ഏകമാനവികതയുടെ വിളംബരമായി ബ്രസീൽ ഇസ്ലാമിക ഉച്ചകോടി
text_fieldsബ്രസീലിൽ ആരംഭിച്ച ആഗോള ഇസ്ലാമിക ഉച്ചകോടിയിൽ ഡോ. ഹുസൈൻ മടവൂർ സംസാരിക്കുന്നു
റിയോ ഡെ ജനീറോ (ബ്രസീൽ): വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളുമായി കഴിയുന്ന എല്ലാവരും മനുഷ്യരാണെന്ന യാഥാർഥ്യം അംഗീകരിക്കുകയും ഏക മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ജീവിക്കുകയും ചെയ്യണമെന്ന് ബ്രസീലിൽ ആരംഭിച്ച ആഗോള ഇസ്ലാമിക ഉച്ചകോടി ആഹ്വാനം ചെയ്തു. 10 ബ്രിക്സ് അംഗരാഷ്ട്രങ്ങൾക്ക് പുറമെ 57 മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) പ്രതിനിധികളും പങ്കെടുത്തു.
ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കെ.എൻ.എം ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പ്രബന്ധമവതരിപ്പിച്ചു. വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളും നിരവധി ഭാഷകളുമുള്ള ഇന്ത്യ സഹസ്രാബ്ദങ്ങളായി ബഹുസ്വരതയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്നും കേരളം മത സാഹോദര്യത്തിൽ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ മുസ്ലിം റിലീജ്യസ് ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ഡോ. റോഷൻ അബ്ബാസോവ് അധ്യക്ഷത വഹിച്ചു.
യു.എ.ഇയിലെ മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് ചാൻസലർ ഡോ. ഖലീഫ മുബാറക് അൽ ദൗസരി മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ഓഫ് മുസ്ലിം അസോസിയേഷൻസ് ബ്രസീൽ പ്രസിഡന്റ് ഡോ. അലി ഹുസൈൻ സുഗ്ബി, ഈജിപ്തിലെ വേൾഡ് ഫത്വ അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. ഇബ്റാഹീം നജും, ഇറാൻ ഡെപ്യൂട്ടി മിനിസ്റ്റർ ഹുജ്ജതുൽ ഇസ്ലാം മുഹമ്മദ് മഹ്ദി ഈമാനിപൂർ, ഇന്തോനേഷ്യൻ മതകാര്യ മന്ത്രാലയം ജനറൽ സെക്രട്ടരി ഡോ. ഖമറുദ്ദീൻ അമീൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കൂടാതെ, ബ്രസീലിലെ പ്രമുഖ ക്രൈസ്തവ സഭകളെ പ്രതിനിധാനം ചെയ്ത് റവ. ഡാനിയൽ റാൻഗെൽ (ബ്രസീൽ ആംഗ്ലിക്കൻ ചർച്ച്) ഫാദർ നെൽസൺ അഗസ്റ്റോ ആഗുല (ബ്രസീൽ കത്തോലിക്ക ചർച്ച്), പാസ്റ്റർ ജോസ് റൊബെർട്ടോ കവൽകന്റെ (ബ്രസീൽ യുനൈറ്റഡ് പ്രെസ്ബിറ്റേറിയൻ ചർച്ച്) തുടങ്ങിയവരും സംസാരിച്ചു.
മതസൗഹാർദത്തിന്റെ അഭാവവും മനുഷ്യന്റെ ക്രൂരതയുമാണ് ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിന് കാരണമെന്ന് അവർ പറഞ്ഞു. ഗസ്സയിൽ മുസ്ലിംകൾ മാത്രല്ല, നിരവധി ക്രിസ്ത്യാനികളും യഹൂദരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ കൂട്ടക്കുരുതിക്കിരയായവരുടെ നിത്യശാന്തിക്ക് വേണ്ടി ക്രൈസ്തവ പണ്ഡിതന്മാർ മൗനപ്രാർഥന നടത്തി. സദസ്യർ അതിൽ പങ്കുചേരുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.