെ സ്വകാര്യ ക്ലബിൽവെച്ച് രണ്ട് അതിഥികളെ മർദിച്ചെന്ന ആരോപണവും നേരിടുന്നു. പിഞ്ചറെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം വ്യാപകമാണ്. സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷ ലേബർ പാർട്ടി എം.പി യെവെറ്റ് കൂപ്പർ ആവശ്യപ്പെട്ടു. ഭരണത്തിൽ പൊതുജീവിത നിലവാരം എത്രത്തോളം അധഃപതിച്ചുവെന്ന് പുതിയ സംഭവം വ്യക്തമാക്കുന്നതായി അവർ ആരോപിച്ചു. ബ്രിട്ടീഷ് ജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ കഴിയാതെ കൺസർവേറ്റിവ് പാർട്ടി കുത്തഴിഞ്ഞ നിലയിലാണെന്ന് ലേബർ പാർട്ടി ഉപനേതാവ് ഏഞ്ചല റെയ്നർ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.