‘ഹുർമുസ് കടലിടുക്ക് തുറക്കുന്നത് പ്രധാന ലക്ഷ്യം’; ഇറാൻ-യു.എസ് ചർച്ചകൾ ഊർജ്ജിതമാക്കാൻ പാകിസ്താനോട് ചൈന
text_fieldsചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
ബീജിങ്: ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിനും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ നീക്കുന്നതിനും പാകിസ്താൻ മധ്യസ്ഥശ്രമങ്ങൾ ശക്തമാക്കണമെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായാണ് ഈ നയതന്ത്ര നീക്കം എന്നത് ശ്രദ്ധേയമാണ്.
മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിൽ പാകിസ്താന്റെ പങ്ക് നിർണ്ണായകമാണെന്ന് ചൈന വ്യക്തമാക്കി. ഇറാനും യു.എസും തമ്മിലുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിലും താൽക്കാലിക വെടിനിർത്തൽ നീട്ടിക്കൊണ്ടുപോകുന്നതിലും ഇസ്ലാമാബാദ് നടത്തുന്ന ഇടപെടലുകളെ വാങ് യി പ്രശംസിച്ചു. അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നതുപോലെ മേഖലയിൽ എത്രയും വേഗം സമാധാനം കൊണ്ടുവരാൻ പാകിസ്താന് സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ഇഷാഖ് ദാർ ചൈനയെ വിശദമായി ധരിപ്പിച്ചു. സംവാദങ്ങളിലൂടെ പ്രശ്നപരിഹാരം കാണാനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് ചൈന നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. മേഖലയിലെ സ്ഥിരതക്കായി ചൈനയുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും തുടരുമെന്നും ചൈനയും സ്വന്തം നിലയിൽ ഇതിനായി സംഭാവനകൾ നൽകുമെന്നും വാങ് യി ഉറപ്പുനൽകി.
ചൈനയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നിർണ്ണായക ചർച്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. യു.എൻ ഉൾപ്പെടെയുള്ള ആഗോള പ്ലാറ്റ്‌ഫോമുകളിൽ ഒന്നിച്ച് ശബ്ദമുയർത്താനും ബഹുതല സഹകരണം ഉറപ്പാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
75-ാം വാർഷികം ഒരു അവസരമായി കണ്ട് ചൈനയുമായുള്ള എല്ലാ മേഖലകളിലെയും സഹകരണം വർധിപ്പിക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നതായി ഇഷാഖ് ദാർ പ്രതികരിച്ചു. ലോകം വലിയ മാറ്റങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിൽ ചൈന-പാക് സഖ്യം ആഗോള സമാധാനത്തിന് അനിവാര്യമാണെന്ന് ഇരുനേതാക്കളും അടിവരയിട്ടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

