ഇന്ത്യക്കാരടക്കം സഞ്ചരിച്ച ബസ് ന്യൂയോർക്കിൽ അപകടത്തിൽപ്പെട്ടു; അഞ്ച് മരണം
text_fieldsന്യൂയോർക്കിലുണ്ടായ ബസ് അപകടം
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ഇന്ത്യക്കാരടക്കം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് മരണം. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ 54 അംഗ വിനോദസഞ്ചാരികളുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. 30 പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 12.30ഓടെയാണ് അപകടമുണ്ടായത്. ബഫല്ലോ നഗരത്തിനടുത്ത് പെൻബ്രോക്കിലെ ദേശീയപാതയിലാണ് സംഭവം. നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് തെക്ക് വടക്ക് 40 മൈൽ അകലെയാണ് അപകടമുണ്ടായ സ്ഥലം.
പരിക്കേറ്റവരെ എറി കൗണ്ടി മെഡിക്കൽ സെന്‍റർ, ബറ്റാവിയയിലെ യുനൈറ്റഡ് മെമ്മോറിയൽ മെഡിക്കൽ സെന്‍റർ, യൂനിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്‍റർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒരു വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവരായിരുന്നു ബസിലെ യാത്രക്കാർ.
നയാഗ്ര കാഴ്ചകൾ കണ്ട് മടങ്ങുകയായിരുന്നു സംഘം. നിയന്ത്രണംവിട്ട ബസ് റോഡിന്‍റെ ഒരുവശത്തേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ചിലർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു പോവുകയും മറ്റ് ചിലർ ബസിനുള്ളിൽ കുടുങ്ങി കിടക്കുകയും ചെയ്തു.
അമിതവേഗതയിലായിരുന്ന ബസിലെ ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസ് നിഗമനം. രക്ഷപ്പെട്ട ഡ്രൈവറെ വിശദമായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.