യു.എസിന്റേത് തീ ആളിക്കത്തിക്കാനുള്ള ശ്രമം –ചൈന
text_fieldsബെയ്ജിങ്: ഏഷ്യൻ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന യു.എസ് മുന്നറിയിപ്പ് അപലപിച്ച് ചൈന രംഗത്ത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റേത് ശീതയുദ്ധ മനോഭാവമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. മേഖലയിലെ രാജ്യങ്ങളുടെ സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ആഹ്വാനത്തെ ഹെഗ്സെത്ത് മനഃപൂർവം അവഗണിച്ചു. പകരം ഏറ്റുമുട്ടലിനായി ശീതയുദ്ധ കാലത്തെ മനോഭാവം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മറ്റേത് രാജ്യത്തേക്കാളും ആധിപത്യ ശക്തി എന്ന് വിളിക്കപ്പെടാൻ ഏറ്റവും യോഗ്യതയുള്ളത് യു.എസിനാണ്. ഏഷ്യ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി. തായ്വാൻ പ്രശ്നം പൂർണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്ന് ഊന്നിപ്പറഞ്ഞ മന്ത്രാലയം, യു.എസ് ഒരിക്കലും തീകൊണ്ട് കളിക്കരുത് എന്നും വ്യക്തമാക്കി.
ദക്ഷിണ ചൈന കടലിൽ ആയുധങ്ങൾ വിന്യസിച്ച യു.എസ്, ഏഷ്യ-പസഫിക് മേഖലയിൽ തീ ആളിക്കത്തിച്ച് പിരിമുറുക്കം സൃഷ്ടിക്കുകയും മേഖലയെ ഒരു പൊടിക്കൈയാക്കി മാറ്റുകയാണെന്നും ആരോപിച്ചു.
സിംഗപ്പൂരിൽ ഇന്തോ-പസഫിക് രാജ്യങ്ങളുടെ സുരക്ഷാ തലവന്മാരുടെ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ്, ചൈനയുടെ സുരക്ഷാ ഭീഷണി നേരിടാൻ മേഖലയിലെ രാജ്യങ്ങൾ പ്രതിരോധ ശക്തി വർധിപ്പിക്കണമെന്ന് ഹെഗ്സെത് ആവശ്യപ്പെട്ടത്. തായ്വാൻ പിടിച്ചെടുക്കാൻ ചൈനയുടെ സൈന്യം തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.