ആഭ്യന്തര യുദ്ധം: കോംഗോയിൽ പലായനം ചെയ്തത് 69 ലക്ഷം പേർ
text_fieldsകോംഗോയിലെ സംഘർഷ മേഖലയിൽനിന്ന്
ജൊഹാനസ്ബർഗ്: ഒടുങ്ങാതെ തുടരുന്ന ആഭ്യന്തര സംഘർഷം കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ ഇതിനകം 69 ലക്ഷം പേർക്ക് കിടപ്പാടം നഷ്ടമാക്കിയതായി രാജ്യാന്തര പലായന സംഘടന (ഐ.ഒ.എം) റിപ്പോർട്ട്. ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾക്കൊപ്പം വിമത കലാപങ്ങളും ചേർന്നാണ് രാജ്യത്ത് സാധാരണക്കാരെ പെരുവഴിയിലാക്കുന്നത്.
സംഘട്ടനം ഏറ്റവും കലുഷിതമായി തുടരുന്ന കിഴക്കൻ പ്രവിശ്യകളായ ഉത്തര കിവു, ദക്ഷിണ കിവു, ഇറ്റുറി, തൻഗാനിയിക എന്നിവിടങ്ങളിൽനിന്നാണ് ഏറെ പേരും വീടുവിട്ട് ഓടേണ്ടിവന്നതെന്ന് സംഘടന പറയുന്നു. ഉത്തര കിവുവിൽ മാത്രം 10 ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടമായിട്ടുണ്ട്. ടുട്സി വംശജരായ എം23 എന്ന വിമത വിഭാഗവുമായി നടക്കുന്ന സംഘർഷമാണ് ഏറ്റവുമൊടുവിലെ കൂട്ട പലായനത്തിനിടയാക്കിയത്.
അയൽരാജ്യങ്ങളായ ബുറുണ്ടി, റുവാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽനിന്ന് അഞ്ചു ലക്ഷത്തിലേറെ പേർ അഭയംതേടിയ നാടാണ് കോംഗോ. എന്നാൽ, പുതിയ സംഘർഷങ്ങളെ തുടർന്ന് കൂടുതൽ പേർ അംഗോള, ബുറുണ്ടി, കോംഗോ റിപ്പബ്ലിക്, കെനിയ, മലാവി, റുവാണ്ട, ദക്ഷിണാഫ്രിക്ക, യുഗാണ്ട, താൻസനിയ, സാംബിയ എന്നിവിടങ്ങളിലൊക്കെയും അഭയംതേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുഗാണ്ടയിൽ മാത്രം 98,000 പേർ അഭയം തേടിയതായാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.