Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാരവൃത്തി ആരോപണത്തിന് പിന്നിൽ സാങ്കേതിക ഉപരോധമെന്ന് ചൈന; എൻവിഡിയ വിവാദത്തിൽ അമേരിക്കക്കെതിരെ ബെയ്ജിങ്
text_fieldsbookmark_border
ബെയ്ജിങ്: ചൈനക്കെതിരായ സാങ്കേതിക ഉപരോധം ശക്തമാക്കാൻ എൻവിഡിയ മേധാവിക്കെതിരായ ചാരവൃത്തി ആരോപണങ്ങൾ അമേരിക്ക മറയാക്കുകയാണെന്ന് ബെയ്ജിങ്. എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് ചൈനീസ് ചാരവൃത്തി നീക്കത്തിന്റെ ഇരയായെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് അമേരിക്കക്കെതിരെ ചൈന രംഗത്തെത്തിയത്. വ്യാജ ചാരവൃത്തി ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ആവശ്യപ്പെട്ടു.
ചൈനയുടെ സാങ്കേതിക പുരോഗതി സ്വതന്ത്രമായ കണ്ടുപിടിത്തങ്ങളിലൂടെയും തുറന്ന സഹകരണത്തിലൂടെയുമാണ് മുന്നേറുന്നത്. സാങ്കേതിക ഉപരോധം ഏർപ്പെടുത്താനുള്ള മറയായി ഇത്തരം ചാരവൃത്തി ആരോപണങ്ങൾ കെട്ടിച്ചമക്കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും മാവോ നിങ് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യക്ക് ആവശ്യമായ ചിപ്പുകളുടെ ലോകത്തെ മുൻനിര വിതരണക്കാരായ എൻവിഡിയയുടെ സഹസ്ഥാപകനാണ് ജെൻസൻ ഹുവാങ്. ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ആലിസ് ഹുവാങുമായി ജെൻസൻ ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡിന്റെ മുൻ എക്സിക്യൂട്ടീവായ ആലിസ് ഹുവാങ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
ഇതിനിടെ ചൈനയിലേക്കുള്ള നൂതന ചിപ്പുകളുടെ വിൽപ്പനക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന് വർഷങ്ങളായി ജെൻസൻ ഹുവാങ് ആവശ്യപ്പെട്ടുവരികയാണ്. കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എൻവിഡിയയുടെ എച്ച്200 ചിപ്പുകൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആധിപത്യത്തിനായുള്ള മത്സരത്തിൽ ബെയ്ജിങ് മുന്നിലെത്തുമെന്ന ആശങ്കയുള്ള ഇരു പാർട്ടികളിലെയും കടുത്ത ചൈനാവിരുദ്ധ നേതാക്കളുടെ എതിർപ്പിനിടെയായിരുന്നു തീരുമാനം.
ഹുവാങിനെ ചുറ്റിപ്പറ്റിയുള്ള ചാരവൃത്തി ആരോപണങ്ങൾ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണെന്നും ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ബെയ്ജിങ് നേരത്തെ പ്രതികരിച്ചിരുന്നു.
അടുത്തയാഴ്ച തെക്കൻ ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിക്കിടെ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ വിവാദം.
Next Story

