ചൈന ക്യൂബയെ രഹസ്യാന്വേഷണ താവളമാക്കി -യു.എസ്
text_fieldsവാഷിങ്ടൺ: ക്യൂബയിൽ വർഷങ്ങളായി ചൈനയുടെ രഹസ്യാന്വേഷണ യൂനിറ്റ് പ്രവർത്തിക്കുന്നതായും 2019ൽ അത് നവീകരിച്ചതായും യു.എസ് ആരോപിച്ചു. യു.എസിലെ ഫ്ലോറിഡയിൽനിന്ന് ഏകദേശം 160 കി.മീ. അകലെയായി ദ്വീപിൽ രഹസ്യാന്വേഷണ സൗകര്യം സ്ഥാപിക്കാൻ ക്യൂബയുമായി രഹസ്യ കരാറിൽ ഏർപ്പെട്ടതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിന് ദിവസങ്ങൾക്കു ശേഷമാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന. ക്യൂബക്ക് കോടിക്കണക്കിന് ഡോളർ നൽകാൻ ചൈന പദ്ധതിയിട്ടതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതിനിടെ യു.എസ് തെളിവുകൾ നൽകാതെ അപകീർത്തികരമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ചില മാധ്യമങ്ങൾ ഇത് പ്രോത്സാഹിപ്പിക്കുന്നുവെന്നും ക്യൂബൻ ഉപ വിദേശകാര്യ മന്ത്രി കാർലോസ് ഫെർണാണ്ടസ് ഡി കോസിയോ ട്വിറ്ററിൽ പറഞ്ഞു.
ചൈനീസ് നിരീക്ഷണ ബലൂൺ അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നുണ്ടായ പിരിമുറുക്കം അവസാനിപ്പിക്കാൻ ബെയ്ജിങ്ങും വാഷിങ്ടണും നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ക്യൂബ കേന്ദ്രമായ ചാരപ്പണി സംബന്ധിച്ച റിപ്പോർട്ട് വരുന്നത്. ജൂൺ 18ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈന സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസം. നേരത്തേ ചാരബലൂൺ വിവാദ പശ്ചാത്തലത്തിൽ യു.എസ് ഉന്നത നയതന്ത്രജ്ഞൻ ചൈനീസ് സന്ദർശനം ഒഴിവാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.